ഖുര്‍ആനുമായുള്ള സമാഗമം (12) വെളിപാടുകള്‍ ഉണര്‍ത്തുപാട്ടാണ്
മുഴുവന്‍ മനുഷ്യരിലും അല്ലാഹു സംവിധാനിച്ച കാര്യമാണ് മറവി. മറവിയില്ലാത്ത മനുഷ്യരുണ്ടോ? മറവിയില്ലാത്തവന്‍ മനുഷ്യനല്ലെന്നതാണ് വസ്തുത. കേവല മറവിയുമായി ഇതിനെ കൂട്ടിവായിക്കരുത്. അറബിയില്‍ മനുഷ്യനെന്ന പദത്തിന്റെ ഉല്‍പത്തി തന്നെ മറവിയെന്ന പദത്തില്‍ നിന്നാണ് രൂപപ്പെട്ടത്. മറവിയില്ലെങ്കില്‍ മരണമുള്ള മനുഷ്യര്‍ മരണത്തിനു മുന്നില്‍ തളര്‍ന്നു പോകില്ലേ. ഇത്തരം ഭീകര ആഘാതങ്ങളില്‍ മനുഷ്യന് രക്ഷക്കെത്തുന്നത് മനുഷ്യന്റെ മറവി തന്നെയാണ്. ഈ മറവി തന്നെയാണ് സ്രഷ്ടാവില്‍ തുടങ്ങി സ്രഷ്ടാവിലേക്കു തന്നെയുള്ള മനുഷ്യന്റെ ജീവിതയാത്രയെക്കുറിച്ച് മനുഷ്യനെ വിസ്മരിപ്പിക്കുന്നതും.
മനുഷ്യനും സ്രഷ്ടാവും തമ്മിലെ ബന്ധം പരകായ ചര്‍ച്ചക്ക് വിധേയമായ വിഷയമാണ്. മധ്യകാലഘട്ടത്ത് തത്വശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇതൊരു സംവാദത്തിന്റെ സ്വഭാവം തന്നെ കൈവരിച്ചിരുന്നു. സ്രഷ്ടാവ് മനുഷ്യനെ നിരുപാധികം പടച്ചു സ്വതന്ത്രമാക്കിവിട്ടെന്നും അല്ല സ്രഷ്ടാവ് മനുഷ്യനെ നിരന്തരം പിന്തുടരുന്നുണ്ടെന്നും അവന് സൃഷ്ടിയില്‍ പ്രത്യേകം താല്‍പര്യമുണ്ടെന്നുമൊക്കെയാണ് വാദങ്ങള്‍. പ്രമുഖ ഫ്രഞ്ച് ദാര്‍ശനികന്‍ ദെക്കാര്‍ത്തെ പറയുന്നത് സൃഷ്ടിപ്പിനു ശേഷം മനുഷ്യന്‍ പൂര്‍ണ സ്വതന്ത്രനാണെന്നാണ്. തന്റെ കാര്യങ്ങള്‍ മുഴുവന്‍ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ കഴിവും പ്രാപ്തിയുമുള്ള ജീവിയാണ് മനുഷ്യന്‍. ഇവ്വിഷയത്തില്‍ നേര്‍വിപരീതമാണ് ഖുര്‍ആന്റെ ഭാഷ്യം. ജൂതകൃസ്തീയ പാരമ്പര്യങ്ങളിലെ വെളിപാടുകളിലും ഇതേ ഭാഷ്യം തന്നെ കാണാം. ഇസ്‌ലാമില്‍ ഖുര്‍ആന്‍ മാത്രമല്ല, പ്രാക്തന സമുദായങ്ങളില്‍ അവതീര്‍ണമായ തൗറാത്, ഇന്‍ജീല്‍ തുടങ്ങി വെളിപാടു പുസ്തകങ്ങളും അതിനും മുമ്പ് ആദ്യ പ്രവാചകന്‍ ആദം നബിയും പില്‍കാലത്ത് വന്ന പ്രവാചകരും ഇസ്‌ലാമിക വിശ്വാസ ധാരയുടെ അല്ലെങ്കില്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമാണ്. ആധിമ മനുഷ്യന്‍ ആദം നബി മുതലിങ്ങോട്ട് ഇക്കാലം വരെ സ്രഷ്ടാവും സൃഷ്ടിയും തമ്മിലെ സവിശേഷ ബന്ധം വിളിച്ചോതുന്ന എത്രയെത്ര സംഭവങ്ങള്‍ക്ക് കാലം സാക്ഷിയായി.
'മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ട് താങ്കള്‍ക്കവന്‍ സത്യസമേതം ഗ്രന്ഥമിറക്കി. മാലോകര്‍ക്ക് മാര്‍ഗനിര്‍ദേശകമായി നേരത്തെ തൗറാത്തും ഇന്‍ജീലും അവനവതരിപ്പിച്ചിരുന്നു. സത്യാസത്യവിവേചക പ്രമാണവും അവന്‍ ഇറക്കി. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കിയവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്. അവന്‍ പ്രതാപശാലിയും ശിക്ഷാ മുറകള്‍ സ്വീകരിക്കുന്നവനുമാണ്' (ആലു ഇംറാന്‍ 3,4). മനുഷ്യ ജീവിതം വ്യര്‍ത്ഥമല്ലെന്നും അതിന് കൃത്യമായ ലക്ഷ്യവും മാര്‍ഗവും അല്ലാഹു സംവിധാനിച്ചിട്ടുണ്ടെന്നുമാണ് വാക്യത്തിന്റെ സൂചകം. മനുഷ്യസൃഷ്ടിയുടെ അകംപൊരുളറിയുന്ന അല്ലാഹു മറവി സംഭവിക്കുന്ന മനുഷ്യനെ അവന്റെ നേര്‍മാര്‍ഗത്തിലേക്ക് വിളിച്ചുണര്‍ത്താനാണ് ലക്ഷത്തില്‍ പരം പ്രവാചക വൃന്ദവും വെളിപാടുകളും ചരിത്രത്തില്‍ വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങളില്‍ അവതരിപ്പിച്ചത്. അല്ലാഹുവിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ദ്യഷ്ടാന്തങ്ങള്‍ പ്രപഞ്ചത്തിലും പ്രകൃതിയിലും സംവിധാനിച്ച അല്ലാഹു അശ്രദ്ധനും വിലോപിയുമായ മനുഷ്യനോടുള്ള അപാരമായ ദയാവായ്പും സ്‌നേഹവും കാരണമാണ് പ്രവാചകന്മാരാലും വെളിപാടുകളാലും മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക് വിളിച്ചുണര്‍ത്തുന്നത്.
ഈ വാക്യത്തില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളടങ്ങിയിട്ടുണ്ട്. ഒന്ന്, മനുഷ്യന്‍ അലക്ഷ്യമായി സൃഷ്ടിക്കപ്പെട്ട ജീവിയല്ല. അവനെപ്പോഴും അല്ലാഹുവിന്റെ നിരീക്ഷണത്തിനു വിധേയമാണ്. അല്ലാഹു സംവിധാനിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കലോടു കൂടിയാണ് മനുഷ്യന്റെ ഭൂമിയിലെ പ്രതിനിധാനം ഫലവത്താകുന്നത്. രണ്ട്, പിറകെ വരുന്ന ശരീഅത്ത് ആദ്യത്തേതിലെ തെറ്റുകള്‍ ശരിപ്പെടുത്തുന്നതും ശരികള്‍ സ്ഥിരീകരിക്കുന്നതുമാണ്. ഉദാഹരണം ഖുര്‍ആന്‍ മുമ്പുള്ള സമുദായത്തിലെ തിന്മകളെ ശരിപ്പെടുത്തുകയും അല്ലാഹുവിന്റെ ഏകത്വം പോലെ അടിസ്ഥാന കാര്യങ്ങള്‍ സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്. വാസ്തവത്തില്‍ മുമ്പുള്ള ശരീഅത്തുകളെ നിരാകരിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, അവയും നമ്മുടെ സജീവ ശ്രദ്ധയില്‍ ഇടം പിടിക്കേണ്ടതാണ്. വൈവിധ്യങ്ങളെ ഉള്‍വഹിക്കലാണ് തിരസ്‌കരിക്കലല്ല ഇസ്‌ലാമിന്റെ ചൈതന്യം. അല്ലാഹുവിന് താല്‍പര്യമുണ്ടെങ്കില്‍ മനുഷ്യകുലത്തെ മുഴുവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ ഈ വൈവിധ്യമായിരുന്നു അവന്റെ തിരഞ്ഞെടുപ്പ്. മൂന്ന്, ഭൂമിയില്‍ നിന്നും അല്ലാഹുവിലേക്കുള്ള യാത്രയില്‍ മനുഷ്യന്‍ തീര്‍ത്തും തനിച്ചായിരിക്കും. അതുകൊണ്ട് ഭൂമിയില്‍ മനുഷ്യന്‍ ഉത്തരവാദിത്വബോധമുള്ളവനായിരിക്കണം. അവനേല്‍പിക്കപ്പെട്ട അല്ലാഹുവിന്റെ പ്രതിനിധാനത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളും പെരുമാറ്റചട്ടങ്ങളും തീര്‍ത്തും പ്രയോഗത്തില്‍ വരുത്തണം. കണ്ണും കാതും തുറന്നുവെച്ച് സത്യത്തിന്റെ നിറവും സ്വരവും തിരിച്ചറിയണം. നമ്മുടെ ലക്ഷ്യവും മാര്‍ഗവും ഒന്നും മറവിക്ക് വിട്ടു കൊടുക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."