ജനവിരുദ്ധ ഭരണവും ജാതിരാഷ്ട്ര അജന്‍ഡകളും
ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും സാക്ഷിയായ രണ്ട് പലായനങ്ങള്‍; 1947, 2020. ഒരേ രാഷ്ട്രീയ ധാരയാണ് രണ്ടിനും ഉത്തരവാദികള്‍ എന്നത് വിചിത്രമായിത്തോന്നാം. പക്ഷേ, ചരിത്രത്തില്‍ നാം വായിച്ചറിയുന്നതും വര്‍ത്തമാനത്തില്‍ കണ്ടനുഭവിക്കുന്നതും വേദനിപ്പിക്കുന്ന ഈ യാഥാര്‍ഥ്യമാണ്. സംഘ്പരിവാറിന്റെ വംശവെറിയന്‍ ജാതി രാഷ്ട്രീയം എങ്ങനെയാണ് ഇന്ത്യയെ തകര്‍ത്തെറിയുന്നതെന്ന്, രണ്ട് പലായനദുരന്തങ്ങളും ബുദ്ധിയുള്ളവരെ ബോധ്യപ്പെടുത്തുന്നുണ്ട്. മാത്രമല്ല, കൊവിഡ് രോഗപീഡയും മരണവും കാരണം ദുരിതത്തിലായ ലോകരാജ്യങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി, അവയോടൊപ്പം പലായനവും പട്ടിണിയും ദുരന്തം വിതക്കുന്ന രാജ്യമായി ബി.ജെപി ഭരണത്തില്‍ ഇന്ത്യ മാറിയിരിക്കുന്നു. കൊവിഡ് കാലത്ത് പട്ടിണിയും പലായനവും ഇവ്വിധം ദുരന്തമായിത്തീര്‍ന്ന മറ്റേതെങ്കിലും രാജ്യമുണ്ടോ? 5000 രൂപക്ക് ഒരു കാളയെ വിറ്റ്, മറ്റേ കാളയോടൊപ്പം സ്വന്തം മകനെ നുകത്തില്‍ കെട്ടിയ, മനുഷ്യന്‍ വലിക്കുന്ന വണ്ടി, ലോക്ക്ഡൗണ്‍ കാലത്ത് ഹൈവേയില്‍ ഓടുന്ന രാജ്യങ്ങളേതെങ്കിലും ഇന്ത്യയല്ലാതെ ലോകത്തുണ്ടോ?
ഇന്ന് ഇന്ത്യന്‍ തെരുവുകള്‍ സാക്ഷിയാകുന്ന തൊഴിലാളികളുടെ നിലവിളികളും പലായനവും കൂട്ടമരണങ്ങളും ഒരര്‍ഥത്തില്‍, 1947ലെ ഇന്ത്യാ വിഭജന നാളുകളെ ഓര്‍മ്മിപ്പിക്കുന്നതാണ്. രണ്ട് പലായനത്തിന്റേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് നോക്കിയാല്‍ തന്നെ പ്രത്യക്ഷ സാമ്യതകള്‍ എളുപ്പം മനസ്സിലാകും. തലയിലെ ഭാണ്ഡക്കെട്ടുകള്‍, ചുമലിലെ പിഞ്ചുകുഞ്ഞുങ്ങള്‍, കയറു തൊട്ടിലില്‍ ചുമക്കുന്ന വൃദ്ധരും രോഗികളും, വഴിയരികില്‍ തളര്‍ന്നു വീഴുന്നവര്‍, മരണങ്ങള്‍. അന്നും ഇന്നും ഒരേ കാഴ്ച്ചകളാണ്. എന്നാല്‍, അടിസ്ഥാനപരമായ സമാനത മറ്റൊന്നാണ്; ലക്ഷക്കണക്കിന് മനുഷ്യരെ പലായനത്തിലേക്കും നിത്യദുരിതങ്ങളിലേക്കും തള്ളിവിട്ട ഇന്ത്യാ വിഭജനത്തിനും, ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ തെരുവ് ദുരന്തത്തിലേക്ക് വലിച്ചെറിഞ്ഞ അടച്ചുപൂട്ടല്‍ കാലത്തെ പലായനത്തിനും യഥാര്‍ഥ കാരണക്കാര്‍ സംഘ്പരിവാറാണ്, അവരുടെ ജാതിരാഷ്ട്ര സങ്കല്‍പ്പം തന്നെയാണ്. ആര്‍.എസ്.എസ് ലക്ഷ്യംവെക്കുന്ന ജാതിരാഷ്ട്ര നിര്‍മ്മിതിയുടെ ഒന്നാംഘട്ട ചുവടുവെപ്പാണ് ഇന്ത്യയെ വിഭജിച്ചതെങ്കില്‍, അതേ ലക്ഷ്യത്തിന്റെ രണ്ടാംഘട്ടമാണ്, ബി.ജെ.പി ഭരണത്തിനു കീഴില്‍ ഇപ്പോള്‍ ഇന്ത്യയെ ദുരന്തഭൂമിയാക്കിയിരിക്കുന്നത്.
ബ്രാഹ്മണ ആധിപത്യമുള്ള ജാതിരാഷ്ട്രം സ്ഥാപിക്കാന്‍, അവിഭക്ത ഇന്ത്യയിലെ കരുത്തരായ മുസ്‌ലിംകളെ പുറംതള്ളേണ്ടതുണ്ടായിരുന്നു. സംഘ്പരിവാറിന്റെ മുന്‍ഗാമികളും പില്‍ക്കാല ആര്‍.എസ്.എസ് നേതാക്കളും ഇന്ത്യാ വിഭജനത്തിന് കോപ്പുകൂട്ടിയത് ഇതിനു വേണ്ടിത്തന്നെയാണ്. രാജ് നാരായണ്‍ ബസു, നഭ ഗോപാല്‍ മിത്ര, ഭായി പരമാനന്ദ, ലാലാ ലജപത് റായ്, ബി.എസ് മൂഞ്ചേ, ഹാര്‍ ദയാല്‍, സവര്‍ക്കര്‍ തുടങ്ങിയ സംഘ്പരിവാറിന്റെ മുന്‍ഗാമികളോ, മുന്‍നിര നേതാക്കളോ ആണ് ഇതിന് നേതൃത്വം നല്‍കിയത്. എല്ലാത്തിനും ഒടുവിലാണ് മുഹമ്മദലി ജിന്നയും സര്‍വേന്ത്യാ മുസ്‌ലിം ലീഗും അത് ഏറ്റെടുത്തത്. അപ്പോഴും പ്രമുഖരായ മുസ്‌ലിം നേതാക്കളും സംഘടനകളും വിഭജനത്തെ എതിര്‍ക്കുകയാണ് ചെയ്തത്. 'ആസാദ് മുസ്‌ലിം കോണ്‍ഫ്രന്‍സിന്റെ' നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വിഭജനത്തിന്നെതിരേ വമ്പിച്ചൊരു സമ്മേളനം തന്നെ നടത്തുകയുണ്ടായി. പക്ഷേ, ഇന്ത്യാ വിഭജനത്തിലൂടെ ജാതിരാഷ്ട്രത്തിന്റെ ഒന്നാം ഘട്ടത്തില്‍ സംഘ്പരിവാര്‍ പാതിമാത്രം വിജയിക്കുകയായിരുന്നു.
പൗരത്വ വിവേചന നിയമത്തിലൂടെ ഇന്ത്യയെ രണ്ടാം വിഭജനത്തിലേക്ക് തള്ളിവിടാന്‍ ശ്രമിച്ച ബി.ജെ.പിയുടെ മോദി ഭരണകൂടം, ജാതിരാഷ്ട്ര രൂപീകരണത്തിന്റെ രണ്ടാം ഘട്ടമാണ് അതുവഴി പൂര്‍ത്തീകരിക്കാന്‍ പദ്ധതിയിട്ടത്. രണ്ട് വിഭജനങ്ങള്‍ക്കും പരസ്പര പൂരകങ്ങളായ രണ്ട് ലക്ഷ്യങ്ങളാണുള്ളത്; ഒന്ന്, മുസ്‌ലിംകളെ പുറംതള്ളുക. രണ്ട്, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന, കീഴാളരെന്ന് മുദ്രകുത്തപ്പെട്ട ജാതിവിഭാഗങ്ങളെ അടിമകളാക്കുക. മേല്‍ജാതിക്കാരുടെ സകല നിഷ്ഠൂരതകള്‍ക്കും കീഴൊതുങ്ങി ജീവിക്കുന്ന ആശ്രിതരെ സൃഷ്ടിക്കുക. പലായനം ചെയ്യുന്നവര്‍ക്ക് പലയിടങ്ങളിലും സഹായഹസ്തവുമായി മുസ്‌ലിം സഹോദരങ്ങള്‍ രംഗത്തുവന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കാണാനിടയായി. മുസ്‌ലിം സാന്നിധ്യം സജീവമായ സാമൂഹികാന്തരീക്ഷത്തില്‍ 'കീഴാള' പീഡനം അത്ര ശക്തിപ്പെടുത്താന്‍ സാധ്യമല്ലെന്ന് ജാതിമേധാവികള്‍ക്ക് ചരിത്രാനുഭവങ്ങളില്‍നിന്ന് ബോധ്യമുള്ളതാണല്ലോ!
സംഘ്പരിവാറിന്റെ ജാതിരാഷ്ട്രത്തില്‍ 'കീഴാള വിഭാഗങ്ങള്‍' നയിക്കേണ്ടി വരുന്ന നരകജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്, ഇപ്പോള്‍ ഇന്ത്യന്‍ തെരുവുകളില്‍ നാം കാണുന്ന കരള്‍ പിളര്‍ക്കും കാഴ്ചകള്‍. ആലോചനാ ശൂന്യവും മനുഷ്യത്വരഹിതവുമായ അടച്ചുപൂട്ടലിനെത്തുടര്‍ന്ന് പലായനം ചെയ്യുന്ന തൊഴിലാളി കുടുംബങ്ങളെ നോക്കൂ. അവരെല്ലാവരും 'താഴ്ന്ന ജാതിക്കാര്‍' എന്ന് അധിക്ഷേപിക്കപ്പെടുന്ന അടിസ്ഥാന ജനവിഭാഗത്തില്‍പ്പെട്ടവരല്ലേ? തെരുവില്‍ ചതഞ്ഞുതീരുന്ന ഈ മനുഷ്യരില്‍ 'ആഢ്യ മേല്‍ജാതിക്കാരില്‍'പ്പെട്ട ആരെങ്കിലുമുണ്ടോ? നടന്നു തളര്‍ന്ന് മരിച്ചുവീഴാറായ ഈ മനുഷ്യര്‍ക്ക് അന്നവും വെള്ളവും കൊടുക്കരുതെന്നാണ്, ആദിത്യനാഥിന്റെ യു.പി പൊലിസ് തിട്ടൂരമിറക്കിയിരിക്കുന്നത്. നടന്നു പോകുന്നവര്‍ക്ക് ഭക്ഷണം കൊടുത്താല്‍ അവര്‍ കേസെടുക്കുകയാണത്രെ! ഭക്ഷണവും വെള്ളവും കിട്ടാതെ പൊരിവെയിലില്‍ കിലോമീറ്ററുകള്‍ നടന്നാല്‍ എത്രപേര്‍ ജീവനോടെ വീടെത്തും? കീഴാള വിഭാഗങ്ങള്‍ മരിച്ചുവീണാലും പ്രശ്‌നമില്ലെന്ന ജാതി മേധാവിത്വമനസ്സ് അതിക്രൂരം തന്നെ! ഈ പലായനത്തിനിടയില്‍ റെയില്‍പ്പാളത്തിലും റോഡപകടങ്ങളിലും പിടഞ്ഞുവീണ ജീവനുകള്‍ താഴ്ന്നജാതിക്കാരന്റേതാകുമ്പോള്‍, ചില മൃഗങ്ങളുടെ വിലപോലും അവര്‍ക്ക് നല്‍കപ്പെടുന്നില്ല. കൊവിഡ് ആശങ്കയില്‍ രാഷ്ട്രീയ സമ്പന്ന പ്രമാണിമാര്‍ക്കു വേണ്ടി ആശുപത്രി സംവിധാനങ്ങള്‍ കരുതി വെച്ച്, പൊതുജനങ്ങളെ വേണ്ടത്ര പരിഗണിക്കാതെ മരിക്കാന്‍ വിടുന്ന നിലപാട് എവിടെയെങ്കിലും സ്വീകരിച്ചിട്ടുണ്ടോ എന്നും ആലോചിക്കേണ്ടതാണ്.
കോടികള്‍ കട്ട് നാടുവിട്ടവരുടെ 'കിട്ടാക്കടങ്ങള്‍' എഴുതിത്തള്ളിയ ബി.ജെ.പി ഗവണ്‍മെന്റ് നടുറോഡില്‍ തളര്‍ന്നുവീഴുന്ന പട്ടിണിപ്പാവങ്ങളെ പുച്ഛിച്ചു തള്ളുന്നു. ജാതി മാറുമ്പോള്‍ നീതി മാറുന്ന, മനുസ്മൃതിയില്‍ അധിഷ്ഠിതമായ ജാതിരാഷ്ട്രത്തിന്റെ ഭാവി ദുരന്തങ്ങളുടെ, വര്‍ത്തമാന സൂചനകള്‍ മാത്രമാണിത്. ജാതിഭ്രാന്ത് നിറഞ്ഞാടിയതിന്റെ ചരിത്രവിവരണങ്ങളും വര്‍ത്തമാനത്തിലെ ദുരന്ത വാര്‍ത്തകളും തുലനം ചെയ്താല്‍ പലതും ആ ഇരുണ്ട കാലത്തിന്റെ ആവര്‍ത്തനങ്ങളാണെന്ന് കാണാനാകും. സംഘ്പരിവാറിന്റെ 'മാതൃകാ സംസ്ഥാനമായ' യു.പിയില്‍ നിന്നുള്ള ചില വാര്‍ത്തകള്‍ ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. കൊവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പദ്ധതികളുടെ പശ്ചാത്തലത്തില്‍, അടുത്ത മൂന്ന് വര്‍ഷത്തേക്ക് തൊഴില്‍ നിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ വലിയ തോതില്‍ വെട്ടിക്കുറക്കുകയും ചെയ്തിരിക്കുകയാണ് യു.പിയിലെ ബി.ജെ.പി ഗവണ്‍മെന്റ്. ഈ നിയമ ഭേദഗതി ഏറ്റവുമധികം ബാധിക്കുക താഴേക്കിടയില്‍ ജോലി ചെയ്യുന്ന കീഴാള വിഭാഗങ്ങളെയായിരിക്കുമെന്ന് അത് പരിശോധിച്ചാല്‍ മനസ്സിലാകും. അടിമകളെപ്പോലെ പണിയെടുക്കേണ്ട അവസ്ഥയാണ് 'താഴ്ന്ന ജാതി'ക്കാര്‍ക്ക് ഇനിയും വരാനിരിക്കുന്നത്.
രാജ്യത്തിന്റെ പൊതുമേഖലകള്‍ മുഴുവന്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍, കൊവിഡിന്റെ മറവില്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതിനു പിന്നിലും ജാതിരാഷ്ട്ര താല്‍പര്യങ്ങളുണ്ട്. പൊതുമേഖലകള്‍ ആദായവില്‍പ്പനക്കുവച്ച ബി.ജെ.പി സ്വകാര്യവല്‍ക്കരണത്തിലൂടെ നേടാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളിലൊന്ന്, പിന്നാക്ക ജാതികളെയും മതന്യൂനപക്ഷങ്ങളെയും പുറംതള്ളുകയാണ്. പൊതുമേഖലയിലെ സംവരണം, പ്രാതിനിധ്യം, അവകാശങ്ങള്‍ തുടങ്ങിയവ സ്വകാര്യ മേഖലക്ക് ബാധകമല്ലാതെ വരുമ്പോള്‍, അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. ഇത്തരം നടപടികളൊന്നും അബദ്ധങ്ങളല്ല, ആസൂത്രിതമാണെന്ന നിരീക്ഷണം, അതുകൊണ്ട് തന്നെ തള്ളിക്കളയേണ്ടതല്ല.
ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും ജനവിരുദ്ധമായ ഗവണ്‍മെന്റും കഴിവുകെട്ട ഭരണവുമാണ് ബി.ജെ.പിയുടെ മോദി സര്‍ക്കാറിന്റേത്. വംശീയ, ജാതിരാഷ്ട്രം ലക്ഷ്യം വെക്കുന്നവര്‍, അത് സ്ഥാപിക്കാന്‍ കഴിയുന്ന, വര്‍ഗ്ഗീയതയില്‍ മുന്നില്‍ നില്‍ക്കുന്നവരെയാണ് അധികാരം ഏല്‍പ്പിക്കുക. ഭരിക്കാനുള്ള കഴിവല്ല, വംശവെറിയുടെ തീവ്രതയും മനുഷ്യവിരുദ്ധതയുടെ ക്രൂരതയുമാണ് മന്ത്രി പദവികളുടെ മാനദണ്ഡമാവുക. യു.പി മുതല്‍ കേന്ദ്രം വരെ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമാകും വിധം, യഥാര്‍ഥത്തില്‍ ജനങ്ങളിലെത്തിയ എത്ര ജനക്ഷേമപദ്ധതികള്‍ ബി.ജെ.പി ഗവണ്‍മെന്റ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ചോദിച്ചാല്‍ നിരാശാജനകമായിരിക്കും ഉത്തരം. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെയും സമ്പദ്‌വ്യവസ്ഥയേയും രക്ഷപ്പെടുത്താന്‍ ചെയ്യേണ്ടത് എന്താണൊ, അതിനു നേര്‍വിപരീതമാണ് മോദി ഗവണ്‍മെന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഉത്തേജക പാക്കേജിന്റെ തൊട്ടടുത്ത ദിവസം ഓഹരി വിപണി തകര്‍ന്നു വീണത് ഇതിന്റെ സൂചനകളില്‍ ചെറുതാണ്.
നോട്ടു നിരോധനം മുതല്‍ ഡല്‍ഹി വംശഹത്യ വരെ, പേടിയും പട്ടിണിയുമാണ് സംഘ്പരിവാര്‍ ഇന്ത്യക്ക് സമ്മാനിച്ചത്. ഗര്‍ഭിണിയായ ഭാര്യയേയും മകളേയും ഉന്തുവണ്ടിയിലിരുത്തി 700 കിലോമീറ്റര്‍ നടന്ന രാമുവും ഗര്‍ഭിണിയായിരിക്കെ ഭരണകൂടം വേട്ടയാടി ജയിലിലടച്ച സഫൂറ സര്‍ഗാറുമാണ് ഇന്നത്തെ ഇന്ത്യയുടെ പ്രതീകങ്ങള്‍! ഒരു ട്രോളിയില്‍ തളര്‍ന്നുറങ്ങുന്ന ഇളം പൈതലിന്റെ ഇന്ത്യ! സ്വന്തം പൗരന്‍മാരെ തിരിച്ചു കൊണ്ടുവരുന്ന വിമാന ടിക്കറ്റിന് പണം വാങ്ങിയതിന്റെ പേരില്‍, ഖത്തറില്‍ നിന്ന് പറന്നുയരാന്‍ അനുമതി നിഷേധിക്കപ്പെട്ട്, നാണംകെട്ട എയര്‍ ഇന്ത്യ! കൊവിഡ് കാലത്ത് ഇതിലപ്പുറം അനാഥമാക്കപ്പെട്ട മറ്റൊരു രാജ്യവും ജനതയും ലോകത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."