അഹല്യയിലെ തൊഴില്‍പീഡനം: മുന്‍കാലങ്ങളിലെ പരാതികളും പൂഴ്ത്തി
സ്വന്തം ലേഖകന്‍
പാലക്കാട് : അഹല്യയില്‍ നിന്നും അകാരണമായി പിരിച്ചുവിടപ്പെട്ട മിഷയുടെ കുത്തിയിരിപ്പ് സമരം തുടങ്ങിയതിനു പിന്നാലെ, മുന്‍വര്‍ഷങ്ങളില്‍ നിരവധി സ്ത്രീ ജീവനക്കാര്‍ നേരിട്ട ചൂഷണങ്ങളും പരാതികളും വീണ്ടും ഉയരുന്നു. 2017 ഏപ്രില്‍ 9നും, മെയ് 19നുമാണ് അഹല്യയിലെ സ്ത്രീ ജീവനക്കാര്‍ ഉള്‍പ്പടെ നല്‍കിയ പരാതികളില്‍ കൊഴിഞ്ഞാമ്പാറ പൊലിസ് സ്റ്റേഷന്‍, പാലക്കാട് ജില്ലാ വനിതാസെല്‍ എന്നിവിടങ്ങളില്‍ സ്വാധീനവും പണവും ഉപയോഗിച്ച് അന്വേഷണം ഇല്ലാതാക്കിയെന്നും പരാതിക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതുമായി പുതിയ വെളിപ്പെടുത്തലുകള്‍.
മിഷയുടെ സമരം ജനശ്രദ്ധയാകര്‍ഷിച്ചതോടെയാണ് പഴയ പരാതിക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. അഹല്യ ക്വാര്‍ട്ടേഴ്‌സില്‍ ജീവനക്കാരിയായിരുന്ന യുവതി അഹല്യയിലെ സെക്യൂരിറ്റി ജീവനക്കാരായ മൂന്നുപേര്‍ക്കെതിരെ ഗുരുതര പരാതികളാണ് കൊഴിഞ്ഞാമ്പാറ പൊലിസ് സ്റ്റേഷനിലും പിന്നീട് പാലക്കാട് വനിതാ സെല്ലിലും നല്‍കിയത്. കൊഴിഞ്ഞാമ്പാറ പൊലിസ് സ്റ്റേഷനിലും പാലക്കാട് വനിതാ സെല്ലിലും അഹല്യ മാനെജ്‌മെന്റ് പ്രതിനിധികള്‍ ഇടപെട്ട് കേസ് രജിസ്റ്റര്‍ ചെയ്യാതെ പരാതി മുക്കുകയായിരുന്നുവെന്നാണ് അന്നത്തെ പരാതിക്കാരിയായിരുന്ന യുവതി സുപ്രഭാതത്തോട് വ്യക്തമാക്കിയത്. പാലക്കാട് വനിതാസെല്ലില്‍ 2017 മെയ് 19നാണ് രേഖാമൂലം യുവതി പരാതി നല്‍കിയിരുന്നത്.
കൊഴിഞ്ഞാമ്പാറ പൊലിസ് സ്റ്റേഷനില്‍ 2017 ഏപ്രില്‍ 9നാണ് പരാതി നല്‍കിയത്. സെക്യൂരിറ്റി ജീവനക്കാരില്‍ ചിലര്‍ തന്നെ അവരുടെ ശാരീരികാവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നും അതിന് തയ്യാറാകാത്തതിനാല്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. മാനേജ്‌മെന്റ് പ്രതിനിധികള്‍ പരാതി മുക്കിയെന്നുമാത്രമല്ല പരാതി നല്‍കിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു. യുവതി നേരത്തെ പൊലിസിലും വനിതാസെല്ലിലും നല്‍കിയ പരാതികളുടെ പകര്‍പ്പും അവിടെനിന്നും നല്‍കിയ രസീതുകളും സുപ്രഭാതത്തിന് ലഭിച്ചു. അതേസമയം മിഷയുടെ കുത്തിയിരിപ്പ് സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകമ്മിഷന്‍ അടുത്തമാസം 11ന് പാലക്കാട്ട് നടത്തുന്ന സിറ്റിംഗില്‍ തെളിവെടുപ്പ് നടത്തുമെന്ന് വിവരം ലഭിച്ചു.
ഇതിനിടെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ അഹല്യയിലെ തൊഴില്‍ പീഢനങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. തൊഴില്‍ നിയമങ്ങളിലെ മുതലാളിത്ത സംരക്ഷണമാണ് അഹല്യ പുറത്താക്കിയ മിഷയുടെ ഒറ്റയാള്‍തെരുവ് സമരം വ്യക്തമാക്കുന്നതെന്ന് എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി പറഞ്ഞു. സ്ത്രീസുരക്ഷയും തൊഴിലാളി സംരക്ഷണ നിയമങ്ങളും കാറ്റില്‍പറത്തിയും, സമരം ചെയ്യാനുള്ള അവകാശത്തെപോലും കോടതി വിലക്കിയിട്ടും തെരുവില്‍ ഒറ്റയാള്‍ സമരം ചെയ്യുകയാണ് അഹല്യയിലെ ജീവനക്കാരിയായിരുന്ന മിഷയെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. മുതല്‍മുടക്കിയവന്റെ വേദനയാണ് പണിയെടുക്കുന്നവന്റെ വേദനയേക്കാള്‍ പ്രാധാന്യമെന്ന് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനുഭവങ്ങള്‍ തെളിയിക്കുന്നു. ജൂണ്‍ 9നാണ് മിഷ അഹല്യയുടെ പ്രധാന കവാടത്തില്‍ സമരം ആരംഭിച്ചത്.എന്നാല്‍ മാനേജ്‌മെന്റ് വഴിതടസ്സം ഉന്നയിച്ച് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ സമ്പാദിച്ച് പൊലിസിനെക്കൊണ്ട് ബലം പ്രയോഗിച്ച് അവിടെ നിന്നും നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ മിഷ നൂറുമീറ്റര്‍ അകലെ തെരുവോരത്ത് യാതൊരു സുരക്ഷയുമില്ലാതെ സമരം തുടരുകയാണ്. ഒരു സമരപന്തല്‍ പോലും ഇല്ല.
അഹല്യ മാനേജ്‌മെന്റിന്റെ ചിലജീവനക്കാരുടേയും സാമൂഹ്യവിരുദ്ധരുടേയും അപമാനപ്പെടുത്തല്‍ വകവെക്കാതെയാണ് ഈ യുവതി സമരം ഇരിക്കുന്നത്. മിഷയുടെ സമരത്തോട് അധികാരികള്‍ പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. ഇവര്‍ തൊഴിലാളിയുടെ ജനാധിപത്യ മനുഷ്യാവകാശങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്നു. സേവന മറവിലെ അഹല്യയുടെ ഫാഷിസമാണ് മിഷയുടെ തെരുവ് സമരത്തിന് കാരണമെന്നും വിളയോടി ശിവന്‍കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് തങ്ങളുടെ ധിക്കാരം തുടര്‍ന്നാല്‍ ആശുപത്രി പരിസരത്ത് സ്ഥിരമായി കുടില്‍കെട്ടി ശക്തമായ ബഹുജനസമരത്തിന് എന്‍.സി.എച്ച്.ആര്‍.ഒ തയ്യാറാകുമെന്നും ശിവന്‍കുട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."