രണ്ടു മാസം കയറിയിറങ്ങിയിട്ടും അപേക്ഷാ രേഖകള്‍ നല്‍കിയില്ല; വില്ലേജ് ഓഫിസില്‍ ആത്മഹത്യാ ഭീഷണി മുഴക്കി ഗൃഹനാഥന്‍
മുക്കം: രണ്ടു മാസത്തോളം വില്ലേജ് ഓഫിസില്‍ കയറിയിറങ്ങിയിട്ടും അപേക്ഷകന് രേഖകള്‍ നല്‍കിയില്ല. ഇതേതുടര്‍ന്ന് ഗൃഹനാഥന്‍ വില്ലേജ് ഓഫിസില്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ വില്ലേജ് ഓഫിസിലാണ് സംഭവം. മരഞ്ചാട്ടി പിലാക്കചാലില്‍ സുലൈമാനാണ് യാതൊരു നിവൃത്തിയുമില്ലാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
മകളുടെ പഠനാവശ്യത്തിനായി സ്വന്തം പേരിലുള്ള ആറേമുക്കാല്‍ സെന്റ് സ്ഥലം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതിന് പട്ടയം ആവശ്യമായതിനെ തുടര്‍ന്ന് ഇദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. അപേക്ഷിച്ച ഫയല്‍ നമ്പര്‍ കിട്ടുന്നതിനായി സുലൈമാന്‍ കഴിഞ്ഞ ഒരു മാസത്തോളമായി കുമാരനെല്ലൂര്‍ വില്ലജ് ഓഫിസില്‍ കയറിയിറങ്ങുകയാണ്. ഫയല്‍ നമ്പര്‍ ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് സ്‌കെച്ചും പ്ലാനും സൈറ്റും തയാറാക്കി നല്‍കേണ്ടതുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി സ്വന്തം വീട്ടില്‍ നിന്ന് കിലോ മീറ്ററുകളോളം സഞ്ചരിച്ച് ദിവസവും വില്ലേജ് ഓഫിസിലെത്തി ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് സുലൈമാന്‍ പറയുന്നത്. സംഭവത്തില്‍ നിരവധി തവണ സുലൈമാന്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച സി.പി.എം പ്രവര്‍ത്തകര്‍ ഈ ആവശ്യവുമായി വില്ലേജ് ഓഫിസറെ ഉപരോധിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചക്ക് മുന്‍പ് രേഖകള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ വെള്ളിയാഴ്ച കഴിഞ്ഞ് തിങ്കളാഴ്ചയും വില്ലേജ് ഓഫിസര്‍ രേഖകള്‍ നല്‍കാന്‍ തയാറായില്ല. മകളുടെ പഠനാവശ്യത്തിനാണ് രേഖകളെന്നും ചൊവ്വാഴ്ചയാണ് അവസാന തിയതിയെന്നും അറിയിച്ചെങ്കിലും വില്ലേജ് ഓസിസര്‍ വഴങ്ങിയില്ല. ഇതോടെ സുലൈമാന്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. അതേസമയം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാരശ്ശേരി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസറെ ഉപരോധിച്ചു. വൈകിട്ട് മൂന്നിന് തുടങ്ങിയ ഉപരോധം ഏഴു വരെ നീണ്ടു. ഇതോടെ വില്ലേജ് ഓഫിസര്‍ക്ക് പുറത്തു പോകാനായില്ല. സംഭവം സംഘര്‍ഷത്തിലേക്കു നീങ്ങിയതോടെ തഹസില്‍ദാര്‍ അനിതകുമാരി, മുക്കം പൊലിസ് എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ച് ഇന്ന് എല്ലാ രേഖകളും നല്‍കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകരായ സജി തോമസ്, മാന്ത്ര വിനോദ്, വി. ജയപ്രകാശ്, ഇ.പി അജിത്ത്, കെ. സുരേഷ്, ഇ. ബൈജു എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."