ഡി.എം.കെ സഖ്യം മത്സരിക്കുന്ന മണ്ഡലങ്ങള്‍ പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടിക ഡി.എം.കെ പ്രഖ്യാപിച്ചു. അടുത്ത മാസം 18നാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടിക്കൊപ്പം മത്സരിക്കുന്ന സഖ്യകക്ഷികളുടെ പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. സഖ്യനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്റ്റാലിന്‍ പട്ടിക പുറത്തിറക്കിയത്.
മതേതര-പുരോഗമന സഖ്യം എന്ന പേരിലാണ് തമിഴ്‌നാട്ടില്‍ ഡി.എം.കെയും സഖ്യകക്ഷികളും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പുതുച്ചേരിയില്‍ ഒരു സീറ്റും തമിഴ്‌നാട്ടില്‍ 38 സീറ്റുമാണുള്ളത്.
ചെന്നൈ നോര്‍ത്ത്, ചെന്നൈ സൗത്ത്, ചെന്നൈ സെന്‍ട്രല്‍, തൂത്തുക്കുടി, പൊള്ളാച്ചി അടക്കമുള്ള 20 മണ്ഡലങ്ങളിലാണ് ഡി.എം.കെ മത്സരിക്കുക. ശിവഗംഗ, തിരുച്ചിറപ്പളളി, അരണി അടക്കം ഒന്‍പത് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. പുതുച്ചേരിയിലെ ഒരു സീറ്റും കോണ്‍ഗ്രസിനു നല്‍കിയിട്ടുണ്ട്. കോയമ്പത്തൂര്‍, മധുര സീറ്റുകളില്‍ സി.പി.എമ്മും തിരുപ്പൂര്‍, നാഗപട്ടണം സീറ്റുകളില്‍ സി.പി.ഐയും മത്സരിക്കും. വിടുതലൈ ചിരുതൈകള്‍ കക്ഷി വില്ലുപുരം, ചിദംബരം മണ്ഡലങ്ങളിലും വൈക്കോയുടെ എം.ഡി.എം.കെ ഈറോഡ് മണ്ഡലത്തിലും മുസ്‌ലിം ലീഗ് രാമനാഥപുരത്തും കെ.എം.ഡി.കെ (കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി) നാമക്കലിലും ഐ.ജെ.കെ (ഇന്ത്യ ജന നായക കക്ഷി) പെരമ്പാലൂരിലും മത്സരിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."