സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി
കൊച്ചി: കാൽ ലക്ഷത്തോളം കായിക പ്രതിഭകൾ കുതിച്ചുപായുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ശബ്ദമുയരാൻ എട്ട് നാൾമാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ തകൃതി. അത്‌ലറ്റിക്‌സ് മത്സരങ്ങൾ നടക്കുന്ന പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്കിന്റെ പുനർനിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്.
ട്രാക്ക് മാർക്ക് ചെയ്യുന്നതും നമ്പർ ഇടുന്നതുമായ പ്രവർത്തനങ്ങളാണ് ഇനി അവശേഷിക്കുന്നത്. ലോങ്ജംപ് പിറ്റിനോട് ചേർന്നുള്ള ട്രാക്കിന്റ പ്രവർത്തനവും പുരോഗമിക്കുന്നുണ്ട്. നാല് ദിവസത്തിനുള്ളിൽ സിന്തറ്റിക് ട്രാക്കിന്റെ പുനർനിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരുക്കുങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലാവിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ സുപ്രഭാതത്തോട് പറഞ്ഞു.
ഗ്രേറ്റ് സ്‌പോർട്‌സ് എന്ന കമ്പനിയുടെ 30തൊഴിലാളികളാണ് ട്രാക്കിന്റെ പ്രവർത്തനം നടത്തുന്നത്. ട്രാക്കിന്റെ പ്രവർത്തനം പൂർത്തിയായതിനുശേഷമായിരിക്കും പുല്ലുവെട്ടലുൾപ്പെടെയുള്ള പജോലികൾ തുടങ്ങുക. ഗ്രൗണ്ടിലും ഗ്യാലറിയിലുമൊക്കെയുള്ള പ്ലാസ്റ്റിക് ചാക്കുകളുൾപ്പെടെയുള്ള മാലിന്യങ്ങളുടെ നീക്കവും വെല്ലുവിളിയാണ്.ക്ലീൻ കേരള ശുചീകരണ പ്രവർത്തനം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ പൂർത്തിയാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
നാലാം തിയതി കായികമേളയ്ക്ക് തുടക്കമാകുമെങ്കിലും ഏഴാംതിയതിമുതലാണ് അത്ലറ്റിക്‌സ്മത്സരം നടക്കുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി കൺവിനർ ടി.യു സാദത്ത്, ജോയിന്റ് കൺവീനർ രഞ്ജിത്ത് മാത്യു, അജുമോൻ പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുഖ്യവേദിയിലെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."