കുപ്പിയില്‍ ഇന്ധനം: പൊലിസിന്റെ കത്തുവേണമെന്ന നിര്‍ദേശത്തിനെതിരേ പ്രതിഷേധം ശക്തം
താമരശ്ശേരി: ഇനി മുതല്‍ പമ്പുകളില്‍ നിന്നും പെട്രോളും ഡീസലും കുപ്പികളില്‍ ലഭിക്കണമെങ്കില്‍ പൊലിസിന്റെ കത്ത് നിര്‍ബന്ധമാണെന്ന വിവരമറിഞ്ഞതോടെ പ്രതിഷേധം ശക്തമാകുന്നു.
തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പമ്പുടമകള്‍ക്ക് പൊലിസ് കര്‍ശന നിര്‍ദേശം നല്‍കിയതോടെ കരാര്‍-ചെറുകിട പണിക്കാരും, വഴിയില്‍ വാഹനങ്ങളില്‍ ഇന്ധനം തീരുന്നവരും ഏറെ കഷ്ടപ്പെടേണ്ടിവരും.
ഇത്തരം ഓര്‍ഡറുകളിടാന്‍ പൊലിസിന് അധികാരമില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോള്‍ ഒഴിച്ചു പെണ്‍കുട്ടിയെ കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ കുപ്പികളില്‍ ഇന്ധനം നല്‍കേണ്ട എന്ന നിര്‍ദേശത്തെ പൊതുജനങ്ങള്‍ കണക്കിനു കളിയാക്കി തുടങ്ങിയിട്ടുണ്ട്.
ആത്മഹത്യ ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന വസ്തുക്കളും കൊലപാതകത്തിനുപയോഗിക്കുന്ന ആയുധങ്ങളും കടകളില്‍ വില്‍ക്കാന്‍ പറ്റുമോ എന്ന ചോദ്യമാണ് ഉയരുന്നത്. നിയമം കര്‍ശനമായതോടെ ഇന്ധനം വാങ്ങുന്ന ദിവസം പൊലിസ് സ്‌റ്റേഷനിലെത്തി അനുമതിപത്രം വാങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."