ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം
മസ്കത്ത്: മുപ്പത്തിയഞ്ച് വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിച്ച് രോഗിയായി അവശനിലയിൽ കഴിയുന്ന കൊല്ലം പരവൂർ സ്വദേശി ലേഖൻ സുകേഷന്‍ നാട്ടിലേക്ക് തിരിക്കുന്നു. മസ്കറ്റ് റൂവി കെ.എം.സി.സി.യുടെ സഹായത്തോടെയാണ് ലേഖൻ നാട്ടിലേക്ക് തിരിക്കുന്നത് .
കൂടപ്പിറപ്പുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി കടബാധ്യതകൾ അവസാനിക്കുമ്പോഴേക്കും ലേഖന്റെ ജീവിതത്തിലെ നല്ല സമയങ്ങൾ ഒരു പ്രവാസിയായി കഴിഞ്ഞിരുന്നു. അമ്മയുടെ മരണം , സഹോദരിയൂടെ വിവാഹം, ഒടുവിൽ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ പോലുമാകാതെ കഴിഞ്ഞ വർഷങ്ങളത്രയും ലേഖൻ ഒമാനിൽ കഴിയുകയായിരുന്നു. വിസയും മതിയായ രേഖകളും ഇല്ലാതെ വർഷങ്ങളായി കഴിഞ്ഞ ഇദ്ദേഹത്തിന്റെ ദു സ്ഥിതി മനസ്സിലാക്കി കെ.എം.സി.സി ഭാരവാഹികളായ റഫീഖ് ശ്രീകണ്ഠപുരം, അമീർ കാവനൂർ, മുഹമ്മദ് വാണിമേൽ, സുലൈമാൻ തൃക്കരിപ്പൂർ, അശ്രഫ് കിണവക്കൽ എന്നിവരുടെ നേതൃത്വത്തിൽ വൈദ്യസഹായവും ഭക്ഷണവും നൽകി ഒപ്പം നാട്ടിലേക്ക് തിരിച്ചയക്കാനുള്ള പരിപാടികളും തയാറാവുന്നത്. തൊഴിൽ മന്ത്രാലയത്തിൽ ഇദ്ദേഹത്തിന്റെ പിഴ മുഴുവൻ കെഎംസിസി നേതൃത്വത്തിൽ ഒഴിവാക്കുകയും റോയൽ ഒമാൻ പോലീസ് യാത്രാ രേഖകൾ ശരിയാക്കി നൽകുകയും ചെയ്യുകയായിരുന്നു. മതിയായ യാത്രാ രേഖകൾ ഇല്ലാത്ത ലേഖനു ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് എമർജൻസി പാസ്സ്പോർട്ടും ശരിയാക്കിയിട്ടുണ്ട്.
അവിവാഹിതനായ ലേഖന് ബന്ധുക്കൾ മാത്രമാണുള്ളത്. ഭവന രഹിതരായ ഇവരാകട്ടെ കൂലിവേല ചെയ്തു വാടകവീട്ടിലാണ് താമസിക്കുന്നത്. കാഴ്ചശക്തി നഷ്ടപ്പെടുകയും നിരവധി രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുകയും ചെയ്യുന്ന ഇദ്ദേഹത്തിൻറെ സ്ഥിതി വഷളാകും എന്നതിനാൽ മസ്കറ്റ് കെഎംസിസി ദേശീയ കമ്മറ്റി മുൻ ട്രഷററും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ആയ കൊല്ലം സ്വദേശി കെ.യൂസഫ് സലിം, പത്തനാപുരം ഗാന്ധിഭവൻ കോഡിനേറ്റർ സിദ്ദീഖ് മംഗലശ്ശേരി,സെക്രട്ടറി സോമരാജൻ എന്നിവരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ലേഖൻ സുകേഷനു ‘ഗാന്ധിഭവനിൽ’ എല്ലാ സൗകര്യങ്ങളും നൽകി പാർപ്പിക്കുന്നതിന് വേണ്ട ഏർപ്പാടുകൾ ചെയ്തു കഴിഞ്ഞു. മലബാർ ഗോൾഡ് ന്റെ സഹായത്തോടെയാണ് നാട്ടിലേക്കുള്ള മടക്കയാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."