ഉത്രയുടെ മരണം: വിവാഹമോചന ആവശ്യമാണ് ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സൂരജിന്റെ കുറ്റസമ്മതം
കൊല്ലം: വിവാഹമോചനത്തിന് തയാറാകണമെന്ന ഉത്രയുടെ രക്ഷിതാക്കളുടെ ആവശ്യമാണ് അതിക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സൂരജിന്റെ കുറ്റസമ്മതം. വിവാഹമോചനത്തിന് സമ്മതിച്ചാല്‍ സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും കാറും പോക്കറ്റ് മണിയും സ്വത്തുക്കളും നഷ്ടപ്പെടുമെന്ന ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
പണത്തിന്റെ ആവശ്യത്തിന് ഭര്‍തൃഗൃഹത്തില്‍ മകള്‍ ഉത്ര മാനസിക-ശാരീരിക പീഡനം അനുഭവിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനം കുടുംബം ആഗ്രഹിച്ചതും സൂരജിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്തതും. എന്നാല്‍, വിവാഹമോചനത്തെ സൂരജ് എതിര്‍ത്തു. ഉത്രയുടെ പേരിലുള്ള സ്വത്തും പണവുമായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. കുടുംബ ഓഹരിയായി ഉത്രയ്ക്ക് ലഭിക്കുന്ന മൂന്നര ഏക്കര്‍ ഭൂമിയും ഉത്രയുടെ മാതാവ് മണിമേഖല സര്‍വിസില്‍നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഷെയറിലും സൂരജ് നോട്ടമിട്ടിരുന്നു.
ഉത്ര ഇല്ലാതാവുകയും സ്വത്തുക്കള്‍ മുഴുവന്‍ കുഞ്ഞിന്റെ പേരിലേക്ക് മാറുകയും അവ നോക്കിനടത്തുകയുമായിരുന്നു പ്രതിയുടെ മനസിലിരിപ്പ്. വിവാഹമോചനം നടന്നാല്‍ സ്വത്ത് വിനിയോഗിക്കല്‍ മോഹം പൊലിയും. കൂടാതെ, ഇതുവരെ കൈപ്പറ്റിയിട്ടുള്ള സ്വത്തുക്കളും പണവും സ്വര്‍ണവും തിരികെ നല്‍കേണ്ടിയും വരും. പലവട്ടം ഉത്രയെ പറക്കോട്ടെ വീട്ടില്‍ സൂരജ് മര്‍ദിച്ചിരുന്നു. പണം ആവശ്യമുള്ളപ്പോള്‍ ഭാര്യയെ ഉപദ്രവിക്കുന്നതായിരുന്നു ഇയാളുടെ സ്വഭാവമെന്ന് ഉത്രയുടെ മാതാപിതാക്കളായ വിജയസേനും മണിമേഖലയും പറഞ്ഞു.
ഉത്രയെ ആദ്യം പാമ്പുകടിച്ച മാര്‍ച്ച് രണ്ടിന് രാവിലെ അടൂര്‍ ഫെഡറല്‍ ബാങ്കില്‍ ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ തുറന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ 21 പവന്‍ സ്വര്‍ണം ഉത്രയുടെ രക്ഷിതാക്കള്‍ തിരികെ വാങ്ങിയതായും സൂചനയുണ്ട്. ഉത്രയുടെ മകന്‍ ധ്രുവിന്റെ ചരടുകെട്ടിന് ലഭിച്ച 12 പവന്‍ സ്വര്‍ണവും സൂരജിന്റെ കൈവശമാണെന്ന വിവരവും പൊലിസ് അന്വേഷിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."