ഖത്തറില്‍ ഈ വര്‍ഷം വേനല്‍ ചൂട് കൂടും
ദോഹ: ഈ വര്‍ഷം ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്. സാധാരണ വേനലിലെ ശരാശരി താപനിലയേക്കാള്‍ കൂടിയ ചൂടാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈയാഴ്ച രാജ്യത്തെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രിക്കടുത്തെത്തുമെന്ന് കാലവാസ്ഥാ വിദഗ്ധര്‍ പറയുന്നു. സാധാരണ ഏപ്രിലില്‍ ശരാശരി കൂടിയ താപനില 33 ഡിഗ്രിയാണ്. കിഴക്കു നിന്ന് തെക്കുകിഴക്കായി വീശുന്ന കാറ്റാണ് ചൂട് കൂടാന്‍ കാരണമെന്ന് ഖത്തര്‍ കാലവാസ്ഥാ വകുപ്പ് അറിയിച്ചു.
ജൂണ്‍ മുതല്‍ ഖത്തറിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ശരാശരിയേക്കാള്‍ കൂടിയ താപനില അനുഭവപ്പെടാനുള്ള സാധ്യത 60 മുതല്‍ 70 ശതമാനംവരെയാണെന്നും കലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും അസാധാരണമാം വിധം പൊള്ളുന്ന വെയിലാണ് രാജ്യത്ത് അനുഭവപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്.
ധാരാളം വെള്ളം കുടിക്കാനും ചൂട് കൂടിയ സമയത്ത് സൂര്യപ്രകാശം നേരിട്ടു പതിക്കുന്നത് ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
ചൂടിനൊപ്പം അലര്‍ജിയും എത്തും
ചൂട് മാത്രമല്ല വേനല്‍ക്കാലത്ത് അലട്ടുന്ന പ്രശ്‌നം. വേനലിന്റെ തുടക്കത്തോടെ അലര്‍ജി രോഗങ്ങള്‍ വര്‍ധിക്കുന്നതും രാജ്യത്ത് സാധാരണമാണ്. തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, കണ്ണ് ചൊറിച്ചില്‍, കഫക്കെട്ട്, തലവേദന തുടങ്ങിയ കാര്യങ്ങള്‍ ഇതിന്റെ ലക്ഷണമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്‍കി. അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പൂമ്പൊടി, കാറ്റ്, പൊടി, മഴ, വളര്‍ത്തു മൃഗങ്ങളുടെ സാമീപ്യം എന്നിവ അലര്‍ജിക്കു ഹേതുവാകുന്നു.
ഇന്‍ഡോര്‍ അലര്‍ജികള്‍ ഒഴിവാക്കാന്‍ ശയന സാമഗ്രികള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നല്ല ചൂട് വെള്ളത്തില്‍ അലക്കുക, അധികമുള്ള ഈര്‍പ്പം കളയാന്‍ ഡിഹ്യുമിഡിഫയര്‍ ഉപയോഗിക്കുക, കാര്‍പറ്റുകള്‍, കുഷ്യന്‍ പിടിപ്പിച്ച ഫര്‍ണീച്ചറുകള്‍, പഞ്ഞി നിറച്ച പാവകള്‍ മുതലായവ മുറിയില്‍ നിന്ന് നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."