മിന്നല്‍ പണിമുടക്ക്; ഹോര്‍ട്ടി കോര്‍പിലെ പച്ചക്കറി വിതരണം തടസപ്പെട്ടു
കാക്കനാട്:താല്‍കാലിക തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഹോര്‍ട്ടി കോര്‍പിലെ പച്ചക്കറി വിതരണം തടസപ്പെട്ടു. പിരിച്ചുവിടല്‍ ഭീഷണിയെ തുടര്‍ന്നാണ് ഞാഴിലാളികള്‍ സമരം നടത്തിയത്. പ്രശ്‌നം എം.ഡിയുടെ സാന്നിധ്യത്തില്‍ അടുത്ത ദിവസം ചര്‍ച്ച ചെയ്യാമെന്ന് ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ വിനയന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
സമരത്തെ തുടര്‍ന്ന് തടസപ്പെട്ട പച്ചക്കറി നീക്കം ഉച്ചക്ക് ശേഷമാണ് പുനരാരംഭിച്ചത്. ഹോര്‍ട്ടികോര്‍പ് ഗോഡൗണിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഏഴ് ഔട്ട് ലെറ്റുകളിലടക്കം പച്ചക്കറി വില്‍പ്പന രാവിലെ മുതല്‍ സമരത്തെ വില്‍പ്പന തടപ്പെട്ടു. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന കാക്കനാട് ഹോര്‍ട്ടികോര്‍പ് വളപ്പിലെ ഔട്ട് ലെറ്റില്‍ നിന്ന് വിഷു പ്രമാണിച്ച് പച്ചക്കറി വാങ്ങാനെത്തിയവര്‍ക്ക് സമരം മൂലം പച്ചക്കറികള്‍ വാങ്ങാനായില്ല. ഔട്ട്‌ലെറ്റ് തുറക്കാത്തതില്‍ വാങ്ങാനെത്തിയവരും പ്രതിഷേധിച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി.
വിവരമറിഞ്ഞെത്തിയ റീജിയണല്‍ മാനേജര്‍ സജി വര്‍ഗീസ് ഹോര്‍ട്ടികോര്‍പ് ചെയര്‍മാനുമായി ഫോണില്‍ സംസാരിച്ചാണു തിങ്കളാഴ്ചക്കകം പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം താല്‍കാലികമായി പിന്‍വലിച്ചത്. വിഷു പ്രമാണിച്ച് ഹോര്‍ട്ടികോര്‍പ്പില്‍ സംഭരിച്ച 20 ടണ്‍ പച്ചക്കറി വിതരണവും വില്‍പ്പനയുമാണ് സമരം മൂലം തടസപ്പെട്ടത്.
ശനിയാഴ്ച രാവിലെ എട്ടോടെ ഹോര്‍ട്ടികോര്‍പ് ഗോഡൗണിന് മമ്പിലായിരുന്നു താല്‍കാലിക തൊഴിലാളികള്‍ സമരം തുടങ്ങിയത്. പച്ചക്കറി വാഹനങ്ങളില്‍ എത്തിക്കുന്ന അഞ്ച് ഡ്രൈവര്‍മാരും സ്ഥിരം തൊഴിലാളികളും സമരക്കാരോട് അനുഭാവം പ്രകടിപ്പ് മാറിനിന്നതോടെ പച്ചക്കറി നീക്കം പൂര്‍ണമായി തടസപ്പെടുകയും ചെയ്തു. ജില്ലയിലെ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ കാന്റിനുകളിലേക്ക് രാവിലെ പുറപ്പെടേണ്ടിയിരുന്ന പച്ചക്കറി വാഹനങ്ങളും സമരത്തെ തുടര്‍ന്ന് ഓടിയില്ല. വിഷുപ്രമാണിച്ച് പച്ചക്കറി വില്‍പ്പനക്ക് കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പും വന്‍തോതില്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സമരത്തെ തുടര്‍ന്ന് വിതരണവും വില്‍പ്പനയും പൂര്‍ണമായും തടസപ്പെട്ടു. താല്‍കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ ഹോര്‍ട്ടികോര്‍പ് മാനേജ്‌മെന്റ് വാട്‌സാപ് സന്ദേശം നല്‍കിയെന്നാണ് തൊഴിലാളികളുടെ ആരോപണം.
ഔട്ട്‌ലെറ്റുകളിലും ഹോര്‍ട്ടികോര്‍പ് ഗോഡൗണിലുമായി ജോലിയെടുക്കുന്ന 17 താല്‍കാലിക തൊഴിലാളികളെ പിരിച്ചുവിടാനുള്ള മാനേജ്‌മെന്റ് തീരുമാനമാണ് പ്രതിഷേധ സമരത്തിന് കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഗോഡൗണില്‍ ആറ് സ്ഥിരം തൊഴിലാളികളും ഏഴ് താല്‍കാലിക തൊഴിലാളികളുമാണ് ജോലിയെടുക്കുന്നത്. ഗോഡൗണില്‍ എത്തുന്ന പച്ചക്കറികള്‍ സ്ഥിരം തൊഴിലാളികള്‍ക്ക് മാത്രം കൈകാര്യം ചെയ്യാവുന്നതല്ലെന്നാണ് താല്‍കാലിക തൊളിലാളികള്‍ പറയുന്നത്. ഗോഡൗണുകളില്‍ തൊഴിലാളികള്‍ കൂടുതലാണെന്നാണ് മാനേജ്‌മെന്റ് പറയുന്നതെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ചില ഗോഡൗണുകളില്‍ താല്‍കാലിക തൊഴിലാളികളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ വേതനം എഴുതിയെടുക്കാറുണ്ടെന്നും തൊഴലാളികള്‍ ആരോപിച്ചു. ഹോര്‍ട്ടികോര്‍പ്പിലെ ഉന്നതന്മാരുടെ അഴിമതിയുടെ പേരില്‍ തൊഴിലാളികളെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. അടുത്ത തിങ്കളാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന സമരം പുനരാരംഭിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."