ഈസ്റ്റര്‍ അടുത്തതോടെ കന്നുകാലികള്‍ക്ക് വിലയും ഡിമാന്റും കൂടി
പോത്തിന്റെ വില വര്‍ധനമൂലം പോത്തു മാംസമാണെന്നു പറഞ്ഞ് കടകളില്‍ വില്‍പന നടത്തുന്നത് എരുമകളെയാണ്
കുഴല്‍മന്ദം : ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങള്‍ അടുത്തെത്തിയതോടെ കന്നുകാലി ചന്തകളില്‍ മാടുകള്‍ക്ക് വിലയും ഡിമാന്റും കൂടി. പോത്തിനാണ് ഏറ്റവും ഉയര്‍ന്ന വില. കാണാന്‍ അഴകും ഇറച്ചിക്കു തൂക്കം കൂടുതല്‍ വരുന്ന വലിയ മൂപ്പില്ലാത്ത പോത്താണെങ്കില്‍ മോഹവിലയാണ്. കിലോക്ക് 25 രൂപ മുതല്‍ അമ്പതു രൂപവരെ വില കൂടുതലുണ്ടെന്ന് കുഴല്‍മന്ദം ചന്തയിലെ കച്ചവടക്കാര്‍ പറഞ്ഞു.
പോത്തിന്റെ വില വര്‍ധനമൂലം പോത്തു മാംസമാണെന്നു പറഞ്ഞ് കടകളില്‍ വില്‍പന നടത്തുന്നത് എരുമകളെയാണ്. കുഴല്‍മന്ദം ചന്തയില്‍ മാടുകളെ വാങ്ങാനെത്തിയവരുടെ നല്ല തിരക്കായിരുന്നു ഇന്നലെ. ലോറിസമരമൊന്നും ബാധിക്കാത്തവിധം മാടുകളും വില്പനയ്‌ക്കെത്തിയിരുന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായും മാടുകള്‍ ചന്തയിലെത്തുന്നത്. ഇവിടെ നിന്നും തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലേക്കാണ് മാടുകള്‍ കയറ്റിപ്പോകുന്നത്.
800 കിലോവരെ തൂക്കം വരുന്ന വലിയ പോത്തുകളും ചന്തയിലെത്തിയിരുന്നു. പോത്തുകുട്ടികളെ വാങ്ങി വളര്‍ത്തി സീസണില്‍ വില്‍പന നടത്തുന്ന ഫാം ഉടമകളും ഇപ്പോള്‍ ഏറെയാണ്. നല്ല നാടന്‍ പോത്താണെങ്കില്‍ പറഞ്ഞ വില കിട്ടുമെന്നതിനാല്‍ പോത്തു വളര്‍ത്തല്‍ ലാഭകരമാണെന്നു പറയുന്നു. എന്നാല്‍ വൈക്കോലിന്റെ വിലവര്‍ധനയും തീറ്റകള്‍ക്ക് ഉണ്ടായിട്ടുള്ള വില കൂടുതലും ഇത്തരം കര്‍ഷകര്‍ക്ക് ബാധ്യതയാകുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."