HOME
DETAILS
MAL
അറബിക്കടലിലെ ഇരട്ടന്യൂനമര്‍ദം: മത്സ്യബന്ധനത്തിന് വിലക്ക്
backup
May 28 2020 | 02:05 AM
കടലിലുള്ളവര്‍ ഇന്ന് രാത്രിക്കുള്ളില്‍ മടങ്ങിയെത്തണം
തിരുവനന്തപുരം: അറബിക്കടലില്‍ ഇരട്ടന്യൂനമര്ദത്തിന് സാധ്യതയുള്ളതിനാല്‍ ഇന്നുമുതല്‍ കേരള തീരത്തും അതിനോടുചേര്‍ന്നുള്ള അറബിക്കടലിലും മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു.
കേരള തീരത്തുനിന്ന് യാതൊരു കാരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. നിലവില്‍ ആഴക്കടല്‍, ദീര്‍ഘദൂര മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവര്‍ ഇന്ന് രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണം.
ഒരു ന്യൂനമര്‍ദം തെക്കുകിഴക്കന്‍ അറബിക്കടലിലും അതിനോടുചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി ഞായറാഴ്ചയോടെയും മറ്റൊന്ന് മധ്യപടിഞ്ഞാറന്‍ അറബിക്കടലിലും അതിനോടുചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുമായി നാളെയോടെയും രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
തെക്കുകിഴക്കന്‍ അറബിക്കടല്‍ കേരള തീരത്തുനിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്കി. ഇരട്ടന്യൂനമര്‍ദം ശക്തമായ മഴയ്ക്ക് കാരണമാകുമെന്നതിനാല്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.
വിവിധ വകുപ്പുകളുടെ കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."