അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മഞ്ഞപിത്ത ബാധ; വെള്ളത്തിന്റെ ശുദ്ധിയില്ലായ്മയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
കോതമംഗലം: നെല്ലിക്കുഴിയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മഞ്ഞപിത്ത ബാധക്ക് കാരണം വെള്ളത്തിന്റെ ശുദ്ധിയില്ലായ്മയും ഹോട്ടല്‍ ഭക്ഷണവുമെന്ന് മെഡിക്കല്‍റിപ്പോര്‍ട്ട്.
നെല്ലിക്കുഴി പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം ആദ്യം പടര്‍ന്നു പിടിച്ച ഭയാനകമായ മഞ്ഞപ്പിത്ത ബാധക്ക് ആധാരമായ കാരണങ്ങള്‍ അടങ്ങുന്ന വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത് അരോഗ്യ വകുപ്പിന്റെ വിവിധ ഏജന്‍സികളായ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജി ആലപ്പുഴ, നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പൂനെ, മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് ,അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിഎന്നീ സംഘങ്ങള്‍ പ്രദേശത്ത് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം പൊതു പ്രവര്‍ത്തകനായ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് ലഭിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു നെല്ലിക്കുഴി പഞ്ചായത്തിലുടനീളം മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത്. തുടര്‍ന്ന് രോഗം ബാധിച്ച അഞ്ച് പേര്‍ മരിക്കുകയും രോഗം ബാധിച്ച ആയിരകണക്കിന് ജനങ്ങള്‍ക്ക് ചികിത്സ നല്കുകയും ചെയ്തിരുന്നു.
വൈറസ് ബാധയും, കരളിന്റെ പ്രവര്‍ത്തനത്തെ രോഗം ബാധിച്ചതുമാണ് മരണകാരണമായതെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തല്‍. രോഗം പടരുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ച് രോഗം പടരാനിടയായ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിന് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു.
ഇവരുടെ കണ്ടെത്തലുകള്‍ അടങ്ങുന്ന പ്രാഥമിക റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.
കനാലുകളാലും ഡ്രെയിനേജുകളാലും ചുറ്റപ്പെട്ട പഞ്ചായത്തു പ്രദേശത്തെ ജലത്തിന്റെ ഗുണനിലവാരമില്ലായ്മയാണ് രോഗം പടരാനുള്ള കാരണങ്ങളില്‍ ഒന്നായി മെഡിക്കല്‍ സംഘം വിലയിരുത്തിയിട്ടുള്ളത്. പുതിയതായി നെല്ലിക്കുഴിയില്‍ ആരംഭിച്ച ഹോട്ടലില്‍ നിന്നും തണുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചവരില്‍ രോഗ ബാധയുണ്ടായതായും ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു ഹോട്ടലിന്റെ കിണര്‍ തൊട്ടടുത്ത വീട്ടിലെ ഡ്രെയിനേജിനോട് അഞ്ച് മീറ്റര്‍ മാത്രം അകലത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്നും ഹോട്ടലില്‍ ഉപയോഗിച്ചിരുന്ന ജലത്തിന്റെ ശുദ്ധിയെ ഇത് ബാധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രദേശത്തെ ഐസ് ക്രീം പാര്‍ലറുകളില്‍ നിന്നും മറ്റും ഐസ് ക്രീം, സിപ് അപ് പോലുള്ള ഭക്ഷണപാനീയങ്ങള്‍ ഉപയോഗിച്ച വരിലും രോഗബാധയേറ്റിരുന്നതായി പറയപ്പെടുന്നു.
പഞ്ചായത്തിലുടനീളം കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ ശുപാര്‍ശകളില്‍ പ്രധാനം. പുതിയതായി ആരംഭിക്കുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്കുന്നതിന് മുന്‍പ് ഇവിടുത്തെ ഡ്രെയിനേജ് സംവിധാനം ഫുഡ് സേഫ്റ്റി അധികൃതര്‍ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും, കുടിവെള്ളത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്. ജനങ്ങളില്‍ കൂടുതല്‍ ശുചീകരണ ബോധവത്കരണം ദീര്‍ഘകാലയളവില്‍ നടത്തണമെന്നും ഇത് സമീപ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും പ്രധാന ശുപാര്‍ശകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."