ഏറ്റുമാനൂര്‍ നഗരസഭ വീണ്ടും നാഥനില്ലാ കളരിയാകുന്നു
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: അധികാരകസേരയ്ക്കുള്ള വടംവലിയ്ക്കിടയില്‍ ഏറ്റുമാനൂര്‍ നഗരസഭ വീണ്ടും നാഥനില്ലാകളരിയായി മാറുന്നു. മുന്‍ധാരണ പ്രകാരം നിലവിലെ ചെയര്‍മാന്‍ ചാക്കോ ജോസഫ് (ജോയി മന്നാമല) ജൂണ്‍ മുപ്പതിന് രാജി സമര്‍പ്പിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കി അടുത്ത ചെയര്‍മാന്‍ സ്ഥാനമേല്‍ക്കാന്‍ ഒരു മാസമെങ്കിലും കാത്തിരിക്കണം. അതുവരെ നാഥനില്ലാത്ത അവസ്ഥയാകും ഏറ്റുമാനൂര്‍ നഗരസഭയ്ക്ക്.
പുതിയ നഗരസഭയായി രൂപം കൊണ്ട ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ ആയിരുന്നു ആദ്യ ചെയര്‍മാന്‍. കാലാവധി രണ്ട് വര്‍ഷമായപ്പോഴേക്കും കോണ്‍ഗ്രസിലെ തന്നെ ചില അംഗങ്ങളും കേരളാ കോണ്‍ഗ്രസ്, സ്വതന്ത്ര അംഗങ്ങളും ചേര്‍ന്ന് നടത്തിയ ചരടുവലിയില്‍ ജയിംസിന്റെ കസേരയ്ക്ക് ഇളക്കം തട്ടി. 29-ാം വാര്‍ഡില്‍ (പാറോലിക്കല്‍) നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജോയി മന്നാമല യുഡിഎഫിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും പിന്തുണയോടെ നഗരസഭയുടെ രണ്ടാമത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
ആറ് മാസത്തേക്ക് അധികാരത്തിലേറിയ ജോയിയുടെ കാലാവധി ധാരണയനുസരിച്ച് 30ന് അവസാനിക്കും.അന്നുണ്ടാക്കിയ ധാരണപ്രകാരം ജയിംസിനു പിന്നാലെ നാല് പേരാണ് ചെയര്‍മാന്‍ സ്ഥാനത്തെത്തേണ്ടത്.
ജോയി മന്നാമലയ്ക്കു പിന്നാലെ രണ്ടാം വാര്‍ഡില്‍ (കുരീച്ചിറ) നിന്നും സ്വതന്ത്രനായി ജയിച്ച ജോയി ഊന്നുകല്ലേല്‍, 24-ാം വാര്‍ഡില്‍ (കണ്ടംചിറ) നിന്നുമുള്ള കേരളാ കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ട്, ഒമ്പതാം വാര്‍ഡില്‍ (പുന്നത്തുറ) നിന്നുമുള്ള കോണ്‍ഗ്രസ് അംഗം ബിജു കൂമ്പിക്കന്‍ എന്നിവര്‍. ജോയി ഊന്നുകല്ലേലിന് ആറു മാസവും ജോര്‍ജ് പുല്ലാട്ടിനും ബിജു കൂമ്പിക്കനും ഓരോ വര്‍ഷവും ചെയര്‍മാന്‍ സ്ഥാനം ലഭിക്കും. ഇതിനിടെ തെരഞ്ഞെടുപ്പ് നടപടികള്‍ക്കുള്ള ഓരോ മാസം വീതം നാഥനില്ലാത്ത അവസ്ഥ വീണ്ടും നഗരസഭയില്‍ ഉണ്ടാവും.മുപ്പത്തഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9 , കേരളാ കോണ്‍ഗ്രസ് - 5, ബിജെപി -5, സ്വതന്ത്രര്‍ - 4, സിപിഎം - 11, സിപിഐ - 1 എന്നിങ്ങനെയാണ് കക്ഷിനില. നഗരസഭയുടെ ആദ്യ ഭരണസമിതി എന്ന നിലയില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സ്വതന്ത്രരും ചേര്‍ന്ന് സഖ്യമുണ്ടാക്കുകയായിരുന്നു.
ജയിംസ് തോമസ് രാജിവെച്ചപ്പോള്‍ ഒരു മാസത്തോളം വൈസ് ചെയര്‍പേഴ്‌സണായിരുന്ന കേരളാ കോണ്‍ഗ്രസിലെ റോസമ്മ സിബിയ്ക്കായിരുന്നു ചാര്‍ജ്. മുന്‍ധാരണപ്രകാരം റോസമ്മ പിന്നീട് രാജിവെച്ചപ്പോള്‍ കോണ്‍ഗ്രസിലെ ജയശ്രീ ഗോപിക്കുട്ടന്‍ വൈസ് ചെയര്‍പേഴ്‌സണായി. ജോയി മന്നാമല രാജി വെക്കുന്നതോടെ ജയശ്രീയ്ക്ക് ചാര്‍ജ് ലഭിക്കും.
സ്ഥിരമായി ഒരു ചെയര്‍മാനില്ലാത്തത് നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പല പദ്ധതിപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാവാതെ പരാജയപ്പെടുന്നു. മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോഴും പ്രസിഡന്റ് മാര്‍ മാറി വരുന്നത് പതിവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."