ഐസുകളില്‍ കോളിഫോം ബാക്ടീരിയയും അമോണിയയും
തിരുവനന്തപുരം: മത്സ്യം കേടുകൂടാതെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസില്‍ കോളിഫോം ബാക്ടീരിയയും അമോണിയയും. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസില്‍ കോളിഫോം ബാക്ടീരിയയും അമോണിയയും കണ്ടെത്തിയത്. മനുഷ്യവിസര്‍ജ്യം കലര്‍ന്ന മലിനജലം ഐസ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതു തെളിഞ്ഞിട്ടുണ്ട്.
മത്സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയ ഓപറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു പുതിയ കണ്ടെത്തല്‍. മത്സ്യബന്ധന വിതരണകേന്ദ്രങ്ങളില്‍ ഐസിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരം പരിശോധിച്ചിരുന്നു. ഇതോടെയാണ് കോളറയും മഞ്ഞപ്പിത്തവും പിടിപെടാന്‍ കാരണമാകുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
സംസ്ഥാനത്തെ ചെമ്മീന്‍കെട്ടുകളിലെ വെള്ളത്തില്‍ അമോണിയ ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന മത്സ്യത്തിനു പുറമെ സംസ്ഥാനത്തു വളര്‍ത്തുന്നവയിലും വിഷം കണ്ടെത്തിയതോടെ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണു ഭക്ഷ്യസുരക്ഷാ വകുപ്പ്. ഐസ് നിര്‍മാണകേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കും.
അതിനിടെ, മായം കലര്‍ത്തല്‍ കണ്ടെത്താന്‍ ഏതുതരം പരിശോധനാരീതിയാണു പിന്തുടരേണ്ടതെന്ന് അറിയാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി രാജമാണിക്യം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക്(എഫ്.എസ്.എസ്.എ.ഐ) കത്തയച്ചു. നിലവില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പരിശോധന ഫലപ്രദമാണെന്നാണു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എഫ്.എസ്.എസ്.എ.ഐയുടെ മറുപടി ലഭിച്ചാല്‍ പരിശോധന എങ്ങനെ നടത്തണമെന്ന് അന്തിമതീരുമാനമെടുക്കൂ.
സംസ്ഥാനത്തെ മത്സ്യവിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മത്സ്യങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സംസ്ഥാനത്തെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചു നടപടികള്‍ ശക്തമാക്കൂ. മായം കലര്‍ത്തുന്നവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ ശക്തമാക്കാന്‍ പുതിയ നിയമം കൊണ്ടുവരില്ല. കേന്ദ്രനിയമം ശക്തമായതിനാല്‍ ചട്ടങ്ങള്‍ ഉണ്ടാക്കാനാണു നീക്കം.
അതേസമയം, ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതു പരിശോധന ശക്തമാക്കുന്നതിനു തിരിച്ചടിയായിട്ടുണ്ട്. ഫോര്‍മാലിന്‍ ഉള്‍പ്പെടെ വിഷം കലര്‍ത്തിയ മത്സ്യം കൊണ്ടുവരുന്നതായി കണ്ടെത്തിയിട്ടും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പോലും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാനായിട്ടില്ല. പൊലിസും എക്‌സൈസും ഉള്‍പ്പെടെ വകുപ്പുകളുടെ സഹായം തേടാനുള്ള നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."