മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേശകനാകുന്നത് പാര്‍ട്ടി ശത്രു
പാലക്കാട്: മുന്‍ ഡി.ജി.പി രമണ്‍ശ്രീവാസ്തവയെ ചീഫ് സെക്രട്ടറി റാങ്കില്‍ മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേശകനായി നിയമിച്ചത് വിവാദത്തിലേക്ക്. പാലക്കാട്ട് സിറാജുന്നിസ എന്ന ബാലികയെ പൊലിസ് വെടിവച്ചു കൊന്ന കേസിലും ഐ.എസ്.ആര്‍.ഒ ചാരക്കേസിലൂടെയും വിവാദനായകനായി മാറിയ വ്യക്തിയാണ് മുന്‍ ഡി.ജി.പി രമണ്‍ശ്രീവാസ്തവ. 2005ല്‍ ഇദ്ദേഹത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി നിയമിക്കാന്‍ നടത്തിയ നീക്കത്തിനെതിരേ സി.പി.എം ഉള്‍പ്പെടെ രംഗത്തിറങ്ങിയിരുന്നു.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന ശ്രീവാസ്തവക്കെതിരേ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ നായനാരും പാര്‍ട്ടിയും ശക്തമായ സമരങ്ങളാണ് നടത്തിയത്. ശ്രീവാസ്തവയെ നാടു കടത്തണമെന്ന് പറഞ്ഞു സമരം നടത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ഇദ്ദേഹത്തെ പൊലിസ് സേനയുടെ ഉപദേശകനായി നിയമിച്ചിരിക്കുന്നതെന്നാണ് കൗതുകകരം.
1991 ഡിസംബര്‍ 15 ന് ആണ് പാലക്കാട് നഗരത്തിന് സമീപത്തെ പുതുപ്പള്ളി തെരുവില്‍ കളിച്ചു കൊണ്ടിരുന്ന11കാരി സിറാജുന്നിസ പൊലിസിന്റെ വെടിയേറ്റ് മരിക്കുന്നത്. അന്ന് പാലക്കാടിന്റെ ചുമതലയുള്ള ഐ.ജി യായിരുന്നു ശ്രീവാസ്തവ. നഗരത്തിലെ സുല്‍ത്താന്‍പേട്ടക്കടുത്തു കൂടി ജീപ്പില്‍ പോകുമ്പോഴാണ് വയര്‍ലസിലൂടെ അദ്ദേഹം വെടിവയ്ക്കാന്‍ ആജ്ഞാപിച്ചത്.
'എനിക്ക് വേണ്ടത് മുസ്‌ലിം ബാസ്റ്റര്‍ഡ്‌സിന്റെ ഡെഡ് ബോഡികളാണ്, ഇതെന്റെ ഉത്തരവാണ് അനുസരിക്കുക' ജീപ്പിലിരുന്ന് അന്നത്തെ ഷൊര്‍ണൂര്‍ എ.എസ്.പി സന്ധ്യയോട് പൊതുജനത്തിനു നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിടുന്ന ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകളാണ് ഇവ.'ഇവിടെ സംഘര്‍ഷമൊന്നും ഇല്ല സര്‍, ഞാനിവിടെ കാണുന്നത് രണ്ട് പെണ്‍കുട്ടികള്‍ വീടിനു മുന്നില്‍ കളിച്ചു നില്‍ക്കുന്നതാണ്, പൊലിസ് വാഹനത്തെ നോക്കി വേറെ ഒരാള്‍ നില്‍ക്കുന്നുണ്ട്, മറ്റൊന്നും ഇല്ല സാര്‍' എന്നായിരുന്നു കീഴുദ്യോഗസ്ഥന്റെ മറുപടി. ഇതില്‍ തൃപ്തനാവാതെ ശ്രീവാസ്തവ കൂടുതല്‍ പ്രകോപിതനായപ്പോഴാണ് സിറാജുന്നിസക്കെതിരേ പൊലിസ് വെടിയുതിര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."