പേരിടീല്‍ ചടങ്ങിന് നൂലുമായി ക്ഷേത്രത്തില്‍ നിന്ന് രജനി ഇറങ്ങിയത് മരണത്തിലേക്ക്
ഏറ്റുമാനൂര്‍: സന്തോഷം അലതല്ലിനിന്ന വെമ്പള്ളി പുതുപ്പറമ്പില്‍ വീട്ടിലേക്ക് രജനിയുടെ മരണവാര്‍ത്ത കടന്നെത്തിയത് ഏവരെയും ദുഖിപ്പിച്ചുകൊണ്ട്.
രജനിയുടെ മൂത്ത സഹോദരി രശ്മിയുടെ കുട്ടിയുടെ പേരിടീല്‍ ചടങ്ങായിരുന്നു ഇന്നലെ. പേരിടീലിന്റെ ഭാഗമായി കുട്ടിയുടെ അരയില്‍ കെട്ടാനുള്ള നൂല്‍ ക്ഷേത്രത്തില്‍ പൂജിച്ച് മേടിക്കുവാന്‍ പോയതാണ് രജനി. പക്ഷെ പൂജിച്ച് മേടിച്ച നൂലുമായി വീട്ടില്‍ തിരിച്ചെത്താനോ കുട്ടിയുടെ അരയിലത് ചാര്‍ത്താനോ വിധി സമ്മതിച്ചില്ല. വെമ്പള്ളി ദേവി ക്ഷേത്രത്തില്‍ നിന്നും കുട്ടിയുടെ അരയില്‍ ചാര്‍ത്താനുള്ള നൂല്‍ പൂജിച്ച് വാങ്ങി വഴിപാടുകളും നടത്തിയാണ് രജനി പെട്രോള്‍ അടിക്കാനായി കാളികാവിലേക്ക് പോയത്. പക്ഷെ രജനി തിരിച്ചെത്തിയില്ല. പകരം എത്തുന്നത് അപകടത്തില്‍ പരിക്കേറ്റ രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയായിരുന്നു.
ബന്ധുക്കള്‍ ആശുപത്രിയില്‍ ഓടിയെത്തിയപ്പോഴേക്കും രജനി ലോകത്തോട് തന്നെ വിട പറഞ്ഞിരുന്നു. ഇതോടെ രശ്മിയുടെ കുട്ടിയുടെ പേരിടീല്‍ ചടങ്ങ് മാറ്റിവെക്കുകയും ചെയ്തു.പുതുപ്പറമ്പില്‍ രമണന്‍ -രാധ ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയ ആളായ രജനിയുടെ ഭര്‍ത്താവ് കുമരകം സ്വദേശി അനീഷ് സൗദിയിലാണ്. തന്റെ അമ്മ ഇനി തിരിച്ച് വരില്ലെന്നുള്ള സത്യം ഉല്‍കൊള്ളാനാവാതെ മൂന്ന് വയസുകാരന്‍ ആദിദേവ്.
തീര്‍ത്തും കരളലിയിക്കുന്ന കാഴ്ചകളാണ് കാണക്കാരിയില്‍ രജനി താമസിക്കുന്ന വീട്ടിലും സഹോദരിയുടെ വീട്ടിലുമായി കാണാനായത്.
രജനിയുടെ സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് സഹോദരി രശ്മിയുടെ വയലായിലുള്ള വീട്ടുവളപ്പില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."