സ്പ്രിംഗ്ലര്‍: എല്ലാ കരാറുകളും റദ്ദാക്കണം
ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച സ്പ്രിംഗ്ലറുമായുള്ള ഇടപാടില്‍നിന്ന് സര്‍ക്കാര്‍ ഭാഗികമായി പിന്മാറിയിരിക്കുകയാണ്. കൊവിഡ് ബാധിതരുടെ വിവരവിശകലന ചുമതല അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പ്രിംഗ്ലറിനു നല്‍കിയതിനെതിരേ വ്യാപകമായ പ്രതിഷേധങ്ങളായിരുന്നു സംസ്ഥാനത്ത് ഉയര്‍ന്നുവന്നത്. ഇടപാടിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുകയുണ്ടായി.
സംസ്ഥാനത്തെ ഇടതുഭരണകൂടത്തിന് ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ സി.പി.എം ദേശീയ നേതൃത്വത്തെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ കാനം രാജേന്ദ്രനെ സന്ദര്‍ശിച്ച് കരാറിന്റെ വിശദാംശങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെങ്കിലും സി.പി.ഐ അതൃപ്തിയില്‍ ഉറച്ചുനിന്നു. ഈ അവസരത്തില്‍ തന്നെയാണ് സ്പ്രിംഗ്ലറുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപാടിനെതിരേ ഹൈക്കോടതിയില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്.
ഇതോടെ കരാര്‍ സംബന്ധിച്ച പൂര്‍ണവിവരം ഹൈക്കോടതിക്കു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. താന്‍ നേരിട്ട് ഇടപെട്ടാണ് കരാറിനു രൂപം നല്‍കിയതെന്നും ഐ.ടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കോ മറ്റു മന്ത്രിമാര്‍ക്കോ ഇതില്‍ പങ്കില്ലെന്നും പറഞ്ഞ് ഐ.ടി സെക്രട്ടറി ഒരു ദൃശ്യമാധ്യമത്തിനു നല്‍കിയ അഭിമുഖം ഇതോടെ അവാസ്തവമാകുകയും ചെയ്തു.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണയെക്കാളും വിലപിടിപ്പുള്ള വസ്തുവായി പൗരരെ സംബന്ധിച്ച വിവരങ്ങള്‍ മാറിയതിനാലാണ് സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ഇത്രയും വലിയ വിവാദത്തിനിടയാക്കിയത്.
കൊവിഡ് ബാധിതരുടെ വിവരവിശകലനത്തില്‍ നിന്ന് സ്പ്രിംഗ്ലറിനെ ഒഴിവാക്കിയതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. വൈകിയാണെങ്കിലും സ്വാഗതാര്‍ഹമാണ് ഈ തീരുമാനം. ജനങ്ങളില്‍ ഭയം വിതച്ചുകൊണ്ടുള്ള ഒരു കരാറുമായി ഏറെ ദൂരം സര്‍ക്കാരിനു സഞ്ചരിക്കാനാവില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തെത്തി നില്‍ക്കുമ്പോള്‍ സ്പ്രിംഗ്ലര്‍ ഇടപാട് സംബന്ധിച്ച വിവാദങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ കരുതിയിട്ടുണ്ടാവണം.
എന്നാല്‍, സ്പ്രിംഗ്ലറുമായുള്ള എല്ലാ കരാറുകളും സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടുമില്ല. സ്പ്രിംഗ്ലര്‍ തയ്യാറാക്കിയ കൊവിഡ് ബാധിതരെ സംബന്ധിച്ച സോഫ്റ്റ്‌വെയര്‍ ഇനി പൂര്‍ണമായും സി.ഡിറ്റിന്റെ നിയന്ത്രണത്തിലായിരിക്കും. ആദ്യഘട്ടത്തില്‍ ശേഖരിച്ച സ്പ്രിംഗ്ലറിന്റെ കൈവശമുള്ള വിവരങ്ങള്‍ നശിപ്പിക്കാന്‍ അവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍, നിലവിലുള്ള ആപ്ലിക്കേഷനില്‍ അപ്‌ഡേഷന്‍ അവശ്യമെങ്കില്‍ സ്പ്രിംഗ്ലറിനെ തന്നെ സമീപിക്കുകയും ചെയ്യും. സ്പ്രിംഗ്ലറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്.
വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ സ്പ്രിംഗ്ലറിനു നല്‍കുന്നതിലൂടെ അവരുടെ സ്വകാര്യതയാണ് വില്‍ക്കുന്നതെന്നായിരുന്നു കരാറിനെതിരേ ഹൈക്കോടതിയെ സമീപിച്ച ഹരജിക്കാരുടെ വാദം. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹരജിക്കാരുടെ വാദം അംഗീകരിച്ചിരിക്കുകയാണ്.
വ്യക്തികളില്‍നിന്ന് അവരുടെ അനുമതി വാങ്ങിയിട്ടേ വിവരങ്ങള്‍ ശേഖരിക്കൂ എന്ന് സര്‍ക്കാര്‍ ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടതുമായിരുന്നു. എന്നാലും ഇതു സംബന്ധിച്ച വ്യവഹാരം ഇവിടംകൊണ്ട് അവസാനിക്കുമെന്നു തോന്നുന്നില്ല. പ്രതിപക്ഷം അവരുടെ ആരോപണങ്ങളില്‍ നിന്ന് പിന്മാറുമെന്നും തോന്നുന്നില്ല.
ഹൈക്കോടതി തുടക്കം മുതല്‍ തന്നെ ഈ ഇടപാടില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ കേസുമായി മുന്നോട്ടുപോയാല്‍ വിജയിക്കാനാവില്ലെന്ന് സര്‍ക്കാരിനു നിയമോപദേശം കിട്ടിയതുകൊണ്ടുകൂടിയായിരിക്കണം സ്പ്രിംഗ്ലറുമായുള്ള ഇടപാട് അവസാനിപ്പിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടാവുക. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള കരാറിന് ഹൈക്കോടതി അംഗീകാരം നല്‍കുമെന്ന് കരുതാന്‍ വയ്യ.
കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയായിരുന്നു കരാര്‍ തുടരാന്‍ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അത്തരം നിര്‍ദേശങ്ങള്‍ പാലിച്ച് കരാറുമായി മുന്നോട്ടു പോകാനാവില്ലെന്ന് സര്‍ക്കാരിനു ബോധ്യപ്പെട്ടതിനാലാണ് പുതിയ സത്യവാന്ദ്മൂലം നല്‍കി നിയമനടപടികളില്‍ നിന്ന് ഊരിപ്പോരുന്നത്.
എന്നാല്‍ ഇപ്പോഴും കമ്പനിയുമായി സര്‍ക്കാര്‍ ബന്ധം തുടരുന്നത് ദുരൂഹതയുളവാക്കുന്നുണ്ട്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ എന്ന പേരില്‍ കമ്പനിയുമായുള്ള സര്‍ക്കാരിന്റെ ബന്ധം തുടരുന്നതിനെതിരേ നാളെ മറ്റൊരു ഹരജിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചുകൂടായ്കയില്ല.
അതിനാല്‍ സംശയമുനയില്‍ നില്‍ക്കുന്ന സ്പ്രിംഗ്ലര്‍ കമ്പനിയുമായുളള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതല്ലേ ഭംഗി?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."