കോണ്‍ഗ്രസും ബി.ജെ.പിയും എതിര്‍ത്തു; പൂതാടിയില്‍ തൊഴിലുറപ്പ് നിയമനങ്ങള്‍ക്ക് അനുമതിയായില്ല
കേണിച്ചിറ: പൂതാടി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ്, ഓവര്‍സിയര്‍ തസ്തികകളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് ഭരണസമിതിയുടെ അംഗീകാരം ലഭിച്ചില്ല.
നിയമനങ്ങളെ ഭരണസമിതി യോഗത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തതാണ് ഇതിനു കാരണമായത്. സി.പി.എം നിയന്ത്രണത്തിലാണ് പഞ്ചായത്ത് ഭരണം. നിയമനങ്ങള്‍ക്ക് ഭരണാനുമതി നേടിയെടുക്കുന്നതിനാണ് ഇന്നലെ ബോര്‍ഡ് യോഗം വിളിച്ചുചേര്‍ത്തത്. ഭരണസമിതിയില്‍ സി.പി.എമ്മിനു പത്തും കോണ്‍ഗ്രസിനു എട്ടും ബി.ജെ.പിക്ക് നാലും അംഗങ്ങളാണുള്ളത്. കൂടുതല്‍ മെമ്പര്‍മാരുള്ള ഒറ്റക്കക്ഷി എന്ന നിലയിലാണ് സി.പി.എം ഭരണം ഏറ്റെടുത്തത്.നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനെ കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും മുഴുവന്‍ അംഗങ്ങളും എതിര്‍ത്തു. തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്ന നാലുപേരില്‍ രണ്ട് പേരുടെ നിയമനക്കരാര്‍ പുതുക്കിയിരുന്നു. ബാക്കി രണ്ട് തസ്തികകളില്‍ നിയമത്തിനു കൂടിക്കാഴ്ച്ച കഴിഞ്ഞയുടന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജിപ്പ് രേഖപെടുത്തുകയുണ്ടായി. രണ്ടു പേരെ ഒഴിവാക്കി വേറെ നിയമനം നടത്തുന്നതു ശരിയല്ലെന്ന നിലപാടിലായിരുന്നു ബി.ജെ.പി മെമ്പര്‍മാരും. നിയമനങ്ങളെ കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ച് എതിര്‍ത്തത് പഞ്ചായത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയത്തിനു നോട്ടിസ് നല്‍കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ടെങ്കിലും ബി.ജെ.പിയെ കൂട്ടുപിടിച്ച് ഭരണമാറ്റം വേണ്ടെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം.
ഇന്നലത്തെ ബോര്‍ഡ് യോഗത്തില്‍ നിയമന വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നിച്ചുനിന്നത് വരാനിരിക്കുന്ന കൂട്ടുകെട്ടിന്റെ സൂചനയായി വ്യാഖ്യാനിക്കുന്നവര്‍ പഞ്ചായത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."