കാലിക്കറ്റ് സര്‍വകലാശാലയില്‍ 10 വിദ്യാര്‍ഥികളുടെ തുടര്‍പഠനം മുടങ്ങി
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘട്ടനത്തെ റാഗിങായി ചിത്രീകരിച്ച് എസ്.എഫ്.ഐ പീഡിപ്പിക്കുകയാണെന്ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍.
എസ്.എഫ്. ഐയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിധേയപ്പെടാത്തതിന്റെ ഫലമായി 10 വിദ്യാര്‍ഥികളുടെ തുടര്‍ പഠനം പൂര്‍ണമായും മുടങ്ങിയിരിക്കയാണെന്നും വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സര്‍വകലാശാല കാംപസില്‍ നടന്ന ഇഫ്താറിനോടനുബന്ധിച്ച സംഘര്‍ഷമാണ് റാഗിങ്ങായി ചിത്രീകരിച്ചത്. ഈ സംഭവം വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് പൊലിസും സര്‍വകലാശാലയും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ യു.ജി.സിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്.
സ്‌പോട്ട് അഡ്മിഷനില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും അത് മറികടക്കാന്‍ അഡ്മിഷന്‍ ഒഴിവാക്കുന്ന സമീപനമാണ് ഡിപ്പാര്‍ട്ട്‌മെന്റിലെ പുതിയ ഇടത് അനുകൂല ഡയറക്ടറും സിന്‍ഡിക്കേറ്റും സ്വീകരിച്ചത്. വിഷയത്തില്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഡോ. എം. അബ്ദുസ്സലാം വി.സിയായിരുന്നപ്പോഴാണ് ഹോസ്റ്റലില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നലകിയത്. ഇത് തങ്ങളുടെ രാഷ്രടീയ താല്‍പര്യങ്ങള്‍ക്ക് എതിരാകുമെന്ന് കണ്ടാണ് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഇടത് അനുഭാവ സിന്‍ഡിക്കേറ്റിന് അനഭിമതനായ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും പകപോക്കലിന് ഇരയായി. അദ്ദേഹം ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലാണ്. മാനസികമായ പീഡനത്തെ തുടര്‍ന്നുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് എസ്.എഫ്.ഐ ഉത്തരവാദികളാകുമെന്നും അവര്‍ പറയുന്നു.
കെ. അരുണ്‍കുമാര്‍, കെ.കെ ജാബിര്‍, എം.കെ അഖില്‍, ഇ. മുബാരിസ്, കെ.പി റാഷിദ്, അജിത് ജോണ്‍സണ്‍, പി.കെ അലി അക്ബര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."