25 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈ ഫൈ നല്‍കുമെന്ന് മന്ത്രി
കൊല്ലം: കേരളത്തിലെ 25 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ വൈ ഫൈ കണക്ഷന്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
പാരിപ്പള്ളി യു.കെ.എഫ് എന്‍ജിനീയറിങ് കോളജില്‍ ഇത്തിക്കര ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കുമുള്ള കംപ്യൂട്ടര്‍ സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സൗജന്യമായി ലഭിച്ച കംപ്യൂട്ടര്‍ അറിവുകള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനായി മേഖലയിലെ ഓരോ പഞ്ചായത്തിലും ഒരു കംപ്യൂട്ടറും പ്രൊജക്ടറും നല്‍കുന്നുണ്ട്.
യു.കെ.എഫ് കോളജിന്റെ സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതു നടപ്പാക്കുക. അങ്കണവാടി പ്രവര്‍ത്തകരുടെ കംപ്യൂട്ടര്‍ സാക്ഷരത സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷനായി, ചെയര്‍മാന്‍ എസ്. ബസന്ത്, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സുജാത, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മായ സുരേഷ്, സുന്ദരേശന്‍, തദ്ദേശ സ്ഥാപന ഭാരവാഹികളായ അംബികാ കുമാരി, ലൈല, ഡി. ഗിരികുമാര്‍, വിജയശ്രീ സുബാഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."