എക്‌സൈസിനെ വെട്ടിച്ചു കടത്താന്‍ ശ്രമിച്ച 176 മദ്യക്കുപ്പികള്‍ പിടികൂടി.
നാദാപുരം: വാഹന പരിശോധനയ്ക്കിടെ എക്‌സൈസിനെ വെട്ടിച്ചു കടത്താന്‍ ശ്രമിച്ച മദ്യശേഖരം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പെരിങ്ങത്തൂര്‍ കായപ്പനിച്ചിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ആള്‍ട്ടോ കാറില്‍ പള്ളൂരില്‍നിന്നു കടത്തുകയായിരുന്ന മദ്യവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ വലയിലായത്.
മദ്യശേഖരവുമായി എത്തിയ മാരുതി കാര്‍ കൈ കാണിച്ചു നിര്‍ത്തി പരിശോധിക്കാന്‍ ഒരുങ്ങവേ പിന്നോട്ടെടുത്തു കാറിലുള്ളവര്‍ എക്‌സൈസിനെ വെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കാറിനെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം പെരിങ്ങത്തൂര്‍ കരിയാട് കാട്ടില്‍ പ്പീടിക വരെ പിന്തുടര്‍ന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല.
അതിനിടെ ഇവിടെനിന്നു തിരിച്ച എക്‌സൈസ് സംഘം സമീപത്തെ പറമ്പില്‍ സംശയകരമായ നിലയില്‍ നിര്‍ത്തിയിട്ട കാര്‍ പരിശോധിക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ കാറിനകത്തു നടത്തിയ പരിശോധനയില്‍ ഡിക്കിയിലും സീറ്റി നടിയിലും 18 പെട്ടികളിലായി സൂക്ഷിച്ച 176 വിദേശ നിര്‍മിത മദ്യക്കുപ്പികള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വട്ടോളി പുളിയോട്ട് കുട്ടന്‍ എന്ന പ്രജീഷിനെ പ്രതിചേര്‍ത്തു കേസെടുത്തു. സംഭവം തലശ്ശേരി എക്‌സൈസ് പരിധിയിലായതിനാല്‍ കസ്റ്റഡിയിലെടുത്ത വാഹനവും മദ്യവും തലശ്ശേരി എക്‌സൈസിന് കൈമാറി. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരേ മുന്‍പും മദ്യം കടത്തിയതിനു കേസുള്ളതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
ഇന്‍സ്‌പെക്ടര്‍ കെ.കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. മൂന്നു ദിവസം മുന്‍പ് 176 കുപ്പി മദ്യവുമായി രണ്ട് ഫറോക്ക് സ്വദേശികളെയും തൊട്ടില്‍പ്പാലത്തു വച്ച് വ്യാജമദ്യ നിര്‍മാണ സാമഗ്രികളും പിടികൂടിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ 420 ലിറ്റര്‍ മദ്യമാണ് പ്രദേശത്ത് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."