എന്‍.ഡി.എ കാലം കഴിഞ്ഞു; ഇടതു കളത്തില്‍ സി.കെ ജാനു
കല്‍പ്പറ്റ: കളങ്ങള്‍ മാറ്റിച്ചവിട്ടി ആദിവാസി നേതാവ് സി.കെ ജാനു ഒടുവില്‍ ഇടതിനൊപ്പം തെരഞ്ഞെടുപ്പ് പോരില്‍ സജീവമായി. രണ്ടരവര്‍ഷം നീണ്ട എന്‍.ഡി.എ ബാന്ധവം വിട്ടെത്തിയ ജാനു എല്‍.ഡി.എഫ് വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഉപാധ്യക്ഷ സ്ഥാനത്താണ് ഇപ്പോള്‍.
വര്‍ഷങ്ങളായി സംസ്ഥാനത്തെ ഇടതു, വലതു മുന്നണികള്‍ ആദിവാസികളോട് തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു ജാനു സ്വന്തം പാര്‍ട്ടി (ജനാധിപത്യ രാഷ്ട്രീയ സഭ) രൂപീകരിച്ച് എന്‍.ഡി.എയുടെ ഭാഗമായത്. എന്നാല്‍ പ്രതീക്ഷിച്ചതും പ്രഖ്യാപിച്ചതും കിട്ടാതാവുകയും കൈയിലുള്ളത് കൈമോശം വരികയും ചെയ്തതോടെ കഴിഞ്ഞവര്‍ഷം മുന്നണി വിടുകയായിരുന്നു. പിന്നീട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും സി.പി.എമ്മിലെ മുതിര്‍ന്ന നേതാവുമായും ചര്‍ച്ച നടത്തിയിരുന്നെങ്കിലും മുന്നണി പ്രവേശം സംബന്ധിച്ച് തീരുമാനമായിരുന്നില്ല. സ്വതന്ത്രമായി നില്‍ക്കാനായിരുന്നു ജെ.ആര്‍.എസ് തീരുമാനം. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ ജെ.ആര്‍.എസിന്റെ ഇടതു ബാന്ധവം ഉറപ്പിക്കുന്നതാണ് ജാനുവിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ പദവി.
പ്രതിഷേധത്തിന്റെ പുതിയ വഴിയാണ് എന്‍.ഡി.എ ബാനറിലെ മത്സരമെന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പത്തെ പ്രഖ്യാപനം. തുടര്‍ന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സുരേഷ് ഗോപി തുടങ്ങിയവരുള്‍പെടെയെത്തി പ്രചാരണം കൊഴുപ്പിച്ചെങ്കിലും 27,920 വോട്ടുകളിലൊതുങ്ങി നേട്ടം.
2018ലെ മുത്തങ്ങ ദിനാചരണത്തിന്റെ ഭാഗമായി വിവിധ ആദിവാസി സമുദായ സംഘടനകളുടെ ഏകോപനം സാധ്യമാക്കി നേട്ടമുണ്ടാക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. മുപ്പതിലധികം സംഘടനകളുടെ ഏകോപനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്‍.ഡി.എയില്‍ നിന്ന് പ്രതീക്ഷിച്ച തരത്തിലുള്ള പരിഗണന ലഭിച്ചിരുന്നില്ല. അതിനാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്കൊപ്പമുള്ള ആള്‍ബലം കാണിച്ച് മുന്നണിയില്‍ സീറ്റിനായി വിലപേശല്‍ നടത്താനുള്ള ജാനുവിന്റെ നീക്കമായിരുന്നു ആദിവാസി സംഘടനകളുടെ ഏകോപനമെന്നും വിലയിരുത്തപ്പെട്ടിരുന്നു.
എന്നാല്‍ ഏകോപനം കാര്യമായി ചലനങ്ങളുണ്ടാക്കിയില്ല. ബി.ജെ.പി അനുകൂല സംഘടനകളാണ് കൂടുതലും എത്തിയത്. മറ്റുള്ളവരില്‍ ചിലര്‍ പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയും ചെയ്തു. ജാനുവിന്റെ എന്‍.ഡി.എ പ്രവേശനത്തോടെ വഴിപിരിഞ്ഞ എം. ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭയും ഏകോപനത്തില്‍ സഹകരിച്ചിരുന്നില്ല. എന്‍.ഡി.എ വിട്ടുവന്നാല്‍ സഹകരിക്കാമെന്നായിരുന്നു ഗീതാനന്ദന്‍ വിഭാഗത്തിന്റെ നിലപാട്. ജാനു എന്‍.ഡി.എ വിട്ടതോടെ ഭിന്നിച്ചിരുന്ന ആദിവാസി വിഭാഗങ്ങള്‍ അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ ഇനി ഒരു കുടക്കീഴിലാക്കുമെന്ന സൂചനയുമുണ്ട്. ജാനുവിന്റെ വരവ് ആദിവാസി വോട്ടുകള്‍ അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."