നെതര്‍ലന്‍ഡില്‍ വെടിവയ്പ്; മൂന്നുമരണം
ആംസറ്റര്‍ഡാം: നെതര്‍ലന്‍ഡിലെ ഉത്രെക്തിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ മരിച്ചു. പത്തിലധികം പേര്‍ക്കു പരുക്കേറ്റു. മധ്യ നെതര്‍ലന്‍ഡ് നഗരമായ ഉത്രെക്തിലെ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന യാത്രാവണ്ടിയില്‍ (ട്രാം) പ്രാദേശികസമയം രാവിലെ 10 മണിയോടെയാണ് സംഭവം. വെടിവയ്പ് നടന്നയുടന്‍ അക്രമി കടന്നുകളഞ്ഞു.
സംഭവത്തിനു പിന്നില്‍ ഭീകരബന്ധം തള്ളിക്കളയുന്നില്ലെന്ന് നെതര്‍ലന്‍ഡ് ഭീകരവിരുദ്ധ സേന അറിയിച്ചു. അക്രമിയുടെതെന്നു കരുതുന്ന 37 കാരനായ ഗൊകുമാന്‍ തമിന്‍ എന്ന തുര്‍ക്കിക്കാരന്റെ ഫോട്ടോ നെതര്‍ലന്‍ഡ് പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ അധികൃതര്‍ ശക്തമാക്കി.
രാജ്യത്ത് പ്രവിശ്യകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുപ്രചാരണങ്ങളില്‍ സജീവമായിരിക്കെയാണ് ഇന്നലത്തെ സംഭവം. ആക്രമണത്തിനു പിന്നാലെ പ്രചാരണ പരിപാടികള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും അതീവജാഗ്രത പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും മറ്റുപൊതുജനങ്ങള്‍ ഒരുമിച്ചുകൂടുന്ന കേന്ദ്രങ്ങള്‍ക്കും സുരക്ഷശക്തമാക്കി. ലോകത്ത് ഏറ്റവുമധികം സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലുള്ള നെതര്‍ലന്‍ഡിലുണ്ടായ ആക്രമണം ഗൗരവമായാണ് അധികൃതര്‍ എടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."