കാവാലം മഹോത്സവം തിരുമുടിയേറ്റ് ഇന്ന്
കൊല്ലം: കാവാലം നാരായണപ്പണിക്കരുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ കൊല്ലം കാവാലം മഹോത്സവം തിരുമുടിയേറ്റ് ഇന്ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒന്‍പതിന് കെ. രവീന്ദ്രനാഥന്‍ നായര്‍ മഹോത്സവത്തിന് തിരിതെളിയിക്കും.
10ന് 'തനത്ചിത്രകലാപ്രദര്‍ശനം' ചലചിത്ര സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'കാവാലം കൃതികളിലെ നാടോടി വഴക്കവും തഴക്കവും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കെ. കലാധരന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ജോ. ആനന്ദ് കാവാലം, ഡോ. നന്ദിയത്ത് ഗോപാലകൃഷ്ണന്‍, ഡോ. വി. ജയരാജ്, ഡോ. സഞ്ജീവന്‍ അഴീക്കോട് പങ്കെടുക്കും.
ഉച്ചയ്ക്ക് 2.30ന് ഡോക്യൂമെന്ററി പ്രദര്‍ശനം നടക്കും. കാവാലത്തിന്റെ ശിഷ്യനായ ശിവമോഹന്‍ തമ്പിയാണ് സംവിധാനം. വൈകിട്ട് നാലിന് സോപാനം കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കാവാലം നാട്ടുപാട്ടരങ്ങും അഞ്ചിന് തൃക്കരിപ്പൂര്‍ ഫോക്‌ലാന്റ് കെ. കുമാരന്റെ നേതൃത്വത്തില്‍ വടക്കന്‍ കേരളത്തിലെ ഗോത്രകലയായ ചിമ്മാനം കളിയും നടക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യ ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മധു മുഖ്യാതിഥിയാകും. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് കാവാലം രചനയും സംവിധാനവും നിര്‍വഹിച്ച 'കല്ലുരുട്ടി' നാടകം അവതരിപ്പിക്കും. കാവാലത്തിന്റെ നാടക സംഘമായ സോപാനമാണ് നാടകം അവതരിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."