കൊവിഡ് ഭയങ്കരന്‍ മാത്രമല്ല, അസാധ്യ രസികനുമാണ്: 35 ദിവസം മുമ്പ് മരിച്ച കുഞ്ഞിനെങ്ങനെ രോഗം വന്നെന്നു വിശദീകരിക്കാനാകാതെ ആരോഗ്യ വകുപ്പ്
കോഴിക്കോട്: കൊവിഡ് ആളൊരു ഭയങ്കരന്‍ മാത്രമല്ല, അസാധ്യ രസികന്‍ കൂടിയാണ്. എവിടെയാണുള്ളതെന്നു പറയില്ല. ഏതുവഴിയാ വരികയെന്നു പറയാനാവില്ല. കൊടുങ്കാറ്റല്ല. പേമാരിയല്ല. പ്രളയമല്ല. ആരും കണ്ടിട്ടില്ല. എന്നാലും ആളൊരു ഭയങ്കരന്‍ തന്നെ. അസാധ്യ രസികനും. പലരിലും പ്രേതത്തെപോലെ സന്നിവേശിക്കുന്നുണ്ട്. ഇടക്കെപ്പോഴോ ഇറങ്ങിപ്പോകുന്നുമുണ്ട്.
മഞ്ചേരിയിലെ ആ കൊച്ചുകുഞ്ഞിന്റെ കാര്യമൊന്നാലോചിച്ചു നോക്കൂ. നാലുമാസം മാത്രമായിരുന്നു ആ പെണ്‍കുഞ്ഞിന്റെ പ്രായം. അവള്‍ മരണത്തിലേക്കുയാത്രപോയി. കുട്ടിക്ക് കൊവിഡായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് കട്ടായം പറയുന്നു. കുഞ്ഞിന്റെ മാതാപിതാക്കള്‍ അതല്ലെന്നു തീര്‍ത്തുപറയുന്നു. അവര്‍ ആരോഗ്യവകുപ്പിനെതിരേ വാളെടുക്കുന്നു.
കുഞ്ഞ് മരിച്ചിട്ട് 35 ദിവസം കഴിഞ്ഞു. പരിശോധനാ ഫലമോ, വിശദാംശങ്ങളോ ആരോഗ്യവകുപ്പ് ഇതുവരേ നല്‍കിയിട്ടില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കുഞ്ഞിന് കൊവിഡ് ബാധിച്ചിരുന്നില്ല. പിഴവ് പുറത്തറിയാതിരിക്കാനാണ് അധികൃതര്‍ ഒളിച്ചുകളിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.
മഞ്ചേരി പയ്യനാടിലെ മുഹമ്മദ് അഷറഫ്, ആഷിഫ ദമ്പതികളുടെ കുഞ്ഞ് നൈഹ ഫാത്തിമക്ക് ഏപ്രില്‍ 21നാണ് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്. 24ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരമായിരുന്നു മൃതദേഹം സംസ്‌ക്കരിച്ചത്. അതാകട്ടെ ഇങ്ങു കോഴിക്കോട്ടെ പള്ളിശ്മശാനത്തിലും.
കുഞ്ഞിന് എങ്ങനെ രോഗം ബാധിച്ചെന്ന് അറിയില്ല. എങ്ങനെ വന്നു, ആരില്‍ നിന്നു പകര്‍ന്നു. മഷിയിട്ടുനോക്കിയിട്ടും കണ്ടെത്താന്‍ കൊവിഡ് പരിചരണത്തിലും ചികിത്സയിലും ലോക മാതൃകയായ കേരളത്തിലെ ഒരു വകുപ്പിനും കഴിഞ്ഞിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.
കുഞ്ഞുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന മാതാപിതാക്കളടക്കം ആര്‍ക്കും രോഗം പടര്‍ന്നിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച രേഖകളൊന്നും നല്‍കിയിട്ടുമില്ല. ഇതെല്ലാം സംശയം ബലെപ്പടുത്തുകയാണെന്നാണ് ഇവരുടെ പക്ഷം. ആ പക്ഷത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.
കൊവിഡ് രോഗിയെന്ന് ചിത്രീകരിച്ച് കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതോടെ ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞിന് മതിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല. അതും മരണത്തിലേക്ക് വഴിവച്ചെന്നും പിതാവും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കുഞ്ഞിന്റെ ആദ്യത്തെ രണ്ട് പരിശോധനാഫലങ്ങളും പൊസിറ്റീവ് തന്നെയായിരുന്നു. ചികിത്സക്ക് ശേഷമാണ് ഫലം നെഗറ്റീവായത്. ബന്ധുക്കളുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. അപ്പോഴും അതെവിടെനിന്നു വന്നു, ആരിലൂടെ പകര്‍ന്നു, പിന്നീടതങ്ങോട്ടുപോയി തുടങ്ങിയ കാര്യങ്ങളിലൊക്കെ വിശദീകരണം നല്‍കാനുള്ള ബാധ്യത ആര്‍ക്കാണ്.?
തീര്‍ച്ചയായും എവിടെനിന്നോ വന്ന് എവിടേക്കോ പോയ കൊവിഡിനുതന്നെയാകും. അതുകൊണ്ടാണ് സംഗതി കൊവിഡൊരു അസാധ്യ രസികന്‍ തന്നെയെന്നു പറഞ്ഞത്. പറയുന്നതും പറയിപ്പിക്കുന്നതും വെറുതെയാണോ ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."