പേരാമ്പ്രയിലെ അക്രമ സംഭവങ്ങള്‍ മിണ്ടാപ്രാണികളെ ചുട്ടുകരിച്ചത് കാടത്തം: ഡോ. എം.കെ മുനീര്‍
പേരാമ്പ്ര: രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ മിണ്ടാപ്രാണികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ചുട്ടുകരിച്ച സംഭവം കാടത്തമാണെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. സി.പി.എം ക്രിമിനല്‍ സംഘം നടത്തിയ അക്രമ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പേരാമ്പ്രയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മുനീര്‍ നൊച്ചാടിന്റെ വീട്ടില്‍ ഇനി തകര്‍ക്കാനൊന്നും ശേഷിപ്പില്ല. ഗര്‍ഭിണിയായ സഹോദരി മുബീന കരഞ്ഞു പറഞ്ഞിട്ടും അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ള അക്രമി സംഘം പിന്തിരിഞ്ഞില്ല. നിശ്ശേഷം തകര്‍ക്കപ്പെട്ട കോഴിഫാം പൂര്വ്വസ്ഥിതിയിലെക്ക് കൊണ്ടുവരണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും. മലയില്പാറ പള്ളി ഇമാം അലി മുസ്ലിയാരെ ആട്ടിപ്പായിച്ചവര്‍ മുസ്ലിം പ്രേമത്തെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണം. പഞ്ചായത്ത് ലീഗ് സെക്രട്ടറി കുണ്ടുങ്ങല്‍ അഹമ്മദിനെയും ഭാര്യ ആയിശയെയും അക്രമിച്ചു പരിക്കേല്‍പ്പിച്ചതും വീട് തകര്‍ത്തതും ബൈക്ക് കത്തിച്ചതും ഒരു പ്രദേശത്തെ പാര്‍ട്ടി ഗ്രാമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
പ്രതികളെ അറസ്റ്റ് ചെയ്ത പേരാമ്പ്ര എസ്.ഐയെ സ്ഥലം മാറ്റിയത് അക്രമികളെ സംരക്ഷിക്കാനുള്ള ശ്രമമാണ്. ജാമ്യം കിട്ടാത്ത വകുപ്പ് ഉപയോഗിച്ചാണ് ഇരകളായ ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ കേസെടുത്തത്. അതേസമയം ദുര്‍ബല വകുപ്പുകളാണ് സി.പി.എമ്മുകാരായ പ്രതികളുടെ പേരില്‍ ചുമത്തിയിരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കെ അസ്സയിനാര്‍, ജന. സെക്രട്ടറി സി.പി.എ അസീസ്, ട്രഷര്‍ കല്ലൂര്‍ മുഹമ്മദലി എന്നിവരും സംബന്ധിച്ചു. അക്രമത്തിനിരയായ മുനീര്‍ നൊച്ചാട്, കുണ്ടുങ്ങല്‍ അഹമ്മദ് എന്നിവരുടെ വീടും കക്കാട് ലീഗ് ഓഫിസ്, ചേനോളി കോഴിഫാം എന്നിവയും എം.എല്‍.എ സന്ദര്‍ശിച്ചു. നജീബ് കാന്തപുരം, എസ്.കെ അസ്സയിനാര്‍, സി.പി.എ അസീസ്, സാജിദ് നടുവണ്ണൂര്‍, കല്ലൂര്‍ മുഹമ്മദലി, ആവള ഹമീദ്, പുതുക്കുടി അബ്ദുറഹിമാന്, പി.കെ നാസര്‍, റഫീഖ് പാലേരി, ഹനീഫ കക്കാട് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."