HOME
DETAILS
MAL
നേതാക്കള്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കും: മുഖ്യമന്ത്രി
backup
May 28 2020 | 02:05 AM
തിരുവനന്തപുരം: കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കുന്നതിനും വിവിധ കക്ഷികളുടെ അഭിപ്രായം ആരായുന്നതിനും നേതാക്കളുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഒട്ടേറെ നല്ല നിര്‍ദേശങ്ങള്‍ നേതാക്കള്‍ മുന്നോട്ടുവച്ചെന്നും അവയെല്ലാം സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നാം നിതാന്ത ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകടസാധ്യത ഉണ്ടെന്ന സര്‍ക്കാരിന്റെ നിലപാടിനോട് എല്ലാവരും യോജിച്ചു. സ്രവ പരിശോധനയുടെ എണ്ണം കൂട്ടണമെന്ന നിര്‍ദേശം സര്‍വകക്ഷി യോഗത്തില്‍ ഉണ്ടായതായി മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൂടാതെ എം.വി ഗോവിന്ദന്‍, തമ്പാനൂര്‍ രവി, കെ. പ്രകാശ് ബാബു, കെ.പി.എ മജീദ്, പി.ജെ ജോസഫ്, സി.കെ നാണു, ടി.പി പീതാംബരന്‍ മാസ്റ്റര്‍, കെ. സുരേന്ദ്രന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി.സി ജോര്‍ജ്, വി. സുരേന്ദ്രന്‍പിള്ള, എ.എ അസീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വി. മുരളീധരന് മറുപടി
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗത്തില്‍ പങ്കെടുത്തില്ലെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തിന്റെ കാര്യങ്ങള്‍ അറിയിച്ച് വി. മുരളീധരന്റെ സ്റ്റാഫിനെ ബന്ധപ്പെട്ടിരുന്നു. പങ്കെടുക്കാമെന്ന് അവര്‍ സമ്മതം അറിയിച്ചു. കോണ്‍ഫറന്‍സിനുള്ള ലിങ്ക് അയച്ചുകൊടുത്തു. യോഗം തുടങ്ങിയപ്പോള്‍ ലിങ്കില്‍ അദ്ദേഹത്തിന്റെ കാമറയും ഉണ്ടായിരുന്നു. അദ്ദേഹം വേറൊരു പരിപാടിയിലാണ്, അല്‍പ്പസമയത്തിനുള്ളില്‍ പങ്കെടുക്കുമെന്നും സ്റ്റാഫ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."