സാമൂഹികവ്യാപനം ഉണ്ടായിട്ടില്ല, ഭയപ്പെടേണ്ടത് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം: ബ്രേക്ക് ദ ചെയിന്‍, റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തമാക്കണം- മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡിന്റെ സാമൂഹികവ്യാപനം കേരളത്തിലുണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാരീരിക അകലം പാലിക്കുക, ആവര്‍ത്തിച്ചു കൈ വൃത്തിയാക്കുക, എന്നിവ നടപ്പാക്കുന്നതിലും ക്വാറന്റൈന്‍ കൃതൃമായി പാലിക്കുന്നതിലും കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു മാത്രം 119 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 46958 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 45527 എണ്ണം നെഗറ്റീവാണ്. 33 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കണ്ണൂരില്‍ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയില്‍ പഞ്ചായത്തുകള്‍. കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവ പുതിയ ഹോട്ട് സ്‌പോട്ടുകളാണ്. കണ്ടൈന്‍മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കും.
ഇന്ന് ആകെ 1297 സാംപിളുകളാണ് പരിശോധിച്ചത്. നമ്മുടെ ബ്രേക്ക് ദ ചെയിന്‍, കോറന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍ എന്നിവ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്. കൂടി വരുന്ന കേസുകള്‍ അതിന്റെ സൂചനയാണ് നല്‍കുന്നത്. കേരളം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചു നിന്നിരുന്നു. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ച പോലെ കൊവിഡ് പൊസീറ്റീവ് രോഗികളുടെ എണ്ണം വര്‍ധിച്ചു.
അടുത്ത ഘട്ടം സമ്പര്‍ക്കം വഴിയുള്ള വ്യാപനമാണ്. എന്നാല്‍ ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം പരിമിതമാണ്. അതിനാല്‍ തന്നെ ഭയപ്പെടേണ്ടത് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനമാണ്. കുട്ടികള്‍, പ്രായമായവര്‍, മറ്റു അസുഖങ്ങളുള്ളവര്‍ എന്നിവരെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധയ്ക്ക് വിധേയമാക്കുന്നത് രോഗവ്യാപനം എത്രത്തോളമുണ്ടെന്ന് അറിയാനാണ്. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലുള്ള 5630 സാംപിളുകള്‍ ശേഖരിച്ചു പരിശോധിച്ചു.
ഇതുവരെ നാല് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനര്‍ത്ഥം കൊവിഡിന്റെ സാമൂഹികവ്യാപനം കേരളത്തിലുണ്ടായിട്ടില്ല എന്നതാണ്. ശാരീരിക അകലം പാലിക്കുക, ആവര്‍ത്തിച്ചു കൈ വൃത്തിയാക്കുക, എന്നിവ നടപ്പാക്കുന്നതിലും ക്വാറന്റൈന്‍ കൃതൃമായി പാലിക്കുന്നതിലും കേരളം മുന്നിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."