105 ആരോഗ്യപ്രവര്‍ത്തകര്‍ യു.എ.ഇയില്‍
കൊച്ചി: യു.എ.ഇ സര്‍ക്കാരിന്റെ കൊവിഡ് പോരാട്ടത്തിന് കൂടുതല്‍ കരുത്തു പകരാന്‍ ഇന്ത്യയില്‍നിന്നുള്ള 105 അംഗ മെഡിക്കല്‍ സംഘം യു.എ.ഇയില്‍.
അത്യാഹിത പരിചരണ നഴ്‌സുമാരും പാരാമെഡിക്കല്‍ വിദഗ്ദരും അടക്കമുള്ള സംഘമാണ് അബുദാബിയില്‍ എത്തിയത്. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍നിന്നു പുറപ്പെട്ട സംഘം രാവിലെയാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
എത്തിഹാദ് എയര്‍വേയ്‌സിന്റെ ചാര്‍ട്ടഡ് വിമാനത്തിലായിരുന്നു അടിയന്തര സേവനത്തിനായുള്ള സംഘത്തിന്റെ യാത്ര. ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളുടെ പൂര്‍ണപിന്തുണയോടെയാണ് ദൗത്യം .
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ആരോഗ്യമേഖലയില്‍ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപ്പൂര്‍ പറഞ്ഞു.
യു.എ.ഇയിലെത്തിയ 105 അംഗ സംഘത്തില്‍ 75 പേരെ പുതുതായി റിക്രൂട്ട് ചെയ്തതാണ്. വി.പി.എസ് ഹെല്‍ത്ത് കെയറാണ് മെഡിക്കല്‍ സംഘത്തെ റിക്രൂട്ട് ചെയ്തത്. അടിയന്തര പരിചരണത്തില്‍ വൈദഗ്ധ്യമുള്ള നഴ്‌സുമാര്‍, ഡോക്ടര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ ഇതിലുണ്ട്.
ഇതിനു പുറമെ യു.എ.ഇയിലെ ആരോഗ്യ രംഗത്ത് പരിചയ സമ്പന്നരായ 30 പേരും. അവധിക്ക് നാട്ടില്‍വന്നു തിരിച്ചു പോവാനാകാതെ കുടുങ്ങിയതാണിവര്‍. ഇന്ത്യന്‍ എംബസി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്, മിനിസ്ട്രി ഓഫ് ഫോറിന്‍ അഫെയര്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍, ഇന്ത്യന്‍ സര്‍ക്കാര്‍ എന്നിവരുടെ പൂര്‍ണപിന്തുണയാണ് തുടക്കം മുതല്‍ ദൗത്യത്തിന് ലഭിച്ചിരുന്നത്.
വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങള്‍ യാത്രയ്ക്ക് ആവശ്യമായ അനുമതി നല്‍കിയിരുന്നു.
യു.എ.ഇയിലെ ഏറ്റവും വലിയ കൊവിഡ് പരിശോധന പദ്ധതിയായ നാഷണല്‍ കോവിഡ് സ്‌ക്രീനിംഗ് പദ്ധതിയിലെ സ്വകാര്യ പങ്കാളിയാണ് വി.പി.എസ്. അബുദാബിയിലെ പുതിയ ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റി. ഇതോടൊപ്പം പ്രവാസികള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമായി പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."