HOME
DETAILS
MAL
ദമാം- കോഴിക്കോട് സെക്റ്ററിൽ സർവ്വീസ്; കാലിക്കറ്റ് എയർപോർട്ട് യൂസേഴ്‌സ് ഫോറം സഊദി എയർലൈൻസ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി
backup
March 19 2019 | 05:03 AM
ദമാം: ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് എയർപോർട്ട് യൂസേഴ്‌സ് ഫോറം സഊദി എയർലൈൻസ് അധികൃതരുമായി ചർച്ച നടത്തി. യൂസേഴ്‌സ് ഫോറം ജനറൽ കൺവീനർ ടി.പി.എം ഫസൽ, ഭാരവാഹികളായ സി. അബ്ദുൽ ഹമീദ്, ഫിറോസ് കോഴിക്കോട് തുടങ്ങിവരാണ് സഊദി എയർലൈൻസ് ദമാം ഹെഡ്ക്വാർട്ടേഴ്‌സ് ചീഫ് മാനേജർ ഇബ്രാഹിം എ.അൽ ബാ ഹുസൈനുമായി ചർച്ച നടത്തിയത്. ദമാമിൽ നിന്നു നേരിട്ടോ അല്ലങ്കിൽ സ്റ്റോപ്പ് ഓവർ സർവീസോ ആരംഭിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
സഊദി കിഴക്കൻ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന നിരവധിപേർക്ക് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉപകാരപ്പെടുമെന്ന് യൂസേഴ്‌സ് ഫോറം പ്രതിനിധികൾ ബോധിപ്പിച്ചു. സീസൺ കാലങ്ങളിൽ കുടുംബങ്ങളടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന ദമാം-കോഴിക്കോട് റൂട്ടിൽ ഇപ്പോഴുള്ള സർവീസുകൾ പരിമിതമാണ്. കുറഞ്ഞ പക്ഷം ആഴ്ചയിൽ രണ്ട് ദിവസം സർവീസ് ക്രമീകരിക്കുന്നത് ഈ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് ഗുണകരമാവുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നേരെത്തെ ദമാമിൽ നിന്നും നേരിട്ട് കോഴിക്കോട്ടേക്ക് സഊദി എയർലൈൻസിന്റെ വിമാന സർവീസ് ഉണ്ടായിരുന്ന കാര്യം അധികൃതരെ ഓർമിപ്പിച്ചു. റി കാർപറ്റിംഗ് മൂലം വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടപ്പോഴാണ് സർവീസ് നിർത്തിവെച്ചത്. ജെറ്റ് എയർവെയ്‌സ് സർവീസ് നിർത്തിയതോടെ കേരളത്തിലേക്കുള്ള യാത്ര പ്രയാസകരമായിരിക്കുകയാണ്. ഈ അവസരത്തിൽ സഊദിയ സർവീസിന് ഏറെ പ്രാധാന്യമുണ്ടെന്ന് നിവേദനത്തിൽ വിശദീകരിച്ചു. ആവശ്യം ഗൗരവമായി കാണുന്നുവെന്നും വിഷയം എയർലൈൻസ് അതോറിറ്റി അധികൃതർക്ക് കൈമാറുമെന്നും ചീഫ് മാനേജർ ഇബ്രാഹിം എ.അൽ ബാ ഹുസൈൻ ഭാരവാഹികളെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."