നേട്ടം കൊയ്യാന്‍ പ്രവാസികളും കയറ്റുമതിക്കാരും
റിയാദ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു കൂപ്പുകുത്തിയതോടെ വിദേശ വിനിമയ നിരക്കില്‍ വന്‍ ഉയര്‍ച്ച. കുത്തനെ മൂല്യമിടിഞ്ഞ രൂപ ഇന്നലെ ഡോളറിനെതിരേ 69.10 എന്ന നിലവാരത്തിലേക്കു താഴ്ന്നിരുന്നു. വ്യാഴാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം 49 പൈസയാണ് ഇടിഞ്ഞത്. ഇങ്ങനെ പോയാല്‍ അധികം വൈകാതെ ഒരു ഡോളറിന് 70 രൂപ എന്ന നിലയിലെത്തുമെന്നാണു സാമ്പത്തികവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അന്താരാഷ്ട്രതലത്തിലെ സാമ്പത്തിക ക്രയവിക്രയത്തില്‍ ഇന്ത്യന്‍ രൂപ കൂപ്പുകുത്തുന്നതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയനിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവാണു രേഖപ്പെടുത്തിയത്. മലയാളികളടക്കം ലക്ഷക്കണക്കിനു പ്രവാസികളുടെ ആശാകേന്ദ്രങ്ങളായ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കു ജോലി ആശങ്കക്കിടയില്‍ ഇതു തെല്ലാരാശ്വാസമാണു നല്‍കുന്നത്. സഊദി, ഖത്തര്‍, ഒമാന്‍ റിയാലുകളും യു.എ.ഇ ദിര്‍ഹം, ബഹ്‌റൈന്‍, കുവൈത്ത് ദിനാറുമെല്ലാം ഉയര്‍ന്നനിരക്കിലെത്തി.
പ്രമുഖ എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റ് പ്രകാരം സഊദി റിയാല്‍ 18.36 രൂപക്കു മുകളിലാണു വിപണനം നടക്കുന്നത്. 18.92 രൂപയിലാണ് ഖത്തര്‍ റിയാലിനു ലഭിക്കുന്നത്. 18.76 ദിര്‍ഹമാണ് യു.എ.ഇയുടെ നില. കുവൈത്ത് ദിനാറിന് 227.34 രൂപ ലഭിക്കുന്നു. ബഹ്‌റൈന്‍ ദിനാര്‍ 183.01 രൂപയ്ക്കും ഒമാനി റിയാല്‍ 178.97 രൂപയ്ക്കുമാണു വിപണനം നടക്കുന്നത്.
കയറ്റുമതിക്കാരാണു രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ സന്തോഷിക്കുന്ന മറ്റൊരു കൂട്ടര്‍. വിദേശത്തേക്കു കയറ്റിയയക്കുന്ന ഐ.ടി സേവനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയ്ക്കു മികച്ച വില ലഭിക്കാന്‍ ഇത് ഇടയാക്കും. 2017 ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായവും കച്ചവടവും പ്രതിസന്ധിയിലാകും.
ഇറക്കുമതി ചെയ്ത ഘടകങ്ങള്‍കൊണ്ടു നിര്‍മിക്കുന്ന കംപ്യൂട്ടര്‍ അടക്കമുള്ള സാധനങ്ങളുടെ വിലയും വലിയ തോതില്‍ കൂടും. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ് കൂടുന്നത് വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിക്കും. പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനിയും കുതിക്കാന്‍ ഇതു വഴിയൊരുക്കും. ഉയര്‍ന്ന ഇന്ധനവില ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടും. പച്ചക്കറികളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇതിന്റെ ഫലം. വിദേശരാജ്യങ്ങളിലേക്കു പഠനാവശ്യത്തിനായും വിനോദത്തിനായുമുള്ള യാത്രകള്‍ക്കും ചെലവേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."