സിവില്‍ സര്‍വിസ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വിസ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സിവില്‍ സര്‍വിസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് സംസ്ഥാന സിവില്‍ സര്‍വിസ് അക്കാദമി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശാക്തീകരണം സംബന്ധിച്ച് ഗൗരവമായ ചിന്തകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റം സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. അതു നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. മത്സരരംഗത്ത് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ പിന്നാക്കം പോകുന്നതിനുള്ള കാരണങ്ങള്‍ മനസിലാക്കി നടപടികള്‍ സ്വീകരിച്ചുവരികയാണ്.
മികവുള്ളവര്‍ ഉന്നതസ്ഥാനങ്ങളില്‍ ഉണ്ടാകണം. പുതിയതായി സിവില്‍ സര്‍വിസിലെത്തുന്നവര്‍ സര്‍വിസില്‍ വലിയ വിജയം നേടിയവരെ മാതൃകയാക്കി പ്രവര്‍ത്തിക്കണം. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരോട് പ്രത്യേക കരുതല്‍ ഉണ്ടാകണം. ഉന്നതശ്രേണിയിലുള്ളവര്‍ക്ക് ആരും സഹായിക്കാതെതന്നെ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പക്ഷേ, പാവങ്ങള്‍ക്ക് അതിനു കഴിവുണ്ടാവില്ല. അവര്‍ക്കായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു കരുതലുണ്ടാണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, സിവില്‍ സര്‍വിസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി. ബാബു പോള്‍, ഡയരക്ടര്‍ പി. അനിത ദമയന്തി, സീനിയര്‍ ഫാക്കല്‍റ്റി മെംബര്‍ പ്രൊഫ. ടി. നന്ദകുമാരന്‍, അക്കാദമി ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. ഗംഗാധരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."