ഈ 'ഐസ് ' അത്ര നല്ലതല്ല
കോഴിക്കോട്: ചുട്ടുപൊള്ളുന്ന ചൂടില്‍ നഗരത്തില്‍ ഐസ് വിഭവങ്ങളുടെ കച്ചവടം പൊടിപൊടിക്കുംമ്പോള്‍ മറുവശത്ത് ജലജന്യരോഗങ്ങള്‍ പെരുകുന്നു. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നീ ജലജന്യരോഗങ്ങള്‍ ഇരട്ടിയായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഐസ് ഫാക്ടറികളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
മത്സ്യം സൂക്ഷിക്കാനുപയോഗിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഐസുകള്‍ക്ക് മുഖ്യ ആവശ്യക്കാര്‍ ജൂസ് കടക്കാരാണ്. മത്സ്യഐസ് മാത്രം നിര്‍മിക്കുന്ന ഐശ്വര്യ ഐസ് പ്ലാന്റില്‍നിന്ന് ജ്യൂസ് കടക്കാര്‍ ഐസ് വാങ്ങുന്നത് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതിനാല്‍ ഫാക്ടറി അടച്ച് പൂട്ടിയിരുന്നു. തണ്ണിമത്തന്‍ വെള്ളം, കരിമ്പ്ജ്യൂസ്, സര്‍ബത്ത് എന്നിവയിലെല്ലാം മുഖ്യമായും ഉപയോഗിക്കുന്ന ഐസുകളിലൂടെയാണ് രോഗം പടരുന്നത്.
മത്സ്യം സൂക്ഷിക്കാനുണ്ടാക്കുന്ന ഐസുകള്‍ വിലകുറഞ്ഞ് കിട്ടുമെന്നതിനാലാണ് ജ്യൂസ് കടക്കാര്‍ മത്സ്യഐസുകളെ സമീപിക്കുന്നത്. ബീച്ചുകളില്‍ ഉന്തുവണ്ടികളില്‍ വില്‍ക്കുന്ന ഐസ് ഉരതി, കുലുക്കി സര്‍ബത്ത് എന്നിവയില്‍ ഉപയോഗിക്കുന്ന ഐസ് മുഖ്യമായും മത്സ്യം സൂക്ഷിക്കാനുള്ളതാണ്.
ഗുഡ്‌സ് വാഹനങ്ങളില്‍ വൃത്തിഹീനമായാണ് ഐസെത്തിക്കുന്നത് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു.
നഗരത്തിലെ 17 ഐസ് പ്ലാന്റുകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം തലവന്‍ ഡോ.ഗോപകുമാര്‍ പറഞ്ഞു.
വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ജലജന്യ രോഗങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണമെന്ന് സി.എം.ഒ ഇന്‍ചാര്‍ജ് ഡോ.ആശാദേവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."