കിം ജോങിന്റെ സഹോദരന്റെ വധം: അറസ്റ്റ് ചെയ്ത വനിതയെ മലേഷ്യന്‍ കോടതി വെറുതെവിട്ടു
കോലാലംപൂര്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവതിയെ മലേഷ്യന്‍ കോടതി വെറുതെവിട്ടു. ഇന്തോനേഷ്യന്‍ സ്വദേശിനി സിതി ആസിയയെയാണ് കോലാലംപൂര്‍ കോടതി വെറുതെവിട്ടത്.
വിശദമായ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു പകരം ആസിയയെ സ്വതന്ത്രയാക്കുന്നു എന്നു മാത്രമാണ് കോലാലംപൂര്‍ കോടതി പറഞ്ഞത്.
എന്നാല്‍ ഇതിനര്‍ഥം അവര്‍ കുറ്റവിമുക്തയാണ് എന്നല്ലെന്ന് നിയമവൃത്തങ്ങള്‍ പറഞ്ഞു. കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ വധശിക്ഷ ലഭിക്കേണ്ടതാണ്.
വിധിയില്‍ സന്തോഷമുണ്ടെന്നും മോചിതയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആസിയ പറഞ്ഞു.
2017 ഫെബ്രുവരിയിലാണ് കിം ജോങ് നാം കൊല്ലപ്പെട്ടത്. മക്കാവു ദ്വീപിലേക്കുള്ള യാത്രയ്ക്കായി കോലാലംപൂര്‍ വിമാനത്താവളത്തില്‍ ഇരിക്കവെ കിം ജോങ് നാമിന്റെ മുഖത്തേക്കു വിഷപ്പുക സ്‌പ്രേചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു കേസ്.
സ്‌പ്രേ മുഖത്തുതട്ടി 20 മിനിറ്റിനുള്ളില്‍ നാം മരിച്ചിരുന്നു. കേസില്‍ സിതി ആസിയക്കു പുറമെ വിയറ്റ്‌നാം സ്വദേശിനി ദോന്‍ ഥി ഹോങ്ങിനെയും കൊലക്കുറ്റംചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ വിയറ്റ്‌നാം സ്വദേശിക്കെതിരേ ഉള്ള അത്ര തെളിവുകള്‍ ആസിയക്കെതിരേ ഇല്ലായിരുന്നുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. വിചാരണയ്ക്കിടെ കൊലപാതക ആരോപണം ഇവര്‍ നിഷേധിച്ചിരുന്നു. രണ്ടുസ്ത്രീകള്‍ നാമിന്റെ മുഖത്ത് ബലംപ്രയോഗിച്ച് എന്തോ പുരട്ടുന്നതായി വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവ്.
എന്നാല്‍ ചാനലിന്റെ കുസൃതി പരിപാടിയുടെ ഭാഗമായുള്ള നടപടിയായിരുന്നു അതെന്നും കൊലപാതകശ്രമം ആയിരുന്നില്ലെന്നും ആസിയയും ദോന്‍ ഥി ഹോങ്ങും വിചാരണയ്ക്കിടെ വാദിച്ചു.
കൊലപാതകത്തിനു പിന്നില്‍ നിലവിലെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2011ല്‍ അന്തരിച്ച കിം ജോങ് ഇല്ലിന്റെ പകരക്കാരനായി കിം ജോങ് നാം എത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഉന്‍ ആണ് ഭരണാധികാരിയായത്. പുരോഗമനവാദിയായി അറിയപ്പെട്ടിരുന്ന നാം ഉത്തരകൊറിയയിലെ കുടുംബാധിപത്യത്തിനെതിരേ സംസാരിച്ചത് വലിയ വാര്‍ത്തയായിരുന്നു. 2001ല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ജപ്പാനിലോക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായതോടെയാണ് നാം കിം കുടുംബത്തിന് അനഭിമതനായത്. കൊല്ലപ്പെട്ട ഉന്നിന്റെ അമ്മാവന്‍ ഴാങ് സോങ് തേയുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവ് കൂടിയായിരുന്നു നാം.
കുടുംബാധിപത്യത്തെ വിമര്‍ശിച്ചതിന് 2012ല്‍ നാമിനെതിരേ വധശ്രമവും നടക്കുകയുണ്ടായി.
ഇത്തരം സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാമിന്റെ കൊലയ്ക്കു പിന്നില്‍ ഉന്നിനു പങ്കുണ്ടെന്ന് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇക്കാര്യം ഉത്തരകൊറിയ നിഷേധിച്ചിട്ടുണ്ട്. സംഭവദിവസം ഉത്തരകൊറിയയില്‍നിന്ന് മലേഷ്യയിലെത്തിയ നാലുപുരുഷന്മാരും കേസിലെ പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."