നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഭൂമി അളക്കാതെ മടങ്ങി
മേപ്പാടി: മൂപ്പൈനാട് വില്ലേജിലെ കാടാശേരിയില്‍ ഭൂമി അളന്ന് തിരിക്കാന്‍ പൊലിസ് കാവലില്‍ സുല്‍ത്താന്‍ ബത്തേരി സബ് കോടതി നിയമിച്ച കമ്മിഷന്‍ എത്തിയെങ്കിലും ഭൂമി അളക്കാതെ സംഘം മടങ്ങി.
നാട്ടുകാരുടെ ചെറുത്തു നില്‍പ്പും പരാതിക്കാരന്‍ സ്ഥലത്ത് എത്താതിരുന്നതും കണക്കിലെടുത്താണ് ഭൂമി അളക്കാനുള്ള ശ്രമം ഉപേക്ഷിച്ച് സംഘം മടങ്ങിയത്. ഇന്നലെ രാവിലെ പതിനൊന്നിനാണ് കമ്മിഷന്‍ അംഗങ്ങക്കായ അഡ്വ. മത്തായി, അഡ്വ. രതീഷ് എന്നിവരും കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘവും സ്ഥലതെത്തിയത്. വിവാദ ഭൂമിയുടെ അര കിലോമീറ്റര്‍ അകലെ പ്രദേശവാസികള്‍ പ്രതിരോധ വലയം തീര്‍ത്തു. പൊലിസ് തിരിച്ചു പോകണമെന്ന് സമരക്കാര്‍ ആവശ്യപെട്ടു. തുടര്‍ന്ന് പരാതിക്കാര്‍ സ്ഥലത്ത് എത്തിയിട്ടില്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥ സംഘം മടങ്ങുകയായിരുന്നു.
കോഴിക്കോട് സ്വദേശികളും സഹോദരങ്ങളുമായ ഫാത്തിമത്തു സുഹറ, അബ്ദുറഹ്മാന്‍ എന്നിവരാണ് പ്രദേശത്തെ നൂറ്റി നാല്‍പത് ഏക്കര്‍ ഭൂമിക്ക് അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ഭൂമി അളക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സ്ഥലത്ത് കോടതിയില്‍ നിന്നുള്ള സംഘം എത്തിയത്.
ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറോളം പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പ്രദേശവാസികള്‍ നിലമ്പൂര്‍ കോവിലകത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വില കൊടുത്ത് വാങ്ങിയ ഭൂമിയാണിത്. പട്ടയം അടക്കം എല്ലാ രേഖകളും ഇവരുടെ ഭൂമിക്കുണ്ട്. നൂറ്റി അമ്പതോളം കുടുംബങ്ങളാണ് ഇവിടുത്തെ താമസക്കാര്‍. എന്ത് വില കൊടുത്തും തങ്ങളുടെ ഭൂമി സംരക്ഷിക്കുമെന്ന നിലപാടിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."