സ്‌കൂളുകളില്‍ ഔഷധസസ്യ വൃക്ഷകൃഷി നടപ്പിലാക്കുന്നു
വൈക്കം: നഗരസഭയിലെ സ്‌കൂളുകളില്‍ ഔഷധസസ്യ വൃക്ഷകൃഷി നടപ്പിലാക്കാന്‍ പദ്ധതി. സ്‌കൂളുകളുടെ സ്ഥല ലഭ്യതയനുസരിച്ച് വിവിധയിനം ഔഷധസസ്യങ്ങളും വൃക്ഷങ്ങളുമാണു കൃഷി ചെയ്യുക. പൂര്‍ണമായും പ്രകൃതിദത്തമായ രീതിയില്‍ നടപ്പിലാക്കുന്ന ഔഷധകൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്ന സസ്യങ്ങള്‍ ന്യായമായ വിലക്ക് ഇടനിലക്കാരില്ലാതെ തിരികെ വാങ്ങും.
ഇതോടൊപ്പം ഔഷധ സസ്യങ്ങളെയും രോഗപ്രതിരോധ ചികിത്സാ ക്രമങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിശദമായ ക്ലാസുകളും സംഘടിപ്പിക്കും. ഇതോടൊപ്പം താല്‍പര്യമുള്ള കര്‍ഷകര്‍ക്കും ഔഷധ സസ്യകൃഷിയില്‍ പങ്കാളികളാകാം. സ്‌കൂളുകള്‍ക്കു സൗജന്യമായും കര്‍ഷകര്‍ക്കു നാമമാത്രമായ വിലയ്ക്കുമാണു നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നത്. വൈക്കം ബയോ ജൈവകൃഷി സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് കര്‍ഷകര്‍ക്ക് സൗകര്യങ്ങളൊരുക്കുക.
കര്‍മബോധക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടുകൂടി ഉത്തരവാദിത്വടൂറിസം പദ്ധതിയുമായി ബന്ധിപ്പിച്ചാണ് ഔഷധ സസ്യകൃഷി നടപ്പിലാക്കുന്നതെന്ന് ചെയര്‍മാന്‍ അനില്‍ ബിശ്വാസ് പറഞ്ഞു.
സ്‌കൂളുകളിലെ കൃഷി സാധ്യതകള്‍ നാളെ രാവിലെ കര്‍മബോധക ട്രസ്റ്റ് പ്രതിനിധികള്‍ പരിശോധിക്കും. ഇതുസംബന്ധിച്ച് നഗരസഭ ഹാളില്‍ കൂടിയ ആലോചനായോഗത്തില്‍ ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എ.സി മണിയമ്മ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി ശ്രീകുമാരന്‍ നായര്‍, ഡോ. അനില്‍കുമാര്‍, ഉത്തരവാദിത്വടൂറിസം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."