കരിപ്പൂര്‍ എയര്‍പോര്‍ട്ട് പ്രശ്‌നം; മലബാറിലെ ജനപ്രതിനിധികളും സര്‍ക്കാരും പ്രവാസികളോടുള്ള ബാധ്യത നിറവേറ്റണമെന്ന് കെ.എം.സി.സി
മനാമ: കരിപ്പൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരും മലബാറിലെ ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്നും അവര്‍ പ്രവാസികളോടുള്ള ബാധ്യത നിറവേറ്റണമെന്നും ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ എയര്‍പോര്‍ട്ട് മുന്നില്‍ കണ്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഉദ്യോഗസ്ഥ ലോബികളുടെ നീക്കം സജീവമാണ്. അവര്‍ക്ക് സഹായകമാകും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പിന്നീടവരെ വഞ്ചിക്കുന്ന നിലപാടാണ് എല്ലാ കാലത്തും സ്വീകരിച്ചു വരുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിപ്പോള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് പ്രശ്‌നത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്നത്. ഇതിനെതിരെ ശക്തമായ പൊതുജന പ്രതിഷേധം ഉയരേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും മാതൃപ്രസ്ഥാനമായ മുസ്‌ലിംലീഗുമായി കൂടിയാലോചിച്ചു ശക്തമായ സമരപരിപാടികള്‍ നടത്താന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
കരിപ്പൂരില്‍ ഉദ്യോഗസ്ഥ ലോബിയുടെ ആസൂത്രിതവും നിഗൂഢവുമായ നീക്കങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. കണ്ണൂരില്‍ പുതിയ എയര്‍പോര്‍ട്ട് കൂടി വരാനിരിക്കെ, അധികാരികളുടെ ഒത്താശയോടെയാണോ ഇത് നടക്കുന്നതെന്നത് സംശയമുണ്ട്. എന്തായാലും സര്‍ക്കാര്‍ അറിഞ്ഞോ അറിയാതെയോ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കുകയാണ്.
കരിപ്പൂരില്‍ റണ്‍വേയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുകയും വിദേശ വിമാനകമ്പനികള്‍ സര്‍വീസിന് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികളുടെ അപേക്ഷകള്‍ ഡി.ജി.സി.എക്ക് നല്‍കാതെ പൂഴ്ത്തിയ സംഭവം പോലും ഉണ്ടായി. ഡി.ജി.സി.എയുടെ അനുമതി കാറ്റില്‍ പറത്തി വിദേശവിമാന കമ്പനികളെ കരിപ്പൂരില്‍ നിന്ന് അകറ്റുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥ ലോബിയാണെന്നത് വളരെ വ്യക്തവുമാണ്. എന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാനോ അവരെ അവിടെനിന്ന് സ്ഥലം മാറ്റാനോ അധികൃതര്‍ തയ്യാറായിട്ടില്ല.
എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം ഉദ്യോഗസ്ഥ ലോബികളുടെ നിഗൂഢ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെങ്കില്‍ അവര്‍ക്കെതിരെ പ്രവാസി കുടുംബങ്ങളടക്കമുള്ള മലബാറിലെ പൊതുജനങ്ങള്‍ സംഘടിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. പ്രവാസി ചിട്ടിയും മുറ്റത്തെ മുല്ല പദ്ധതിയും നടത്തി പ്രവാസികളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന കേരള-കേന്ദ്ര സര്‍ക്കാരുകള്‍, പ്രവാസികളോട് എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ വിമാനടിക്കറ്റ് നിരക്ക് വര്‍ധന ഇല്ലാതാക്കാനും എയര്‍പോര്‍ട്ട് പ്രശ്‌നങ്ങളടക്കമുള്ളവ ചര്‍ച്ച ചെയ്യാനും സമയം കണ്ടെത്തുകയും സത്വര പരിഹാര നടപടികള്‍ സ്വീകരിക്കുകയുമാണ് ആദ്യം വേണ്ടതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."