വിദ്യാര്‍ഥികളുടെ കായികക്ഷമതാ പദ്ധതിക്ക് തുടക്കമായി
കണ്ണൂര്‍: ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം മേയര്‍ ഇ.പി ലത നിര്‍വഹിച്ചു. ഡി.ഡി.ഇ സി.ഐ വല്‍സല അധ്യക്ഷയായി. കലക്ടര്‍ മീര്‍ മുഹമ്മദലി പദ്ധതി വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 45 സര്‍ക്കാര്‍ സ്‌കൂളുകളിലെ ആറു മുതല്‍ ഒന്‍പത് ക്ലാസുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ജൂലൈ 15നു മുമ്പായി വിദ്യാര്‍ഥികളുടെ കായികക്ഷമതാ നിലവാരം പരിശോധിച്ച് രേഖപ്പെടുത്തും. 100 മീറ്റര്‍, 600 മീറ്റര്‍ ഓട്ടം, സിറ്റ് അപ്, പുഷ് അപ്, പുള്‍ അപ് എന്നീ ഇനങ്ങളില്‍ നിശ്ചിത സമയത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ കാഴ്ചവയ്ക്കുന്ന പ്രകടനമാണ് രേഖപ്പെടുത്തുക. വിദ്യാര്‍ഥികളുടെ ഇവയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിച്ച് ഓരോ വിദ്യാര്‍ഥിക്കും ആവശ്യമായ പരിശീലനവും പ്രോല്‍സാഹനവും നല്‍കും. ജനുവരിയില്‍ ഇതേ മാതൃകയില്‍ വിദ്യാര്‍ഥികളുടെ കായികശേഷി പരിശോധിച്ച് പുരോഗതി വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിറ്റ്‌നസ് കാര്‍ഡ് തയാറാക്കുക. ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കളരി, യോഗ, വ്യായാമമുറകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികളുടെ കായികക്ഷമതാ പരിശോധനയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."