'സൂറതുകൂറണ': ദുരന്തം ഏറ്റുപിടിക്കുന്ന ദുരന്തം
വിശുദ്ധ ഖുര്‍ആനിനെ സംബന്ധിച്ച് ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകരും അതേറ്റുപിടിച്ച് നവനാസ്തികരും ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന് ഖുര്‍ആന്‍ നബി (സ)ക്കു മുന്‍പേയുള്ളതാണ് എന്നതാണ്. ഈ ആരോപണത്തിന്റെ മറുപടിയിലൂടെ ഖുര്‍ആനിന്റെ ചരിത്രപരതയെയും തെളിയിക്കാവുന്നതാണ്. ബെര്‍മിങ്ഹാം യൂനിവേഴ്‌സിറ്റിയിലെ ഇറ്റാലിയന്‍ ഗവേഷകയായിരുന്ന ആല്‍ഫഫിദലി അവിടെയുള്ള ഉലുമൃാേലി േീള ടുലരശമഹ ഇീഹഹലരശേീി ലെ ശേഖരത്തിനിടയില്‍ രണ്ടു ഖുര്‍ആന്‍ ആലേഖിത കടലാസുകള്‍ കണ്ടെത്തുന്നു. 343 മില്ലിമീറ്റര്‍ നീളവും 258 മില്ലിമീറ്റര്‍ വീതിയുമുണ്ടായിരുന്ന കടലാസുകള്‍ കാര്‍ബണ്‍ഡേറ്റിങ്ങിനു വിധേയമാക്കിയപ്പോള്‍ അത് എ.ഡി 568നും 661നും ഇടയ്ക്കുള്ളതാണെന്നു കണ്ടെത്തുകയും ചെയ്തു. നബി (സ)യുടെ കാലഘട്ടം എ.ഡി 570-640 ആണെന്നും അതിന്റെ രണ്ടുവര്‍ഷം മുന്‍പുതന്നെ ഖുര്‍ആന്‍ നിലവിലുണ്ടായിരുന്നുവെന്നും തല്‍പ്പരകക്ഷികള്‍ പ്രചരിപ്പിച്ചു. ഇതടിസ്ഥാനത്തില്‍ കെയ്റ്റ ഇ സ്മാള്‍ ഠശാല െീള ഘീിറീി ല്‍ എഴുതിയ ഖുര്‍ആന്‍ വിമര്‍ശനലേഖനം വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെട്ടു. പക്ഷേ, 2015 സെപ്റ്റംബറില്‍ തുടങ്ങിയ ഈ വിവാദം ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി അധികൃതര്‍ തന്നെ തിരുത്തുകയായിരുന്നു. അവിടെ പരിശോധിക്കപ്പെട്ടത് പ്രസ്തുത കടലാസുകളുടെ പഴക്കമാണെന്നും അല്ലാതെ അതില്‍ ലിഖിതമായ മഷിയുടെ പഴക്കമല്ലെന്നും അവര്‍ തുറന്നുപറഞ്ഞതോടെ വിവാദഗതി ഖുര്‍ആനിന് അനുകൂലമായി. പ്രവാചകാഗമനത്തിനു മുന്‍പോ തൊട്ടുശേഷമോ തയാര്‍ചെയ്യപ്പെട്ട പ്രസ്തുത കടലാസുകളില്‍ ദിവ്യബോധനാനന്തരം ഖുര്‍ആന്‍ കുറിച്ചുവയ്‌പ്പെടുകയായിരുന്നുവെന്ന നിരീക്ഷണം അംഗീകരിക്കപ്പെട്ടു.
ഒന്നാം കടലാസില്‍ കുറിച്ചിട്ട ഖുര്‍ആനിലെ 18ാം അധ്യായം സൂറ: അല്‍ കഹ്ഫിലെ 17-31 വചനങ്ങളും രണ്ടാം കടലാസില്‍ കുറിച്ചിട്ട 19ാം അധ്യായം സൂറ: മര്‍യമിലെ അവസാന ആറു വചനങ്ങളും 20ാം അധ്യായം സൂറ: ത്വാഹയിലെ ആദ്യ 40 വചനങ്ങളും സൂചിപ്പിക്കുന്ന ക്രമാനുഗത പ്രവാചകാനന്തര ഖലീഫമാരുടെ കാലത്തെ ക്രോഡീകരണത്തിന് അനുകൂലമായ സാഹചര്യത്തെളിവായി വായിക്കപ്പെടുകയും ചെയ്തു. ബെര്‍മിങ്ഹാമിലെ ഖുര്‍ആന്‍ കടലാസുകളും ഹിജാസിലെ പുരാതന ഖുര്‍ആന്‍ കൈയെഴുത്തു പ്രതികളും താഷ്‌കന്റിലും തോപ്പ്കാപിയിലും സൂക്ഷിച്ച ആദ്യകാല ഖുര്‍ആനിക പുസ്തകങ്ങളും സമാനമാണെന്നും അവയുടെ ഉറവിടം ഏകമാണെന്നും രേഖപ്പെടുത്തിയ ഒട്ടനവധി ആധുനിക ചരിത്രകാരന്മാരുണ്ട്. ഇക്കാര്യം അംഗീകരിച്ച് ഓക്‌സ്‌ഫോര്‍ഡിലെ തന്നെ ജോസഫ് ഇവി ലംബാര്‍ഡ് ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനമെഴുതിയിട്ടുണ്ട്. തുര്‍ക്കി യലോവ യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക പഠനവിഭാഗം തലവന്‍ സുലൈമാന്‍ ബെര്‍ക് പുരാതന ഖുര്‍ആനുകളുടെ ചരിത്രപരമായ സമാനത രേഖപ്പെടുത്തിയിട്ടുണ്ട്. 2010ല്‍ ഇസ്താംബൂളില്‍ ഖുര്‍ആനിന്റെ 1400 വര്‍ഷങ്ങള്‍ എന്ന കൈയെഴുത്തു പ്രതികളുടെ എക്‌സിബിഷനില്‍ പങ്കെടുത്ത വിഖ്യാത ഫ്രഞ്ച് ചരിത്രപണ്ഡിതന്‍ ഫ്രാന്‍കോയിസ് ഡറേക്ക ഇതേകാര്യം അംഗീകരിച്ചാണു സംസാരിച്ചത്.
പ്രവാചക കാലഘട്ടത്തിലെ സിറിയന്‍, റോമന്‍, അല്‍മേനിയന്‍ ചരിത്രരേഖകള്‍ പരിശോധിച്ച് പഠനം നടത്തിയ എസ്.പി ബ്രൂക്ക് രേഖപ്പെടുത്തുന്നത്, അക്കാലത്ത് അറേബ്യയില്‍ ജീവിച്ചിരുന്ന മുഹമ്മദിനു ദിവ്യബോധനം ഉണ്ടായിയെന്നാണ് സമകാലീനരായ അനറബി ചുറ്റുപ്രദേശക്കാര്‍ മനസിലാക്കിയത് എന്നാണ്. പ്രാചീന അര്‍മേനിയന്‍ ചരിത്രകാരനായ സീബിയോസിന്റെ ചരിത്രരേഖകള്‍ പരിശോധിച്ച ആര്‍.ഡബ്ല്യു തോംസണ്‍ ഖുര്‍ആന്‍ ദിവ്യബോധനമായിരുന്നെന്ന സമകാലീനരുടെ വിശ്വാസം എടുത്തുപറയുന്നുണ്ട്. ജര്‍മന്‍ ചരിത്രകാരന്മാരായ ഹറാള്‍ മോസ്‌കി, പാട്രിക്ക ക്രോണ്‍, മൈക്കിള്‍ കൂക്ക് തുടങ്ങിയവര്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഖുര്‍ആന്‍ ആട് തിന്നുപോയോ?
ഇസ്‌ലാംവിരുദ്ധ കേന്ദ്രങ്ങള്‍ നുണച്ചുണ്ടാക്കിയ വ്യാജഹദീസാണ് മഹതി ആഇശ (റ)യുടെ പേരില്‍ പറയപ്പെടുന്ന ആട് തിന്നുകളഞ്ഞ ഖുര്‍ആന്‍ ഏടുകളുടെ കഥ. 'മുലകുടിവചനവും കല്ലേറ് വചനവും അവതീര്‍ണമായിരുന്നു, അതെഴുതപ്പെട്ട ഏടുകള്‍ എന്റെ കട്ടിലിന്റെ ചുവട്ടില്‍ സൂക്ഷിച്ചിരുന്നു. അപ്പോഴാണ് പ്രവാചകന്‍ (സ) വിടപറയുന്നത്. ഞങ്ങള്‍ അക്കാര്യങ്ങളില്‍ വ്യാപൃതരായിരിക്കെ ഒരു വീട്ടുജീവി അതു തിന്നു' എന്ന വചനം വ്യാജമാണെന്നു തഫ്‌സീര്‍ റൂഹുല്‍ മആനിയില്‍ കാണാം. ഇനി അതു വ്യാജമല്ലെങ്കിലും പ്രശ്‌നമല്ല. അതീവ ബുദ്ധിമതിയായ മഹതിക്ക് അവ നേരത്തെ മനഃപാഠമായിരുന്നു. മാത്രമല്ല, ഔദ്യോഗികവും അനൗദ്യോഗികവുമായി 43 (അന്‍പതോളം) പേര്‍ ഖുര്‍ആന്‍ എഴുതിവച്ചിരുന്നു. ഒരേട് നശിച്ചതുകൊണ്ട് ഖുര്‍ആന്‍ നഷ്ടമാവില്ല. മൂന്നാം ഖലീഫയുടെ ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ പന്ത്രണ്ടായിരം പ്രവാചകാനുയായികള്‍ ഭാഗവാക്കായിരുന്നു. ആട് എന്നുതന്നെ ദാജിന്‍ എന്നതിന് അര്‍ഥമില്ല. ഗൃഹാന്തരീക്ഷത്തില്‍ താമസിക്കുന്ന ഏതു ജീവിയുമാകാം. അക്കാലത്ത് വിലപിടിപ്പുള്ള നിധികള്‍ കട്ടിലിനടിയില്‍ തന്നെയാണ് സൂക്ഷിക്കാറുണ്ടായിരുന്നത്. തമാശയാക്കുന്നവര്‍ക്ക് ഒന്നുമില്ലാത്തതിന്റെ ഭാഗമായി ചരിത്രബോധവുമില്ല. മാത്രമല്ല, രാജരേഖകള്‍ വരെ എല്ലിലും തോലിലും കല്ലിലും കുറിക്കപ്പെട്ട കാലത്ത്, അക്കാലത്തെ ഏറ്റവും മുന്തിയ കടലാസുകളില്‍ തന്നെയായിരുന്നു അവര്‍ സൂക്ഷിച്ച ഖുര്‍ആന്‍ എഴുതപ്പെട്ടിരുന്നത് എന്നതും ശ്രദ്ധേയമാണ്.
'സൂറതുകൂറണ' എന്ന തമാശ
കാഫിര്‍ മഗ്രിബി എഴുതിയ സുറതുകൊവിഡില്‍ ചില മാറ്റങ്ങള്‍ വരുത്തി അള്‍ജീരിയക്കാരനായ ജീലു എന്ന വ്യാജവിലാസത്തില്‍ വന്ന വാചാട വരികളാണ് ഇപ്പോള്‍ പലരും പൊക്കിനടക്കുന്ന 'കൂറണ'പുരാണം. അത്തരം സൃഷ്ടികളെ ഖുര്‍ആനുമായി താരതമ്യം ചെയ്യുന്നതും, പരിഗണിച്ച് മറുപടി നല്‍കുന്നതും അനൗചിത്യമാണ്. കാരണം ഖുര്‍ആന്‍ വെല്ലുവിളിച്ചത് അതിലെ ഒരധ്യായത്തിന്റെ 'മിസ്ല്‍' കൊണ്ടുവരാനാണ്. ഖുര്‍ആന്‍ പദാനുപദ തര്‍ജമയുടെ ദുരന്തമാണിത്. മിസ്ല്‍ എന്നതിന്റെ ഭാഷാന്തരമായി തുല്യം, സമാനം, സാമ്യം, സാധര്‍മ്യം, അനുരൂപം തുടങ്ങിയ ഒരുവാക്കും മതിയാവില്ല. അതൊക്കെ 'മസല്‍' എന്നതിന്റെ മലയാളമാവാം. മലയാളേതര ഭാഷകള്‍ക്കും അതിവഹന പരിമിതിയുണ്ട്.
'തമാമു മുസാവാതിശ്ശൈഇ ലില്ലൈഇ ഫില്‍ ദാതി വല്‍ മാഹിയതി വല്‍ ഹഖീഖതി' എന്നതാണ് മിസ്ല്‍. പദാര്‍ഥസത്ത എന്ന ദാതിലും ജീവസ്വത്വം എന്ന മാഹിയതിലും പ്രത്യക്ഷാസ്തിത്വം എന്ന ഹഖീഖതിലും തുല്യമാകുമ്പോഴാണ് മിസ്ല്‍ ആകുന്നത്. ഏതെങ്കിലും ഒരു വിശേഷണത്തില്‍ കേവലം സാമ്യത ഉണ്ടെങ്കില്‍തന്നെ മസല്‍ ആകും. മസലാകാന്‍ സാധര്‍മ്യന്യായമായി ആരാധിക്കപ്പെടുക എന്നതു മതി. ഒരു സ്വരം, ചിഹ്നം മാറുമ്പോഴേക്ക് അര്‍ഥം അടിമുടി മാറുന്ന ഭാഷാവഴക്കമാണ് അറബിയുടെ പ്രത്യേകത. അല്ലാഹുവിനു തുല്യമായി ആരുമില്ല എന്ന വചനത്തില്‍ മിസ്ല്‍ ആണുള്ളത്.
ഖുര്‍ആന്‍ നടത്തിയ വെല്ലുവിളി 'മിസ്ല്‍' കൊണ്ടുവരാനാണ്. മസല്‍ കൊണ്ടുവരാനല്ല. ഈ യാഥാര്‍ഥ്യം എന്താണെന്നറിയാതെ കോളിളക്കത്തില്‍ ഒലിച്ചുപോകുന്നവര്‍ വിഷയത്തിന്റെ ഉറവയെ ധിഷണയോടെ സമീപിക്കുകയാണു വേണ്ടത്. തെരുവോരങ്ങളില്‍ കാണുന്ന ഗാന്ധിജിയുടെ പ്രതിമ, ചിത്രം തുടങ്ങിയവ ഗാന്ധിജിയുടെ മസലുകളാണ്. അതില്‍തന്നെ ധാരാളം ന്യൂനതകള്‍ ഉണ്ടാകും. ഗാന്ധിജിയുടെ മിസ്ല്‍ ആകണമെങ്കില്‍ ആ പ്രതിമ ഒരു രാഷ്ട്രനേതാവാകണം, ഒരു രാഷ്ട്രീയ ദര്‍ശനം മുന്നോട്ടുവയ്ക്കണം, കൂടെ മജ്ജയും മാംസവുമുള്ള ഹോമോസാപ്പിയനാകണം. മസലും മിസ്‌ലും മനസിലാകാത്തവര്‍ ഖുര്‍ആന്‍ സംരക്ഷിക്കാന്‍ ഇറങ്ങാതിരിക്കലാണു ഭേദം. ഖുര്‍ആനികാധ്യായത്തിന്റെ മിസ്ല്‍ ആകണമെങ്കില്‍ ആ വചനങ്ങളുടെ ഉറവിടപശ്ചാത്തലം പ്രത്യയശാസ്ത്രപരമായിരിക്കണം. സ്വയം സൃഷ്ടിയാവാതെ അവതീര്‍ണം അഭൗമമാണെന്ന അവകാശവാദം നടക്കണം. താന്‍ സ്വയം കോര്‍ത്ത വചനങ്ങള്‍ തനിക്കു വെളിപാടായിറങ്ങിയതാണെന്നു മുസൈലിമ പറഞ്ഞത് മിസ്‌ലിയ്യത് മനസിലായതു കൊണ്ടാണ്. ആ വചനങ്ങള്‍ നൂറ്റാണ്ടുകളെ, സഹസ്രാബ്ദങ്ങളെ, നാഗരികതകളെ നിയന്ത്രിക്കണം, ചിന്താപരമായ സജീവത നിലനിര്‍ത്തണം, ഇങ്ങനെ നൂറുകണക്കിനു വിശേഷണങ്ങളുടെ പലമകള്‍ ഒരുമിക്കുമ്പോഴേ അവ ഖുര്‍ആന്‍ പറഞ്ഞ മിസ്ല്‍ ആകുന്നുണ്ടോ എന്ന പരിശോധനപോലും അര്‍ഹിക്കുന്നുള്ളൂ.
അന്നോ ഇന്നോ പുറത്തുവന്ന വ്യാജോക്തികള്‍ മറ്റുള്ളവരുടെ പോയിട്ട് അത് എഴുതിയവരുടെ പോലും ജീവിതത്തിന്റെ ഭാഗമായിട്ടില്ല. ഒരാഴ്ച പഴക്കമുള്ള ഉടമസ്ഥന്‍ അറിയപ്പെടാത്ത വാചകക്കൂട്ടങ്ങളെ ഒന്നര സഹസ്രാബ്ദങ്ങളെ അത്ഭുതപരതന്ത്രരാക്കിയ വിശുദ്ധ ഖുര്‍ആനുമായി ഒത്തുനോക്കിയവര്‍ മനസിലാക്കിയത് ഖുര്‍ആന്‍ കേവലമൊരു ഭാഷാസാഹിത്യ കൃതി എന്നു മാത്രമാണോ. ആണെങ്കില്‍ അതാണു വലിയ പിഴവ്. വെല്ലുവിളിക്കാനുള്ള ഒരു വെല്ലുവിളി ആയിരുന്നില്ല അത്. സ്രഷ്ടാവ് തന്റെ സൃഷ്ടികളെ വെല്ലുവിളിക്കുന്നത് അനൗചിത്യമാണ്. വെല്ലുവിളിയുടെ പ്രേരണ മാത്സര്യമാണ്, അല്ലാഹുവിനെന്ത് മാത്സര്യം! ആ വികാരം പോലും അല്ലാഹുവിന്റെ സൃഷ്ടിയാണെന്നിരിക്കെ, പ്രസ്തുത വെല്ലുവിളി മനുഷ്യരുടെ അശക്തിയും പരിമിതിയും ബോധ്യപ്പെടുത്താനുള്ള സൂചനയാണ്. മിസ്ല്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് തുടര്‍ന്നു തന്നെ പറയുന്നത് അതുകൊണ്ടാണ്.
അങ്ങനെയൊന്ന് കൊണ്ടുവരിക അസാധ്യമായതിനാല്‍ വിധിനിര്‍ണയിക്കുന്ന കക്ഷിയേത് എന്ന ചോദ്യവും പ്രസക്തമല്ല. ഈ അടിസ്ഥാനതത്വം ലോകത്തോടു പറയേണ്ടവര്‍ തന്നെ വിധിപ്രസ്താവിച്ച് ഖുര്‍ആനിനെ ജയിപ്പിച്ചെടുത്ത കൂറണാവലോകനങ്ങള്‍ പല പണ്ഡിത ഗ്രൂപ്പുകളില്‍ പോലും ഷെയര്‍ ചെയ്യപ്പെടുന്നത് ദയനീയമാണ്. വാചികമായ ഘടനമാത്രം നോക്കിയല്ല, അതിന്റെ കാലാതിവര്‍ത്തിയായ പ്രത്യുല്‍പന്നപരതയുടെ വൈവിധ്യങ്ങളും വൈപുല്യങ്ങളും പരിഗണിച്ചാണ് ഖുര്‍ആന്‍ പ്രാപഞ്ചികവേദമാണെന്ന സത്യത്തിലേക്ക് ധൈഷണിക ചക്രവാളങ്ങളെ നയിച്ചത്. ആ അനിതരത്വത്തിന്റെ പ്രഖ്യാപനമാണ് മനുഷ്യസാധ്യമല്ലാത്ത ആ മിസ്‌ലിയ്യത്ത്. വാചികാര്‍ഥങ്ങളില്‍ തന്നെ സമാന്യബുദ്ധിക്ക് നിരയ്ക്കാത്തതും വസ്തുതകളോട് അവഹേളന മനോഭാവം പുലര്‍ത്തുന്നതുമാണ് ജീലിയുടെ കൂറണ എന്ന് ആര്‍ക്കും സുതരാം വ്യക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."