എസ്.എസ്.എല്‍.സി പരീക്ഷ പരീക്ഷണമാകരുത്
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ബുധനാഴ്ച രാവിലെ എടുത്ത തീരുമാനം വൈകിട്ട് സര്‍ക്കാര്‍ തിരുത്തി. മെയ് 26 മുതല്‍ തന്നെ പരീക്ഷകള്‍ നടത്താനാണിപ്പോള്‍ തീരുമാനം. കൊവിഡ് വ്യാപനത്തിനിടെ മെയ് 26ന് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ജൂണ്‍ ആദ്യവാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മെയ് 26ന് പരീക്ഷകള്‍ നടത്താന്‍ കേന്ദ്രാനുമതി ലഭിക്കാതിരുന്നതും നീട്ടിവയ്ക്കാന്‍ കാരണമായി. പരീക്ഷകള്‍ നീട്ടിവച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതംചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പ്രസ്താവനയിറക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പരീക്ഷകള്‍ മെയ് 26 മുതല്‍ തന്നെ നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ഇതിന് കാരണമായി സര്‍ക്കാര്‍ പറഞ്ഞത് പരീക്ഷ നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചുവെന്നായിരുന്നു. പരീക്ഷ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അനുമതി നല്‍കിയത്. വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുന്നതാണ് ഇത്തരം നടപടികള്‍. കേന്ദ്രം അനുമതി കൊടുത്തിട്ടുണ്ടാവുക പരീക്ഷകള്‍ കുറ്റമറ്റരീതിയില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്.
കാട്ടുതീപോലെയായിരിക്കും കൊവിഡ് വൈറസിന്റെ വ്യാപനമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് രാജ്യത്ത് യാഥാര്‍ഥ്യമാവുകയാണോയെന്ന് ഭയപ്പെടേണ്ട അവസ്ഥയാണിപ്പോഴുള്ളത്. സംസ്ഥാനത്തിന്റെ സ്ഥിതിയും ഭിന്നമല്ല. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ 24 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 177 പേരാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 80,138 പേര്‍ ഇന്നലെ വരെ നിരീക്ഷണത്തിലുമാണ്. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ തിരിച്ചുവരാന്‍ തുടങ്ങിയതോടെയാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം വീണ്ടും കൂടിയത്. സമ്പര്‍ക്ക രോഗവ്യാപന ഭീഷണിയാണിപ്പോള്‍ സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരമൊരവസ്ഥ വളരെ ഗുരുതരമാണെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്. ഈ സമയത്തുതന്നെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തേണ്ടതുണ്ടോ ?
വിദ്യാര്‍ഥി ജീവിതത്തിലെ നിര്‍ണായകഘട്ടമാണ് എസ്.എസ്.എല്‍.സി പരീക്ഷ. ഇത് കടന്നുകിട്ടിയാല്‍ വലിയൊരു സ്വപ്നം സാക്ഷാല്‍ക്കരിച്ചുവെന്ന് വിശ്വസിക്കുന്നവരാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളില്‍ ഏറെയും. അതിനാല്‍ ഈ പരീക്ഷയില്‍ അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഏറെയാണ്. മാര്‍ച്ചില്‍ പരീക്ഷ പകുതിയില്‍ വച്ച് നിര്‍ത്തുമ്പോള്‍ സംസ്ഥാനത്തെ രോഗാവസ്ഥ ഇത്രത്തോളം ഗുരുതരമായിരുന്നില്ല. ഇപ്പോള്‍ എടുക്കാന്‍ പോകുന്ന മുന്‍കരുതലുകളെടുത്ത് അന്ന് പരീക്ഷ നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും അനുഭവിക്കുന്ന മാനസികസംഘര്‍ഷം ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ പരീക്ഷയെക്കുറിച്ചും കൊവിഡ് രോഗത്തെക്കുറിച്ചും ഒരേസമയം ഭയപ്പെടേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
മഹാമാരി പിടിതരാതെ പടര്‍ന്നുപിടിക്കുമ്പോള്‍ 13 ലക്ഷം വിദ്യാര്‍ഥികളെ എല്ലാവിധത്തിലുമുള്ള രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് പരീക്ഷയ്ക്ക് ഇരുത്താന്‍ കഴിയുമോ? കൈകള്‍ സോപ്പിട്ട് കഴുകുന്നതുകൊണ്ടും അകലം പാലിക്കുന്നതുകൊണ്ടും മുഖാവരണം അണിയുന്നതുകൊണ്ടും മാത്രം വിദ്യാര്‍ഥികള്‍ക്ക് രോഗം പടരാതിരിക്കുമോ? ബസുകളില്‍ അകലം പാലിച്ച് എത്രതവണ കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കും? എല്ലാ ആരോഗ്യ സുരക്ഷാമാര്‍ഗങ്ങളും സ്വീകരിച്ചുകൊണ്ടുതന്നെ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയാലും ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികള്‍ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയുമോ? രോഗബാധിത പ്രദേശങ്ങളില്‍ നിന്നുവരുന്ന വിദ്യാര്‍ഥികള്‍ക്കും ഹോം ക്വാറന്റൈനില്‍ നിന്നുവരുന്ന വിദ്യാര്‍ഥികള്‍ക്കും രോഗമില്ലെന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഊഷ്മാവ് പരിശോധന കൊണ്ട് മാത്രം സാധിക്കുമോ? പുറമെ ലക്ഷണം കാണിക്കാത്ത രോഗികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുന്ന ഇത്തരം പരിശോധനകള്‍ കൊണ്ടൊന്നും കാര്യമില്ല.
സ്‌കൂള്‍ തുറക്കുകയെന്ന പരീക്ഷണം പരാജയപ്പെട്ടതിനാലാണ് ചൈനയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ വീണ്ടും സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. കുട്ടികളുടെ ഭാവി സുരക്ഷിതമാകണമെന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം തന്നെ അവരുടെ ജീവനും സുരക്ഷ നല്‍കേണ്ടതുണ്ട്. കേരളം ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് പറയുന്നതിനോടൊപ്പം ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളോ സി.ബി.എസ്.സിയോ ഇതുപോലെ പരീക്ഷ നടത്താന്‍ ധൃതിപ്പെടുന്നില്ല. പരീക്ഷ നടത്തുന്നതില്‍ കൃത്യമായ ആസൂത്രണം വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുമില്ല. ഇതര സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഗള്‍ഫ് നാടുകളിലും കുടുങ്ങിപ്പോയ വിദ്യാര്‍ഥികള്‍ എങ്ങനെയാണ് പരീക്ഷ എഴുതുക. ഓരോ പ്രദേശത്തിനും പ്രത്യേകം പ്രത്യേകം പരീക്ഷ നടത്താന്‍ പറ്റില്ലല്ലോ. പരീക്ഷ നല്ലനിലയ്ക്ക് എഴുതി സുരക്ഷിതമായി വീട്ടിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. ഇന്നത്തെ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിലുള്ള വിയോജിപ്പ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് അറിയുന്നത്. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍ തന്നെ അവരുടെ ജീവനെക്കുറിച്ചും ആശങ്കപ്പെടേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."