റഫാല്‍ ഹരജി വിധി പറയാന്‍ മാറ്റി: രേഖകള്‍ മോഷ്ടിച്ചതുതന്നെയെന്ന് അഡ്വ.ജനറല്‍
ന്യൂ ഡല്‍ഹി: റഫാല്‍ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയുന്നതിനായി മാറ്റി. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തിയ രേഖകള്‍ റഫാല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു.
അതേ സമയം റഫാല്‍ പോര് വിമാന ഇടപാടില്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച രേഖകള്‍ മോഷ്ടിച്ചതു തന്നെയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. അനുമതിയില്ലാതെയാണ് കോടതിയില്‍ റഫാല്‍ രേഖകള്‍ ഹാജരാക്കിയിരിക്കുന്നത്. ഔദ്യോഗിക രഹസ്യസ്വഭാവമുള്ള രേഖകള്‍ അനുമതിയില്ലാതെ പരസ്യമാക്കാനാവില്ലെന്നും ഈ രേഖകള്‍ മോഷ്ടിച്ചതുതന്നെയെന്നും എ.ജി വാദിച്ചു.
രേഖകള്‍ ചോര്‍ത്തുകയോ, മോഷ്ടിക്കുകയോ ചെയ്തതാണെങ്കില്‍ എന്തുകൊണ്ട് കേസെടുത്തില്ല എന്ന് ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷന് ചോദിച്ചു. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് പൊതുജനത്തിന് മുന്നിലുള്ള രേഖയാണ് കോടതിയില്‍ നല്‍കിയത്.
അഴിമതി പുറത്തുകൊണ്ടുവരാന്‍ വേണ്ടി മാത്രമായിരുന്നു ഈ ശ്രമം. രേഖകള്‍ ഉള്‍പ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദമാണ് രാജ്യസുരക്ഷക്ക് ഭീഷണിയെന്നും പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. അഴിമതി കേസുകളില്‍ ആവശ്യമെങ്കില്‍ രഹസ്യരേഖകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറാനാകുമെന്ന് വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. കേസ് വിധി പറയാനായി സുപ്രീം കോടതി മാറ്റിവെച്ചു.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്ന രഹസ്യ രേഖകള്‍ റഫാല്‍ കേസില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നതിലായിരുന്നു ഇന്നത്തെ വാദം കേട്ടത്. ഇക്കാര്യത്തില്‍ തീരുമാനം എടുത്ത ശേഷമേ റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."