വൈദ്യുതിക്കരുത്തില്‍ ഇനി റോ റോ സര്‍വിസും
#ബി. പത്മകുമാര്‍
ഹരിപ്പാട്: സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ വൈദ്യുത ബസുകള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തിരുവനന്തപുരത്ത് നിര്‍മാണം പുരോഗമിക്കുന്ന ഇ ഓട്ടോകള്‍ക്കും പിന്നാലെ ജലഗതാഗത വകുപ്പ് രാജ്യത്തെ തന്നെ ആദ്യ വൈദ്യുത റോള്‍ ഓണ്‍ റോള്‍ ഓഫ് (റോ റോ) സര്‍വിസുമായി എത്തുന്നു. പദ്ധതിയുടെ സാധ്യതാപഠനം ഏപ്രിലില്‍ ആരംഭിക്കും.
സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് ജലഗതാഗത വകുപ്പ് ഡയരക്ടര്‍ ഷാജി വി. നായര്‍ പറഞ്ഞു.
പഠനം പൂര്‍ത്തിയാക്കി തുക നിശ്ചയിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. സ്ഥലങ്ങളുടെ പ്രത്യേകതയും യാത്രക്കാരുടെ തിരക്കും ബോട്ടിന്റെ കാര്യക്ഷമതയും സംബന്ധിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ട്.
വൈക്കം-തവണക്കടവ് റൂട്ടിലായിരിക്കും ആദ്യ സര്‍വിസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഒരു സര്‍വിസാണ് തുടങ്ങുന്നത്. കൊച്ചി കപ്പല്‍ശാലയിലായിരിക്കും റോ റോ നിര്‍മിക്കുക. റോ റോക്ക് വലിയ ബോട്ട് തന്നെ വേണമെന്നതിനാല്‍ കൊച്ചി കപ്പല്‍ശാലയില്‍ മാത്രമേ ഇത് നിര്‍മിക്കാന്‍ കഴിയൂ.
വിദേശരാജ്യങ്ങളെ ആശ്രയിച്ചാല്‍ അത് വന്‍ സാമ്പത്തിക ചെലവിലേക്ക് പോകുമെന്നതിനാലാണ് കൊച്ചി കപ്പല്‍ശാല ആദ്യ പരിഗണനയിലുള്ളത്. റോ റോ സര്‍വിസ് വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ സര്‍വിസിന്റെ ചെലവ് ഗണ്യമായി കുറയുമെന്നതാണ് പ്രധാന നേട്ടം.
നിലവില്‍ മെക്കാനിക്കല്‍ സംവിധാനമാണ് റോ റോയ്ക്കുള്ളത്. സര്‍വിസ് വലിയ നഷ്ടത്തിലുമാണ്. ക്ഷമത കൂടിയ എന്‍ജിന്‍ ആവശ്യമായതുകൊണ്ടുള്ള അമിത ഇന്ധനചെലവാണ് പ്രധാന കാരണം.
വൈദ്യുതി സംവിധാനത്തിലേക്ക് മാറുന്നതോടെ മെക്കാനിക്കല്‍ സംവിധാനത്തെ അപേക്ഷിച്ച് 60 ശതമാനത്തിലേറെ പ്രവര്‍ത്തനചെലവ് കുറയും. സര്‍വിസ് വിജയകരമെന്ന് കണ്ടാല്‍ മറ്റു റൂട്ടുകളിലേക്കും വ്യാപിപ്പിക്കാന്‍ ജലഗതാഗത വകുപ്പിന് പദ്ധതിയുണ്ട്.
ഒരേസമയം 400 യാത്രക്കാരെയും 20 കാറുകളും നാല് ട്രക്കുകളും വഹിക്കാന്‍ ശേഷിയുള്ളതാണ് റോറോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."