HOME
DETAILS
MAL
മതിയായ വിമാന സര്‍വിസില്ല; റഷ്യയിലെ മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍
backup
May 18 2020 | 05:05 AM
കണ്ണൂര്‍: കൊവിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായ റഷ്യയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്താനാകാതെ പ്രയാസത്തില്‍. റഷ്യയിലെ പതിനഞ്ചോളം പ്രധാന സര്‍വകലാശാലകളില്‍ മൂവായിരത്തിലധികം മലയാളി വിദ്യാര്‍ഥകളാണ് ഉപരിപഠനം നടത്തുന്നത്. വടക്കന്‍ റഷ്യയിലെ അര്‍ഹാംഡല്‍സ്‌ക്‌സിലെ നോര്‍ത്തേണ്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍ മാത്രം ആയിരത്തിലധികം എം.ബി.ബി.എസ് വിദ്യാര്‍ഥികളുണ്ട്. ഇതില്‍ 400ലധികം വിദ്യാര്‍ഥികള്‍ മലയാളികളാണ്. കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷനിലായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ ഇത് അസ്ഥാനത്തായെന്നും വിദ്യാര്‍ഥികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
റഷ്യയില്‍നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എട്ടു വിമാന സര്‍വിസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി, അഹമ്മദാബാദ്, ലക്‌നൗ, ജെയ്പൂര്‍, കണ്ണൂര്‍, ഗയാ, ഗുവാഹത്തി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്കാണ് ഈമാസം സര്‍വിസ് നടത്തുന്നത്. മെയ് 31ന് റഷ്യയിലെ മോസ്‌കോയില്‍നിന്ന് ഡല്‍ഹി വഴി കണ്ണൂരിലേക്ക് വിമാന സര്‍വിസുണ്ടെങ്കിലും മലയാളികളില്‍ വിരളിലെണ്ണാവുന്നവര്‍ മാത്രമേ ഇടം ലഭിച്ചുള്ളൂവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലേക്കുള്ള ഏക വിമാന സര്‍വിസാണ് കണ്ണൂരിലേക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ എല്ലാ സര്‍വിസുകളും ആരംഭിക്കുന്നതു തലസ്ഥാനമായ മോസ്‌കോയില്‍ നിന്നാണെന്നതും വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നു. അര്‍ഹാംഡല്‍സ്‌ക്‌സില്‍നിന്ന് മോസ്‌കോയിലേക്കു 1,277 കിലോമീറ്റര്‍ ദൂരമുണ്ട്. മാര്‍ച്ച് 18 മുതല്‍ സര്‍വകലാശാല ഹോസ്റ്റല്‍ മുറികളില്‍ കുടുങ്ങിയിരിക്കുകയാണു വിദ്യാര്‍ഥികള്‍. സര്‍വകലാശാല അധികൃതര്‍ നാട്ടിലേക്കു മടങ്ങാന്‍ അനുമതി നല്‍കിയെങ്കിലും ഇന്ത്യയിലേക്കു മടങ്ങാനുള്ള മതിയായ വിമാന സര്‍വിസ് ഇല്ലാത്തതാണു വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നത്. സര്‍വകലാശാലയിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ മെയ് 21ന് പൂര്‍ണമായും അവസാനിക്കും.
നാട്ടിലെത്താന്‍ കൂടുതല്‍ സര്‍വിസ് അനുവദിക്കുകയും മോസ്‌കോയ്ക്കു പുറമേ എളുപ്പത്തില്‍ എത്തിപ്പെടാനാകുന്നിടത്തുനിന്ന് വിമാന സര്‍വിസ് നടത്തണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്, തലാഗി വിമാനത്താവളങ്ങളില്‍നിന്ന് സര്‍വിസ് നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്കു നാട്ടിലെത്താന്‍ എളുപ്പമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."