ചൊവ്വ ഭൂമിയുടെ അയല്‍ക്കാരന്‍
കൂട്ടുകാരെ ഞാന്‍ ചൊവ്വ. സൂര്യനില്‍ നിന്ന് ശരാശരി 227.9 മില്യണ്‍ കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്. 6796 കിലോമീറ്റര്‍ വ്യാസമുള്ള എനിക്ക് 687 ഭൗമദിനങ്ങള്‍കൊണ്ടാണ് സൂര്യനെ ഒരു തവണ ഭ്രമണം ചെയ്യാനാകുന്നത്. എന്റെ പരിക്രമണ കാലം 687 ദിവസമാണെന്നു പറയാം.
ഭൂമിക്ക് ചന്ദ്രനെന്നപ്പോലെ എനിക്ക് രണ്ട് ഉപഗ്രഹങ്ങളാണുള്ളത്. ഡീമോസ് (Deimos), ഫോബോസ് (Phobos) എന്നിവയാണവ. അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ അസഫ്ഹാളാണ് ഡീമോസ്, ഫോബോസ് എന്നീ ഉപഗ്രഹങ്ങളെ ആദ്യം കണ്ടെത്തിയത്.1877ലായിരുന്നു ഇവയുടെ കണ്ടെത്തല്‍.
ചൊവ്വയിലെ ജീവന്‍
ഭൂമിയുടെ അയല്‍ക്കാരനായ ഞാന്‍ ആദ്യകാലം മുതലേ ഭൗമനിവാസികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അന്നെല്ലാം ആളുകള്‍ വിശ്വസിച്ചിരുന്നത് എന്നില്‍ ഭൂമിയെന്നപോലെ ജീവികള്‍ കഴിഞ്ഞുകൂടുന്നുവെന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യചില പതിറ്റാണ്ടുകളില്‍ ഇത്തരം വാര്‍ത്തകള്‍ ധാരാളമായി പ്രചരിച്ചു. ചുവന്ന നിറമുള്ള, ഭൂമിയില്‍ നിന്ന് ഉപരിതലം കാണാന്‍ കഴിയുന്ന എന്നെ മറ്റൊരു ഭൂമിയാണെന്നു തന്നെ അന്നൊക്കെ ലോകം വിശ്വസിച്ചു. പക്ഷേ, ശാസ്ത്രം പുരോഗമിച്ചപ്പോള്‍ നടത്തിയ ഗവേഷണങ്ങള്‍ എന്നില്‍ അതിമാനുഷരായ ജീവികള്‍ ഉണ്ടാവാമെന്ന ധാരണയെ തകിടം മറിച്ചു.
ഇന്നുള്ള എന്റെ അന്തരീക്ഷം അത്തരം ജീവികളുടെ വാസത്തിന് പറ്റിയതല്ല. എങ്കിലും ജീവന്‍ എന്നില്‍ ഇല്ലെന്ന് തീര്‍ത്തുപറയാനും ശാസ്ത്രത്തിന് കഴിയുന്നില്ല. കാരണം പോളിസെക്ലിക് അരോമാറ്റിക് ഹൈഡ്രോ കാര്‍ബണ്‍ പോലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം എന്നില്‍ ജീവന്‍ നിലനില്‍ക്കാം എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
പണ്ട് പണ്ട് നിങ്ങളുടെ ഭൂമിയെപ്പോലെ ഞാനും ജീവികള്‍ വിഹരിച്ചിരുന്ന ഗ്രഹമായിരുന്നുവെന്ന് ശാസ്ത്രം കരുതുന്നു. ഈ ഗ്രഹത്തില്‍ നിന്നാകാം ഭൂമിയിലേക്കാദ്യമായി ജീവന്‍ എത്തിച്ചേര്‍ന്നതെന്നും ശാസ്ത്രം വിശ്വസിക്കുന്നു. ഇതിന് തെളിവായി ശാസ്ത്രം വിരല്‍ ചൂണ്ടുന്നത് എന്റെ അന്തരീക്ഷം ഭൂമിയില്‍ കൃത്രിമമായുണ്ടാക്കിയതില്‍ ബാക്ടീരിയകളെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ്.
താഴ്‌വരകളും പര്‍വതങ്ങളും
താഴ്‌വരകളും പര്‍വതങ്ങളും ധാരാളമുള്ള ഗ്രഹമാണ് ഞാന്‍. അമേരിക്ക എന്ന രാഷ്ട്രത്തോളം വലിയ മലയിടുക്കുകളും, എവറസ്റ്റ് കൊടുമുടിയേക്കാള്‍ വലിയ പര്‍വതങ്ങളും ഈ ചുവന്ന ഗ്രഹത്തിലുണ്ട്.
അഗ്നി പര്‍വതങ്ങള്‍
സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നി പര്‍വതമായ ഒളിമ്പസ് മോണ്‍സ് ഇവിടെ സ്ഥിതി ചെയ്യുന്നു. ഏകദേശം ഇരുപത്തിയേഴ് കിലോമീറ്ററാണ് ഈ ഭീമന്‍ അഗ്നിപര്‍വതത്തിന്റെ ഉയരം. ഭൂമിയിലെ എവറസ്റ്റ് കൊടുമുടിയുടെ മൂന്നിരട്ടിയിലധികം ഉയരമുണ്ട് ഈ അഗ്നി പര്‍വതത്തിന്. ശാസ്ത്രജ്ഞരെ അത്ഭുതത്തിലാഴ്ത്തിയ ഈ ഭീമന്‍ അഗ്നിപര്‍വതം പത്തുകോടി വര്‍ഷങ്ങള്‍ പിന്നീടുമ്പോഴാണത്രെ ഒരു പ്രാവശ്യം പുകയുന്നത്.
എന്റെ മറ്റൊരു അഗ്നിപര്‍വതമാണ് അല്‍ബാ പടേരാ. ഏകദേശം പതിനേഴ് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട് ഈ അഗ്നിപര്‍വതം നില്‍ക്കുന്ന ഭാഗത്തിന്. ഇന്ത്യയുടെ പകുതിയിലേറെ തന്നെ! എന്നിലെ ഹേഡ്രിക പടേര എന്ന അഗ്നിപര്‍വത പ്രദേശം അഗ്നി പര്‍വതങ്ങളുടെ മേഖലയാണ്. പ്രസിദ്ധമായ മറ്റൊരഗ്നിപര്‍വതമാണ് ആര്‍സിയ മോണ്‍സ്. പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വതമാണിത്.
അന്തരീക്ഷം
ഇവിടെ അന്തരീക്ഷം ചെറുജീവികള്‍ക്ക് വളരാന്‍ അനുഗുണമാണെന്നു തന്നെയാണ് ഇന്നും വിശ്വാസം. എന്നാല്‍ ഭൂമിയിലേതുപോലെ എന്റെ അന്തരീക്ഷത്തില്‍ ഓസോണ്‍ കവചമില്ല. അതുകൊണ്ടുതന്നെ സൂര്യനില്‍ നിന്നു പുറപ്പെടുന്ന വിനാശകാരികളായ അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നില്‍ നേരിട്ട് പതിക്കും. ഈ ഒരവസ്ഥയില്‍ ജീവന്‍ എന്നില്‍ നില നില്‍ക്കുമോ എന്നതും അന്വേഷിക്കേണ്ട വിഷയമാണ്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തേക്കാള്‍ വളരെ കുറവാണ് എന്റെ ഗുരുത്വാകര്‍ഷണ ബലം. ഈ അന്തരീക്ഷം കടന്ന് ബഹിരാകാശത്തേക്ക് രക്ഷപ്പെടാന്‍ സെക്കന്‍ഡില്‍ അഞ്ചുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാല്‍ മതി. എന്നാല്‍ ഈ യാത്ര ഭൂമിയില്‍ നിന്നാണെങ്കിലോ ഒരു വാഹനത്തിന് ബഹിരാകാശത്തേക്ക് കടക്കാന്‍ സെക്കന്‍ഡില്‍ ഏകദേശം11.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കണം. എന്റെ അന്തരീക്ഷത്തില്‍, വസ്തുക്കള്‍ക്ക് ഭൂമിയിലനുഭവപ്പെടുന്നതിന്റെ മൂന്നിലൊന്ന് ഭാരമേ അനുഭവപ്പെടൂ എന്ന് ചുരുക്കം.
എന്റെ അന്തരീക്ഷത്തില്‍ 95:3 ശതമാനം കാര്‍ബണ്‍ ഡയോക്‌സൈഡാണ്. എന്നുവെച്ചാല്‍ കാര്‍ബണ്‍ഡൈയോക്‌സൈഡാണ് ഇവിടെ കൂടുതലുള്ളത്. രണ്ടാംസ്ഥാനം നൈട്രജനാണ്. 2.7 ശതമാനമാണ് നൈട്രജന്റെ അളവ്. 0.15 ശതമാനം മാത്രമാണ് ഓക്‌സിജന്‍. അന്തരീക്ഷത്തില്‍ 0.03 ശതമാനം ജലാംശമുണ്ട്. ജലസ്രോതസ്സുകളില്‍ ഇരുമ്പയിരിന്റെ സാന്നിധ്യവും തെളിയിക്കപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് മാലിന്യങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൂടാതെ ഓസോണ്‍ സാന്നിധ്യവും കൂടിയതായി ശാസ്ത്രം കണ്ടെത്തി.
ചൊവ്വയിലെ ജലം
ഇവിടെ ജലം ഉണ്ടായിരുന്നുവെന്നതിന് ഏറ്റവും വലിയ തെളിവ് എന്റെ ഉപരിതലത്തില്‍ ഹൈഡ്രജന്‍ സാന്നിധ്യം കൂടിയ അളവില്‍ കണ്ടെത്തിയതയാണ്. ശാസ്ത്രജ്ഞരില്‍ ഹൈഡ്രജന്റെ കണ്ടെത്തല്‍ വലിയ പ്രതീക്ഷ ഉളവാക്കിയിട്ടുണ്ട്. ഇതുകണ്ടെത്താനായി ശാസ്ത്രജ്ഞര്‍ ഗാമാറോ സ്‌പെക്‌ട്രോമീറ്ററാണ് പ്രയോജനപ്പെടുത്തിയത്. എന്നില്‍ പര്യവേഷണാര്‍ഥം അയച്ച 'പാത്ത് ഫൈന്‍ഡര്‍'എന്ന കൃത്രിമോപഗ്രഹം എന്നില്‍ ജലസാന്നിധ്യം നില നിന്നിരുന്നുവെന്ന് തെളിയിക്കുന്ന ചില ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു.
പാത്ത് ഫൈന്‍ഡറില്‍ നിന്ന് എന്റെ മണ്ണിലിറങ്ങിയ 'സൊജേണര്‍' എന്ന റോബോര്‍ട്ട് ഇവിടെ ജലമൊഴുകിയതിനു തുല്യമായ അടയാളങ്ങളുടെ ചിത്രങ്ങള്‍ എടുത്തിരുന്നു. ഇവിടെ ഗുസെവ്ക്രാറ്റര്‍ പ്രദേശത്ത് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജലം ഒഴുകിയിരുന്നു എന്ന് അനുമാനിക്കാവുന്ന അഞ്ഞൂറോളം മീറ്റര്‍ നീളമുള്ള'നദി'യും, പരനാ വാലിസ് പ്രദേശത്ത് കായലിനു തുല്യമായ പ്രദേശവും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഇസ്‌മേനിയസ് ലാക്കസ് പ്രദേശത്തും, ധ്രുവങ്ങളിലും ഉയര്‍ന്ന തോതില്‍ ജലാംശമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദക്ഷിണ ധ്രുവത്തിനടുത്ത് മുത്തിന്റെ സാന്നിധ്യം ശാസ്ത്രം തെളിയിച്ചു. ഒപ്പം വടക്കന്‍ ധ്രുവത്തിലും. ഒരു കാലത്ത് ജലവും, ജീവജാലങ്ങളുമൊക്കെ ഉണ്ടായിരുന്നതും ഭൂമിക്ക് തുല്യമായ ഗ്രഹമായിരിക്കുമോ ഞാന്‍ എന്ന് സംശയിക്കത്തക്ക വിധത്തിലുളള തെളിവുകളാണ് അടുത്ത കാലത്ത് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്റെ വിശേഷങ്ങള്‍ ഇവിടെ തീരുന്നില്ല കെട്ടോ. തല്‍ക്കാലം ഇന്നിത്ര പറഞ്ഞ് നമുക്കവസാനിപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."