ആഗ്രയില്‍ റഷ്യന്‍ യുവതി ഭര്‍തൃമാതാവിനെതിരേ പരാതിയുമായി നിരാഹാരത്തില്‍
ആഗ്ര: ആഗ്രയില്‍ റഷ്യന്‍ യുവതി ഭര്‍തൃമാതാവിനെതിരേ പരാതിയുമായി നിരാഹാര സമരത്തില്‍. ഓള്‍ഗ എന്ന യുവതി കുഞ്ഞിനൊപ്പം ഭര്തൃവീടിനുമുന്നിലാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാവ് പീഡിപ്പിക്കുകയാണെന്നാണ് പരാതി. ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ പഠിക്കാനെത്തിയ ഓള്‍ഗയെ വിക്രം സിങ്ങെന്ന യുവാവ് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് കുടുംബമായി ആഗ്രയില്‍ താമസം തുടങ്ങി. വിദേശിയായതിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചുവെന്നും ഭര്‍ത്താവിനേയും കുഞ്ഞിനേയും തന്നെയും വീട്ടില്‍ നിന്നു പുറത്താക്കിയെന്നും ഇവര്‍ പറഞ്ഞു. 2011ലാണ് ആഗ്ര സ്വദേശിയായ വിക്രംസിങ് ഓള്‍ഗയെ വിവാഹം കഴിച്ചത്.
മാതാവ് തന്നോട് 11 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പണം നല്കാന് കഴിയാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് തങ്ങളെ പുറത്താക്കുകയായിരുന്നുവെന്നും വിക്രം പറഞ്ഞു.
സംഭവത്തില്‍ ആഗ്ര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലിസ് ഇടപെടുന്നില്ലെന്നും വിക്രം ആരോപിച്ചു. എന്നാല്‍ മകനും മരുമകളും തന്നെ നോക്കാറില്ലെന്നാണ് വിക്രമിന്റെ അമ്മ നിര്‍മ്മലയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."