സഊദിയിൽ കൊവിഡ് ബാധയേറ്റു കോഴിക്കോട് സ്വദേശി മരണപ്പെട്ടു
ദമാം: സഊദിയിൽ കൊവിഡ് ബാധയേറ്റു കോഴിക്കോട് സ്വദേശി മരണപ്പെട്ടു. ഫറോക് മണ്ണൂർ സ്വദേശി പാലക്കോട്ട് പരേതനായ സീതിക്കോയയുടെ മകൻ അബ്ദുൽ അസീസ് (52) ആണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ മരണപ്പെട്ടത്. കൊവിഡ് വൈറസ് ബാധയേറ്റ് ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദ്യ ഘട്ടത്തിൽ പനിയും ചെറിയ ജലദോഷ പ്രശ്നങ്ങളും ഉണ്ടായിരുന്നെകിലും സാധാരണ രീതിയിലായിരുന്നു ചികിത്സ. തുടർന്ന് പതിനാലിന് വ്യാഴാഴ്ച്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സ തുടരുന്നതിനിടെ ടെസ്റ്റുകൾ നടത്തിയപ്പോൾ ന്യൂമോണിയ ബാധിച്ചതായും കണ്ടെത്തി. ഇതിനിടെ പരിശോധന ഫലം പുറത്തുവന്നപ്പോൾ പോസിറ്റിവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 20 വർഷമായി ജുബൈലുള്ള ഇദ്ദേഹം ഇസ്മായിൽ അബൂദാവൂദ് എന്ന കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ജുബൈലിലുള്ള ഇദേഹത്തിന്റെ കുടുംബത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയുള്ള ഭാര്യ ജൂബി മകൾ സന മറിയം എന്നിവർ മുവാസാത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എന്നാൽ ഇവർക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. മകൻ മുഹമ്മദ് റസിൻ (എഞ്ചിനീയറിങ് വിദ്യാർത്ഥി ചെന്നൈ) നാട്ടിലാണ്. ജുബൈൽ മുവാസാത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യത്തിന്റെ അനന്തര നടപടികൾക്കായി സഹോദരൻ ശരീഫിനൊപ്പം സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.ഇതോടെ വൈറസ് ബാധയേറ്റ് സഊദിയിൽ മരണപ്പെടുന്ന മലയാളികളുടെ എണ്ണം പതിനേഴായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."