ന്യൂസിലന്‍ഡ് ഭീകരാക്രണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്: നേരനുഭവം പറഞ്ഞ് മൂവാറ്റുപുഴ സ്വദേശി സമാന്‍
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ മുസ്‌ലിം പളളിയിലെ ഭീകരാക്രണം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല സമാന്‍. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹത്തിന്റെ കണ്ണുകളിലും കാതുകളിലും ഇപ്പോഴുമുണ്ട് ഭീതിയുടെ മുരള്‍ച്ച. 49 മനുഷ്യജീവനുകള്‍ പിടഞ്ഞു മരിച്ച ആ ദുരന്തത്തെ ദൃക്‌സാക്ഷിയായ സമാന്‍ വിവരിക്കുന്നു.
'വെള്ളിയാഴ്ച ദിവസം ഉച്ചയക്ക് ഒന്നര മണി. വിശ്വാസികള്‍ പലരും നേരത്തെ പള്ളിയില്‍ എത്തിയിട്ടുണ്ട്. ജുമുഅ നിസ്‌കാരത്തിനുള്ള തയാറെടുപ്പുകള്‍ പള്ളിയില്‍ ആരംഭിക്കുകയാണ്. ഞാനും സുഹൃത്തും അപ്പോഴാണ് പള്ളിയിലെത്തിയത്. സുഹൃത്ത് വേഗം വുളു എടുത്ത് പള്ളിക്കകത്തേക്കു കയറി. എനിക്കപ്പോള്‍ പെട്ടെന്നൊരു ഫോണ്‍കോള്‍ വന്നതിനാല്‍ ഫോണില്‍ സംസാരിക്കാനായി ഞാന്‍ പുറത്തേക്കിറങ്ങി. പുറത്ത് നിന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേയായിരുന്നു. പെട്ടെന്നാണ് പടക്കം പൊട്ടുന്നതുപോലൊരു ശബ്ദം കേട്ടത്. ആദ്യമെനിക്കു മനസ്സിലായില്ല.
പിന്നെ തിരിഞ്ഞു നോക്കുമ്പോഴാണ് ഒരാള്‍ വെടിവെച്ച് വെടിവെച്ച് പള്ളിക്കകത്തേക്ക് ഓടിക്കയറുന്നത് കണ്ടത്. കൊലയാളി അകത്തേക്കു വരുമ്പോള്‍ ഞാനാ സൈഡില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അയാളെന്നെ കാണാതിരുന്നതുകൊണ്ടു മാത്രമാണ് ഞാന്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
ആരൊക്കെയോ അവിടെ പള്ളിക്കു പുറത്തുതന്നെ വെടിയേറ്റു വീണു. പലരും പിടഞ്ഞു മരിച്ചു. പള്ളിക്കകത്തുനിന്നും തുരുതുരാ വെടിയൊച്ചകള്‍ കേട്ടു. ഇതോടെ ഭയന്നു വിറച്ച ഞാനും അവിടെ നിന്നില്ല ഓടി ഒളിച്ചു. പള്ളിക്കകത്തു നിന്ന് കൊലയാളി വെളിയിലേക്കു വന്നും വെടിവെയ്ക്കുന്ന ശബ്ദം കേട്ടു കൊണ്ടിരുന്നു. എന്റെ സുഹൃത്തിനെന്തു സംഭവിച്ചു എന്നറിയാന്‍ എനിക്കാകാംക്ഷയായി. പിന്നീടറിഞ്ഞു. അവനും പുറത്തു കടന്നു മതില്‍ ചാടി രക്ഷപ്പെട്ടുവെന്ന്.'- സമാന്‍ പറഞ്ഞു.
വെടിവെപ്പിനു ശേഷം 9 ഇന്ത്യന്‍ വംശജരെ കാണാതായതായി എന്നതാണ് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന്റെ വ്യക്തമായ വിവരം ലഭിക്കാത്തതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.
വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ പള്ളിയിലേക്ക് പ്രവേശിച്ച ആയുധധാരി തുടരെ വെടിവെക്കുകയായിരുന്നു. പള്ളിക്ക് പുറത്തുകൂടെ സഞ്ചരിച്ചിരുന്ന കുട്ടികളടക്കമുള്ളവരെയും അക്രമി വെടിവെച്ചു. 49 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയായ ബ്രന്റണ്‍ ടാറന്റ് ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള തീവ്ര വലതുപക്ഷ ഭീകരനാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് ഓറിസണ്‍ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."