പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ തന്നെ; സക്കാത്ത് നല്‍കാന്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കണം- മതനേതാക്കളുമായുള്ള ചര്‍ച്ചയില്‍ ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പെരുന്നാള്‍ നിസ്‌കാരം അവരവരുടെ വീടുകളില്‍ തന്നെ നടത്താന്‍ മുസ്‌ലിം നേതാക്കളുമായുള്ള യോഗത്തില്‍ ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സക്കാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഒഴിവാക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. സക്കാത്ത് വീടുകളില്‍ എത്തിച്ചു കൊടുക്കണമെന്ന നിര്‍ദേശം മതനേതാക്കള്‍ അംഗീകരിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ എന്തുവേണമെന്ന് ആലോചിക്കാന്‍ മുസ്‌ലിം മതനേതാക്കളുമായും മതപണ്ഡിതരുമായും ഇന്ന് കാലത്ത് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.
പെരുന്നാള്‍ ദിനത്തിലെ കൂട്ടായ പ്രാര്‍ഥന ഒഴിവാക്കുന്നതും വിശ്വാസികളെ സംബന്ധിച്ച് വലിയ വേദനയുളവാക്കുന്നതാണെന്ന് നമുക്കറിയാം. എന്നിട്ടും സമൂഹത്തിന്റെ ഭാവിയെകരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നിസ്‌കാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത മതനേതാക്കളെ അഭിനന്ദിക്കുന്നു. അവരുടെ സഹകരണത്തിന് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് നമ്മുടെ ആരാധനാലയങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. വിശ്വാസികളെ സംബന്ധിച്ച് ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ഥിക്കാന്‍ കഴിയാത്തതു ഏറെ മനഃപ്രയാസമുണ്ടാക്കുന്നതാണെന്ന് നമുക്കറിയാം. എന്നാല്‍ മഹാമാരി നിയന്ത്രിക്കാനുള്ള പോരാട്ടത്തില്‍ ഇത്തരം ഒത്തുചേരലുകളൊന്നും അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇക്കാര്യത്തില്‍ മതനേതാക്കളും വിശ്വാസി സമൂഹവും വലിയ സഹകരണമാണ് നല്‍കിവരുന്നത്. ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയുമാണ് കൊവിഡ് 19നെ നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ നമ്മെ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."